HOME
DETAILS

വഴികാട്ടിയാകട്ടെ ഈ സൗഹൃദ മാതൃക

  
backup
July 30 2017 | 00:07 AM

veenduvicharam-friendship

സൗഹൃദസംഭാഷണത്തിനിടയില്‍ പ്രിയസുഹൃത്ത് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞ മറ്റൊരാളുടെ അനുഭവ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. കേരളത്തിലുടനീളം വര്‍ഗീയവിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തിവന്ന ഒരു സാമുദായികസംഘടനാ നേതാവിനെ കാണാന്‍ അവരുടെ വീട്ടില്‍ ചെന്ന മുതീഉല്‍ ഹഖ് ഫൈസി എന്ന യുവാവിന്റേതായിരുന്നു ആ അനുഭവം.
മുതീഉല്‍ ഹഖ് ഫൈസി ആ സന്ദര്‍ശനത്തിനു പ്രത്യേകമായ ഉദ്ദേശ്യമുണ്ടായിരുന്നു. ഏറെക്കാലമായി അവരുടെ പ്രസംഗം കടുത്ത രൂപത്തിലുള്ളതാണ്. അതിരൂക്ഷമായ തരത്തിലാണ് അവര്‍ മറ്റു സമുദായങ്ങളെ വിമര്‍ശിച്ചിരുന്നത്. ആ പ്രസംഗം കേട്ടാല്‍ മതാന്ധതയുള്ള ആരുടെയും ചോരതിളയ്ക്കും.
ഇത്തരം വിദ്വേഷപ്രസംഗങ്ങളെ അതേ നാണയത്തിലോ അതിലേറെ വീര്യത്തോടുകൂടിയോ ആണ് തന്റെ സമുദായത്തിലെ ചില തീവ്രാശയക്കാര്‍ നേരിട്ടുകൊണ്ടിരുന്നതെന്നും അതു കൂടുതല്‍ അപകടകരമാണെന്നും മുതീഉല്‍ ഹഖ് ഫൈസി മനസ്സിലാക്കി. അന്യസമുദായക്കാരുമായി കൂട്ടുകൂടുകയോ അവരുടെ വീട്ടില്‍ പോകുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുന്ന ഒരു സാമുദായിക നേതാവിന്റെ പ്രസംഗം വാട്‌സ് ആപ്പില്‍ വൈറലായത് അങ്ങേയറ്റം ഉള്‍ക്കിടിലത്തിലൂടെയാണ് മുതീഉല്‍ ഹഖ് ഫൈസിയും സുഹൃത്തുക്കളും നോക്കിക്കണ്ടത്.
ഇതേ രൂപത്തില്‍ ഇരുവിഭാഗവും വാശിയോടെ നീങ്ങിയാല്‍ നശിക്കുന്നത് നാടിന്റെ സ്വസ്ഥതയും സാഹോദര്യവുമാണെന്ന് അദ്ദേഹം ഭയന്നു. പരസ്പരസൗഹൃദത്തോടെ വിവിധ മതാനുയായികള്‍ പതിറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഈ നാട്ടില്‍ സാമുദായികവിരോധം ഉണ്ടാക്കാതിരിക്കാന്‍ എല്ലാവര്‍ക്കും കൂട്ടായി ശ്രമിച്ചുകൂടേയെന്നും അതിനായി മുന്‍കൈ എടുക്കണമെന്നും അഭ്യര്‍ഥിക്കുകയായിരുന്നു ആ ഗൃഹസന്ദര്‍ശനത്തില്‍ മുതീഉല്‍ ഹഖ് ഫൈസിയുടെ ലക്ഷ്യം.
വീട്ടിലേക്കു ചെല്ലുമ്പോള്‍ ഇത്തിരി അങ്കലാപ്പുണ്ടായിരുന്നു. തന്റെ വാക്കുകള്‍ ചെവിക്കൊള്ളാതെ ഇറക്കിവിട്ടാലോ. എന്തായാലും, സംയമനത്തോടെ കാര്യം അവതരിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ മനസു പറഞ്ഞു. എത്ര കൊടിയ പ്രതികരണങ്ങളുണ്ടായിട്ടും സംയമനം കൈവിടാതെ ആശയപ്രബോധനം നടത്തിയ പ്രവാചകന്റെ മാതൃക അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
സൗഹൃദത്തോടെയാണ് ആതിഥേയ അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാല്‍, താന്‍ വിശ്വസിക്കുന്ന മതത്തിന്റെ സത്തയും നന്മയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന വാക്കുകള്‍ എല്ലാവരും ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുമ്പോഴും അവരുടെ മുഖത്ത് അസ്വാസ്ഥ്യം പടരുന്നത് മുതീഉല്‍ ഹഖ് തിരിച്ചറിഞ്ഞു.
എങ്കിലും, അതൊന്നും ഗൗനിക്കാതെ അദ്ദേഹം സൗഹൃദസംഭാഷണം തുടര്‍ന്നു. സഹോദരസമുദായത്തിലെ ചിലരാല്‍ തെറ്റിദ്ധരിക്കപ്പെട്ട തന്റെ മതത്തിന്റെ യഥാര്‍ഥ സത്ത വിശദീകരിക്കാന്‍ ശ്രമിച്ചു. എല്ലാ സമുദായക്കാരും ഏകോദരസഹോദരന്മാരെപ്പോലെ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു.
ഈ വാക്കുകളെല്ലാം ശ്രദ്ധിച്ചുകേട്ട് ആ നേതാവിന്റെ മാതാവ് വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ വാത്സല്യത്തോടെ മുതീഉല്‍ ഹഖ് ഫൈസിയോട് ഇങ്ങനെ പറഞ്ഞു, ''സിറ്റൗട്ടില്‍ ഇരുന്നു സംസാരിക്കേണ്ട. അകത്തേയ്ക്ക് ഇരിക്കാം.''
സ്വീകരണമുറിയിലിരുന്നു സംസാരിക്കുന്നതിനിടയില്‍ ചായ വന്നു. സംസാരം മുന്നേറുന്നതിനിടയില്‍ അന്തരീക്ഷത്തില്‍ സൗഹൃദത്തിന്റെ സൗരഭ്യം പടര്‍ന്നു. ആ സൗഹാര്‍ദ്ദസംഭാഷണത്തില്‍ വീട്ടിലെ മറ്റുള്ളവരും പങ്കാളികളായി. നേരം പോയതറിയാതെ അവരെല്ലാം മനസ്സു തുറന്നു. അവിടെ തെറ്റിദ്ധാരണയുടെയും അതില്‍നിന്നുയിര്‍ക്കൊള്ളുന്ന വിദ്വേഷത്തിന്റെ കരിനിഴല്‍ വഴിമാറുകയായിരുന്നു.
ആശങ്കകളോടെ ആ വീട്ടിലേയ്ക്കു കടന്നുചെന്നിരുന്ന മുതീഉല്‍ ഹഖ് ഫൈസിയെ ഉച്ചഭക്ഷണം കഴിപ്പിച്ചേ വീട്ടുകാര്‍ വിട്ടുള്ളു. വീണ്ടും വരാമെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങിയത്. ആ വീട്ടിലേയ്ക്കു പോകുമ്പോഴുണ്ടായിരുന്ന ആശങ്ക അപ്പോള്‍ ആ മനസ്സിലുണ്ടായിരുന്നില്ല.
ഈ അനുഭവ കഥ വിവരിച്ചശേഷം സത്താര്‍ പന്തല്ലൂര്‍ ഇങ്ങനെ പറഞ്ഞു, ''വര്‍ഗീയതയെ വര്‍ഗീയതകൊണ്ടു നേരിടുന്നതുകൊണ്ടാണ് ഈ നാട്ടില്‍ അസ്വാസ്ഥ്യമുണ്ടാകുന്നത്. ഇത്തരം ബലപരീക്ഷണങ്ങള്‍ സാമൂഹ്യാന്തരീക്ഷം മോശമാക്കാനേ സഹായിക്കൂ. സാമുദായിക വിദ്വേഷത്തിന്റെ കണ്ണട ധരിച്ചല്ല, മാനുഷികതയുടെ നിറമനസ്സോടെയാണു നമ്മള്‍ ഓരോ പ്രശ്‌നത്തെയും സമീപിക്കേണ്ടത്. മുതീഉല്‍ ഹഖ് ഫൈസിയുടെ അനുഭവം അതാണു തെളിയിക്കുന്നത്.''
സത്താര്‍ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത വരികള്‍ ഇങ്ങനെ: 'വിഷംചീറ്റിവരുന്ന വര്‍ഗീയ ഫാസിസ്റ്റുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണല്ലോ ചില അല്‍പന്മാര്‍ ചെയ്തത്. അതിനു കഴിയാത്തവര്‍ ഹിജ്‌റ പോകാനും തുടങ്ങി. സ്വയംഗവേഷകര്‍ മതത്തില്‍ ഇടപെട്ടു തുടങ്ങിയപ്പോള്‍ മാത്രമാണു ശത്രുക്കള്‍ക്ക് ആയുധം ലഭിച്ചുതുടങ്ങിയത്.'
സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും മാര്‍ഗത്തിലൂടെ അക്ഷരാര്‍ഥത്തില്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണു സമസ്തയുടെ വിദ്യാര്‍ഥിസംഘടനയായ എസ്.കെ.എസ്.എസ്.എഫ് എന്നു സത്താര്‍ പറഞ്ഞു. മാനസികമായി അതിവേഗം അകന്നുകൊണ്ടിരിക്കുന്ന, സാമുദായികവിദ്വേഷത്തിന്റെ മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദവും സമാധാനവും തിരിച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന തോന്നലാണ് ഇത്തരമൊരു ശ്രമത്തിലേക്കു തങ്ങളെ നയിച്ചതെന്നു സത്താര്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണു ദേശീയോദ്ഗ്രഥന പ്രചാരണം ആചരിക്കുന്നത്. തുടര്‍പ്രക്രിയയുടെ തുടക്കം മാത്രമാണിത്.
ഗ്രാമങ്ങള്‍തോറും സൗഹൃദക്കൂട്ടായ്മകള്‍ സംഘടിപ്പിച്ചു പരസ്പരം ഉള്ളുതുറന്നു സംസാരിക്കാന്‍ വേദിയൊരുക്കുകയാണു പ്രധാനമായും ചെയ്യുന്നത്. അതില്‍ ഔപചാരികതകളൊന്നുമുണ്ടാകില്ല. പൂര്‍ണമായും മനസ്സുതുറക്കാം. ഓരോ മതവിശ്വാസിക്കും അവനവന്റെ മതത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടുതന്നെ അപരന്റെ മതത്തെയും വിശ്വാസത്തെയും ആദരിക്കാന്‍ കഴിയുമെന്നു വന്നാല്‍ ഈ നാട്ടില്‍ എങ്ങനെയാണു വര്‍ഗീയമായ പോരാട്ടം ഉണ്ടാകുകയെന്ന തിരിച്ചറിവിന്റെ ഫലമാണിത്.
ഓരോ മതത്തിന്റെയും യഥാര്‍ഥ സത്ത ഉള്‍ക്കൊള്ളാനാകുന്നവര്‍ക്ക് ഒരു കാര്യം അറിയാം, അവയൊന്നും മനുഷ്യമനസ്സില്‍ വിദ്വേഷത്തിന്റെ വിഷവിത്ത് പാകുന്നില്ല. പരമകാരുണികനും കരുണാനിധിയുമായ പ്രപഞ്ചനാഥനെ മാത്രമേ വണങ്ങാന്‍ പാടുള്ളുവെന്ന് ഉദ്‌ബോധിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. സകലലോകത്തിനും കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ആ നാഥന്‍ തന്റെ ദൂതനെ അയച്ചത്. അത്തരമൊരു മതത്തിനെങ്ങനെയാണ്, അതിന്റെ വക്താക്കളാണെന്നു കരുതുന്ന ചിലര്‍ പ്രചരിപ്പിക്കുമ്പോലെ അന്യമതക്കാരനെ വെറുക്കാനും അവനോടു സംസാരിക്കാതിരിക്കാനും കഴിയുക.
ലോകാഃ സമസ്താഃ സുഖനോ ഭവന്തു എന്ന തത്വത്തിന്റെ പൊരുള്‍ ഏതെങ്കിലും ഒരു സമുദായത്തിനു മാത്രം സൗഖ്യമുണ്ടാകട്ടേയെന്നല്ല. മനുഷ്യരാശിക്കു മാത്രം സുഖം ആശംസിക്കലുമല്ല അത്. ഈ പ്രപഞ്ചത്തിലെ ചരാചരങ്ങള്‍ക്കെല്ലാം സൗഖ്യം നേരലാണ്. അത്തരമൊരു പാരമ്പര്യത്തിനെങ്ങനെയാണു മറ്റൊരു സമുദായത്തില്‍ പിറന്നവനെ ശത്രുവായി കാണാന്‍ കഴിയുക.
ശത്രുവിനെയല്ല, ശത്രുതയെയാണ് ഇല്ലായ്മ ചെയ്യേണ്ടത്. ആ ധര്‍മമാണ് എസ്.കെ.എസ്.എസ്.എഫ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നാണു സത്താര്‍ പറഞ്ഞത്.
നല്ലതു ചെയ്യുന്നവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുമോ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago