വയനാട് സംഭവം: 11 നിര്‍ദേശങ്ങളുമായി ഡി.പി.ഐ എല്ലാ സ്‌കൂളുകളിലും 30ന് മുന്‍പ് പി.ടി.എ മീറ്റിങ് വിളിക്കണം
തിരുവനന്തപുരം: വയനാട് ഗവണ്‍മെന്റ് സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ഈ മാസം മുപ്പതിനകം പി.ടി.എ മീറ്റിങ് വിളിച്ചു ചേര്‍ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ക്ലാസ് മുറികളിലും കോംപൗണ്ടിലെ കെട്ടിടങ്ങളിലും മതിലുകളിലും ടോയ്‌ലറ്റുകളിലും ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കില്‍ ഡിസംബര്‍ അഞ്ചിന് മുന്‍പ് അടയ്ക്കണമെന്നും ഡി.പി.ഐ നിര്‍ദേശിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഡി.പി.ഐ സര്‍ക്കുലറില്‍ അറിയിച്ചു. ഇതിനായി 11 നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ പരിസരത്ത് പാഴ് വസ്തുക്കളും മാലിന്യങ്ങളും കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ ഉടനടി അത് വൃത്തിയാക്കണം. ഇതിനായി ജനകീയ കാംപയിന്‍ സംഘടിപ്പിക്കണം. ടോയ്‌ലറ്റുകളില്‍ വെളിച്ചമില്ലെങ്കില്‍ ലൈറ്റുകള്‍ സ്ഥാപിക്കണം. വിദ്യാര്‍ഥികള്‍ക്ക് പാദരക്ഷകള്‍ ഉപയോഗിക്കുന്നതിന് യാതൊരു കാരണവശാലും വിലക്കേര്‍പ്പെടുത്തരുത്. വിദ്യാര്‍ഥികളുടെ ചെറിയ അസ്വസ്ഥതകള്‍ക്കുപോലും ശ്രദ്ധ നല്‍കി ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും ഉപയോഗിക്കണം. അധ്യയന സമയത്തിന് ശേഷം ക്ലാസ്മുറികളുടെ വാതിലും ജനലുകളും ഭദ്രമായി പൂട്ടണം. ഇക്കാര്യങ്ങളില്‍ പി.ടി.എയും പ്രഥമധ്യാപകരും അധ്യാപകരും അനധ്യാപകരും അതീവ പ്രാധാന്യം നല്‍കി നടപ്പില്‍ വരുത്തണം. ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയെന്ന് ഡിസംബര്‍ 12ന് വൈകിട്ട് നാലിന് മുന്‍പായി വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."