ഷഹ്‌ല ഇല്ലാത്ത വീട്ടിലേക്ക് നേതാക്കളുടെ പ്രവാഹം: കുടുംബത്തോട് മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്നും മന്ത്രി
സുല്‍ത്താന്‍ ബത്തേരി: സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ വീട്ടിലേക്ക് മന്ത്രിമാരുടെയും നേതാക്കളുടെയും പ്രവാഹം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, പി.ജെ ജോസഫ് എം.എല്‍.എ തുടങ്ങിയവരാണ് ഇന്ന് ഇവരുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ശനിയാഴ്ച്ച രാവിലെ 7.45 ഓടെയാണ് മന്ത്രിമാര്‍ വീട്ടിലെത്തിയത്. ഷഹ്ലയുടെ പിതാവ് അസീസിനേയും മാതാവ് സജ്നയേയും ബന്ധുക്കളെയും അവര്‍ ആശ്വസിപ്പിച്ചു. മന്ത്രി കുടുംബത്തോട് മാപ്പ് ചോദിച്ചു.
പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത്. ഇനി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റക്കാര്‍ക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകാന്‍ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അരമണിക്കൂര്‍ വീട്ടില്‍ ചെലവഴിച്ചശേഷം മന്ത്രിമാര്‍ കുട്ടി പഠിച്ചിരുന്ന ബത്തേരി ഗവ.സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമെത്തി. പാമ്പ് കടിയേറ്റ ക്ലാസ് മുറിയും മുറിക്കുള്ളിലെ മാളവും കണ്ടു. സ്‌കൂള്‍ അധികൃതരോടും വിവരങ്ങള്‍ ആരാഞ്ഞ് മടങ്ങി. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍, എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജയപ്രസാദ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രിയും സംഘവും മടങ്ങിയതിനുശേഷമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘങ്ങളെത്തി കുടുംബത്തെ കണ്ട് കാര്യങ്ങള്‍ ആരാഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."