1. പശുജന്മം
തൂങ്ങി മരിക്കാനാണ് ഹോസ്റ്റല്‍മുറിയിലെ മേശയില്‍ കയറിയത്. കുരുക്കിട്ട കയറിലേക്ക് തല കടത്തുമ്പോള്‍ തലയിലെന്തോ മുഴ...! അതില്‍ പിടിച്ചപ്പോള്‍ കൊമ്പുകള്‍ എഴുന്നുനില്ക്കുന്നു...! ചാടിയിറങ്ങിയപ്പോള്‍ പാദങ്ങളില്‍നിന്ന് കുളമ്പൊച്ചകള്‍ കേട്ടു. നിവര്ന്നുനില്ക്കാനുള്ള ശേഷി നഷ്ടപ്പെട്ട് കൈകള്‍ കുത്തി നടന്നു. കണ്ണാടിക്കരികിലെത്തിയപ്പോള് മനസിലായി ഞാനൊരു പശുവായിരിക്കുന്നുവെന്ന്...!
വാല് ചുഴറ്റി മുറിയില്‍നിന്നു പുറത്തുകടന്നപ്പോള്‍ ഞങ്ങളെ വംശീയമായി അധിക്ഷേപിക്കാറുള്ള വിദ്യാര്‍ഥികള്‍ തൊഴുകൈകളോടെ നില്ക്കുന്നതു കണ്ടു. ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ എന്നും വിവേചനത്തോടെ പെരുമാറുന്ന വാര്ഡന് എന്റെ നെറ്റിയില്‍ തൊട്ട വിരലുകള്‍ നെറുകില്‍ വച്ചെന്തോ മന്ത്രിക്കുകയാണ്. എനിക്കും കൂട്ടുകാര്‍ക്കുമെതിരേ കള്ളക്കേസുകളുണ്ടാക്കിയ വിദ്യാര്‍ഥികള്‍ മൈതാനത്തുവച്ച് ഗോമാതാ കീ ജയ്...എന്നാര്‍പ്പു വിളിക്കുന്നു.
യൂനിവേഴ്സിറ്റിയില്‍നിന്ന് ഞങ്ങളെ പുറത്താക്കിയ വൈസ് ചാന്‍സലര്‍ കാറില്‍ നിന്നിറങ്ങി എന്നെ വന്ദിക്കുന്നു. റോഡിലേക്കെത്തിയപ്പോള്‍ എങ്ങോട്ടു പോകണമെന്നറിയാതെ നിന്നു. ഇത്രയും കാലത്തെ മനുഷ്യജന്മത്തില് ലഭിക്കാത്ത സ്നേഹവാത്സല്യങ്ങളെല്ലാം അനുഭവിക്കാനായി ഞാന്‍ തലസ്ഥാനത്തേക്കു നീണ്ടുകിടക്കുന്ന പാത തന്നെ തിരഞ്ഞെടുത്തു, അങ്ങോട്ടു കുതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."