നീതിയുടെ വികൃതി
ഉപ്പയെക്കുറിച്ച് ചിലതെല്ലാം അവനറിയാമായിരുന്നു. എങ്കിലും ഉറക്കം ഞെട്ടിയുണരുന്ന രാത്രികളില്‍ ചുണ്ടുകളില്‍ ചോദ്യങ്ങളുയരും.
ഇനിയെന്നാണ് ഉപ്പ വരിക? എന്തിനാണുമ്മാ, പത്രങ്ങളെല്ലാം ഉപ്പയെക്കുറിച്ചെഴുതുന്നത്, ഉപ്പയുടെ ഫോട്ടോക്കരികില്‍ കുരുക്കിട്ട കയര്‍ ചേര്‍ത്തതെന്തിനാണ്? അവളപ്പോഴെല്ലാം അവനെ നെഞ്ചോടു ചേര്‍ത്തുതാരാട്ടു പാടിയുറക്കും.
ഒരു ദിവസം രാത്രി അവള്‍ പറഞ്ഞു: 'മകനേ, ഉപ്പയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു...!'
'ഇനിയെനിക്ക് ഉപ്പയെ ഒരു നോക്കു കാണാനാവുമോ...?'
'തീര്‍ച്ചയായും, ഇനി ഉപ്പയിവിടെ വരും, കൂടെ സൈനികരുമുണ്ടാവും. പെട്ടിയില്‍ അനക്കമറ്റു കിടക്കുന്ന ഉപ്പയെ നിനക്ക് തൊടാം. നെറ്റിയില്‍ ചുംബിക്കാം. നിന്നെ താലോലിച്ച കൈകളില്‍ മുത്തം കൊടുക്കാം. പിന്നെ, ഉപ്പ നമ്മുടെ മണ്ണില്‍ നമുക്കരികിലുണ്ടാവും. നിനക്കെന്നും ഉപ്പയുടെ ഖബറില്‍ ചെന്ന് പ്രാര്‍ഥിക്കാം.'-അവളവനിലേക്ക് ചേര്‍ന്നുകിടന്ന് മുടിയിഴകള്‍ തലോടി.
അവന്‍ നിറയെ പ്രതീക്ഷകളുമായി പ്രഭാതത്തെ കാത്തുകിടന്നു. വീട്ടില്‍നിന്നു പുറത്തിറങ്ങി, താഴ്‌വരയിലൂടെ വീശുന്ന തണുത്ത മഞ്ഞുകാറ്റില്‍ ദൈവത്തോടു നന്ദിപറഞ്ഞ് പൈന്‍മരച്ചോട്ടില്‍ നിന്നു. പക്ഷേ, അന്നത്തെ പത്രം നീറുന്ന വാര്‍ത്തകളുമായി താഴ്‌വരയിലേക്കു വരുന്നത് ആ ഉമ്മയും മകനും അറിയുന്നുണ്ടായിരുന്നില്ല. ദയാഹരജി തള്ളിയ ഉടനെ ബന്ധുക്കളെപ്പോലും അറിയിക്കാതെ അയാളെ തൂക്കിലേറ്റി, ജയില്‍ വളപ്പില്‍ മറവുചെയ്തു.
*ഓര്‍മകളുണ്ടായിരിക്കണം:
അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."