കരയും കടലുമെടുത്ത് തീര ജീവിതം ദുരിത പൂര്‍ണം
വി.എസ് പ്രമോദ്#
ബംഗ്ലാദേശി ഭാഷയില്‍ ഓഖിയെന്നാല്‍ കണ്ണ് എന്നാണര്‍ഥം. എന്നാല്‍, ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ കണ്ണും കാതുമില്ലാത്ത പരാക്രമമാണു നടത്തിയത്. കേരളത്തിലെ മത്സ്യമേഖലയെയാകെ അതു വന്‍ദുരന്തമായി ബാധിച്ചു.
കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയ്ക്ക് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് വിനാശകാരിയായ ഓഖി ചുഴലിക്കാറ്റായി പരിണമിച്ചത്. അതിതീവ്രം എന്ന വിഭാഗത്തില്‍ പെടുന്ന രണ്ടാം നിരയില്‍പെട്ടതായിരുന്നു ഓഖി. നവംബര്‍ 29 ന് രൂപപ്പെട്ട ന്യൂനമര്‍ദം 30നാണ് അതിശക്തമായ കൊടുങ്കാറ്റായി പരിണമിച്ചത്. 2,538 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഓഖി പോയവഴിയിലെല്ലാം വന്‍ നാശം വിതച്ചു.
ശ്രീലങ്ക, ലക്ഷദ്വീപ്, ദക്ഷിണേന്ത്യ, മാലിദ്വീപ് ഭാഗങ്ങളെ തകര്‍ത്തെറിഞ്ഞു കടന്നുപോയ ഓഖി ആകെ 6500 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണു കണക്ക്. ഗൃഹനാഥന്മാരെ ഓഖി കൊണ്ടുപോയ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ തേങ്ങലുകളും ദുരിതങ്ങളും അവസാനിച്ചിട്ടില്ല. തീരാവേദനയായി ഓഖി ഇപ്പോഴും ഈ കുടുംബങ്ങളില്‍ വീശിക്കൊണ്ടിരിക്കുന്നുണ്ട്.
ഓഖിയില്‍ മരിക്കുകയും കാണാതാവുകയും ചെയ്തവരുടെ കൃത്യമായ കണക്ക് ഇന്നും സര്‍ക്കാരിന്റെ കൈവശമില്ല. 143 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇതിനകം 20 ലക്ഷം രൂപവീതം ധനസഹായം നല്‍കിയിട്ടുണ്ട്. മൃതദേഹം കണ്ടുകിട്ടിയവരുടെ കുടുംബങ്ങള്‍ക്കു കേന്ദ്രം അനുവദിച്ച രണ്ടു ലക്ഷം രൂപവീതവും ലഭിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള 20 ലക്ഷം രൂപ ട്രഷറി അക്കൗണ്ടില്‍ അഞ്ചു കൊല്ലത്തേയ്ക്കാണു നിക്ഷേപിച്ചത്. ഇതിന്റെ പലിശയായ 14,166 രൂപ ബന്ധുക്കള്‍ക്കു മാസംതോറും ലഭിക്കുന്നു.
വിവാഹം തുടങ്ങിയ ആവശ്യങ്ങളുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയാല്‍ പണം മുഴുവനായി പിന്‍വലിക്കുന്നതിനു സംവിധാനം ചെയ്യുമെന്നാണു പറഞ്ഞതെങ്കിലും ഈ ആവശ്യം ഉന്നയിച്ചെത്തിയ പലര്‍ക്കും തുക കിട്ടിയിട്ടില്ല. തമിഴ്‌നട്ടില്‍ ഓഖിയില്‍ മരിച്ച 177 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ചെക്കായും പത്തു ലക്ഷം വീതം സ്ഥിരനിക്ഷേപമായും അവിടത്തെ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഈ രീതി കേരളത്തിലും സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.
ദുരന്തത്തില്‍പ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും ഏറ്റെടുക്കല്‍, വീടു നഷ്ടമായവര്‍ക്ക് ലൈഫ് ഉള്‍പ്പെടെയുളള പദ്ധതികളിലുള്‍പ്പെടുത്തി വീട്, ബോട്ടുള്‍പ്പെടെയുള്ള മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് അതിന്റെ പൂര്‍ണമായ തുക, ജീവഹാനി സംഭവിച്ചവരുടെ ബന്ധുക്കളിലൊരാള്‍ക്കു ജോലി തുടങ്ങിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ല. മരിച്ച മത്സ്യത്തൊഴിലാളികളുടെ ബാങ്ക് വായ്പ തിരിച്ചടയ്‌ക്കേണ്ടെന്ന പ്രഖ്യാപനവും കാറ്റില്‍ ലയിച്ചു.
ഓഖി ദുരന്തം ഒന്നാം വര്‍ഷത്തിലേയ്ക്കു കടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശ്വാസകരമായ ചില തീരുമാനങ്ങളെടുത്തത്. മത്സ്യത്തൊഴിലാളികള്‍ക്ക് 15,000 മത്സ്യബന്ധന യാനങ്ങള്‍ക്ക് 1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയ ഉള്ള നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുള്ള 25.36 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള ഓഖി ഫണ്ടില്‍നിന്ന് അനുവദിക്കും.
ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം, കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്രാതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ച് നാവിക് വിവരം നല്‍കും. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട എട്ടു പേര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേര്‍ക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നല്‍കാനും തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട രജിസ്‌ട്രേഷനും ലൈസന്‍സുമില്ലാത്ത മൂന്നു യൂണിറ്റുകള്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 113 യൂണിറ്റുകള്‍ക്കും 22.52 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയാനും ഇപ്പോഴാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
40,000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ ഭാഗികമായി നഷ്ടപ്പെടുകയും സര്‍ക്കാരിന്റെ പട്ടികയില്‍നിന്നു പെടാതെപോയതിന്റെ പേരില്‍ ആനുകൂല്യം ലഭിക്കാതിരുന്ന കോഴിക്കോട് ജില്ലയിലെ പുത്തന്‍പുരയില്‍ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും ഈ ഒന്നാം വാര്‍ഷിക കാലത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാം എന്നു മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗത്തിലെത്തുമെന്ന ചോദ്യം അവശേഷിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സഹായം
ഓഖി കടലില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടായിരുന്നു. സൈന്യത്തിന്റെ മൂന്നു ഘടകങ്ങളുടെയും സേവനം ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കും സംസ്ഥാനത്തിനുമൊപ്പം നിലകൊണ്ടു. പക്ഷേ, സാമ്പത്തികസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രം പിശുക്കി. 139 കോടി രൂപയാണ് ഓഖി സഹായമായി നല്‍കിയത്.
ഓഖി ബധിത തീരപ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനുമായി 7340 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ നിഷ്‌ക്കരുണം തള്ളി. ഇതോടെ ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കാനുള്ള വഴിയാണടഞ്ഞത്.
ലത്തീന്‍സഭയുടെ ഇടപെടല്‍, പരാതി
ലത്തീന്‍ അതിരൂപതയുടെ കണക്കുപ്രകാരം ഓഖിയില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി ആകെ മരണപ്പെട്ടവരുടെ എണ്ണം 334 ആണ്. കേരളത്തില്‍ മാത്രം മരിച്ചത് 143 പേര്‍. ജോലിക്കായെത്തിയ അസം, ബിഹാര്‍ തുടങ്ങി അന്യസംസ്ഥാനക്കാരായ പത്തോളം തൊഴിലാളികളെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല, കണക്കില്‍പെടാത്ത ഇവരെക്കുറിച്ച് അന്വേഷിക്കാനും ആരുമില്ല.
ഓഖി ഒരു വലിയ പാഠമായിരുന്നെന്നാണു മത്സ്യത്തൊഴിലാളികളും മറ്റും പറയുന്നത്. ഒറീസ, ആന്ധ്ര, തമിഴ്‌നാട് മേഖലകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ തീരം എക്കാലത്തും പ്രക്ഷുബ്ധമായിരുന്നു. ഓഖിയോടുകൂടി പശ്ചിമതീരവും പ്രകൃതിദുരന്ത സാധ്യതാ മേഖലയായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി തുടര്‍ച്ചയായി കാലാവസ്ഥാ മുന്നറിയിപ്പുണ്ടാകുന്നുണ്ട്. അതു പക്ഷേ, ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. മുന്നറിയിപ്പുണ്ടെങ്കിലും പലപ്പോഴും കടല്‍ പ്രക്ഷുബ്ധമാകാറില്ല.
സൂക്ഷ്മവും ശാസ്ത്രീയവും മുന്നറിയിപ്പു സംവിധാനം വേണമെന്നാണു ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജീന്‍ എച്ച്. പെരേരയുടെ അഭിപ്രായം. കാലാവസ്ഥാ സംവിധാനവും അതെങ്ങനെ കൈകാര്യം ചെയ്യുമെന്നുമുള്ളതിന് കൃത്യമായ രൂപരേഖ അത്യാവശ്യമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനങ്ങളായി ലൈഫ് ജാക്കറ്റ്, വയര്‍ലെസ് സെറ്റ്, മറ്റൈന്‍ ആംബുലന്‍സ് സംവിധാനം, അടിയന്തര ഘട്ടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിമാര്‍ക്ക് അധികാരം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുമുണ്ട്.
ഓഖിയുടെ പശ്ചാത്തലത്തില്‍ മറൈന്‍ ആംബുലന്‍സിന് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ഒരുവര്‍ഷം ആകുമ്പോഴും അക്കാര്യത്തില്‍ എന്തു നടപടിയാണുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുരന്ത സമയങ്ങളില്‍ നാവികസേന, വ്യോമ സേന, പ്രാദേശിക സൈനിക കേന്ദ്രങ്ങള്‍ എന്നിവയെ ഏകോപിപ്പിക്കുന്നതിനുള്ള അധികാരം മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാക്കണമെന്ന ലത്തീന്‍ സഭയുടെ ശുപാര്‍ശ ഇനിയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഓഖി സമയത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലമുണ്ടാക്കിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്ന സഭ ഈ നിര്‍ദേശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നില്‍ വച്ചത്.
കേരളത്തില്‍ നിന്നു പോയി ഓഖി ദുരന്തത്തില്‍പെട്ട് മരിച്ച 64 പേരുടെ മൃതദേഹങ്ങളാണ് പിന്നീട് ലഭിച്ചത്. 143 പേരുടെ മരണം ഉറപ്പാക്കിയതില്‍ 79 പേരുടെ മൃതദേഹം കണ്ടെത്താനാകാതെതന്നെ മരിച്ചതായി സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. ഈ 143 പേരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപവീതം നല്‍കി. മരണപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇനിയും സ്ഥിരീകരിക്കപ്പെടാത്ത തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ അഞ്ചുതെങ്ങ് സ്വദേശിയായ ഗില്‍ബര്‍ട്ടിന്റെ കുടുംബത്തിന് മാത്രമാണ് ഇനി ഈ സഹായം ലഭിക്കാനുള്ളത്.
ഓഖി സമയത്ത് കടലില്‍ പോകുകയും വള്ളമോ, വലിയ ബോട്ടോ മറ്റേതെങ്കിലും തരത്തിലുള്ള മത്സ്യബന്ധന യാനം പൂര്‍ണമായും നഷ്ടമായ 84 പേര്‍ക്കും ഭാഗികമായി വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച 24 പേര്‍ക്കും ചെറിയ അറ്റകുറ്റപ്പണികള്‍ വേണ്ടിവന്ന 64 പേര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കി. നഷ്ടത്തിന്റെ അളവ് കണക്കാക്കിയായിരുന്നു ഇത്തരത്തില്‍ തുക അനുവദിച്ചത്. പക്ഷെ വലിയ ബോട്ട് നഷ്ടപ്പെട്ട് 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ പരമാവധി നല്‍കിയത് 14 ലക്ഷം വരെ ആയിരുന്നു.
ഇവരുടെ തൊഴില്‍ നഷ്ടമോ, ജീവനോപാധിയുടെ നാശമോ കുടുംബത്തിന്റെ ഉപജീവനമോ ഒന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നത് പരാതിക്ക് കാരണമായിട്ടുണ്ട്. ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ വിവാഹം, കുട്ടികളുടെ പഠനം, അവര്‍ക്കുള്ള കടബാധ്യതകള്‍ ഇങ്ങനെയുള്ളവ എങ്ങനെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തില്‍ ഒരു രൂപരേഖയുമുണ്ടായില്ല. ഇതോടെ മുന്‍പ് ബോട്ടും വള്ളവും ഉണ്ടായിരുന്ന ഉടമകള്‍ ഇന്ന് മത്സ്യത്തൊഴിലാളികളായി മാറി.
ഓഖി സമയത്ത് ആരോഗ്യവകുപ്പ് ശക്തമായി പ്രവര്‍ത്തിച്ചപ്പോള്‍ മരണമുഖത്തുനിന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും മാനസികാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇവിടെ ലത്തീന്‍ സഭ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഇത്തരത്തിലുള്ള ഓരോ വീടുകളിലും സഭ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി.
സഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂബിലി ആശുപത്രിയില്‍ പോസ്റ്റ് ട്രോമാകെയറിനായി പ്രത്യേക വര്‍ഡ് തന്നെ തുറന്നു. ഓരോ മത്സ്യത്തൊഴിലാളിയുടേയും കുടുംബത്തിന് അഞ്ച് വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും സഭ ഏര്‍പ്പെടുത്തി. ദുരന്തബാധിത മേഖകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനവും സഭ ആരംഭിച്ചു. കടലില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ നിന്നുള്ള 40 പേര്‍ക്ക് സര്‍ക്കാര്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി നല്‍കിയപ്പോള്‍ സഭ ഈ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷക്കായി ദീര്‍ഘകാല പദ്ധതികളാണ് രൂപീകരിച്ചത്.
വിധവകളായ സ്ത്രീകളെ ഏകോപിപ്പിച്ച് തൊഴില്‍ പരിശീലനം, അതിനുവേണ്ട ധനസഹായം, പദ്ധതിയുടെ നടത്തിപ്പ് തുടങ്ങി എല്ലാ കാര്യത്തിനും മേല്‍നോട്ടം വഹിക്കുന്നു. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും ജോലി ലഭിക്കുന്നതിനും മുന്‍ഗണന നല്‍കാനും തീരുമാനമുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കുന്ന പദ്ധതി ഭാവിയില്‍ നടപ്പിലാക്കാനും സഭ ആലോചിക്കുന്നുണ്ടെന്ന് ഫാ.യൂജീന്‍ പെരേര പറയുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."