പെരുമ്പാവൂരില്‍ പിടിയിലായ ബോഡോ തീവ്രവാദികളെ അസമിലേക്ക് കൊണ്ടുപോകും
പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം മണ്ണൂരില്‍ നിന്നും പിടിയിലായ ബോഡോ തീവ്രവാദികളെ ഇന്നലെ ഉച്ചകഴിഞ്ഞ് കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി. ഇവരെ കൊണ്ട് പോകുന്നതിനായി പ്രൊഡക്ഷന്‍ വാറണ്ടുമായി അസം പൊലിസ് എത്തിയിട്ടുണ്ട്. തീവ്രവാദ കേസുകളില്‍ പിടിയിലാകുന്ന ഭീകരരെ ഒന്നിച്ചുകൊണ്ട് പോകരുതെന്ന നിയമം ഉള്ളതിനാലും സുരക്ഷയെ കരുതിയും ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി ഓരോരുത്തരെ വിമാന മാര്‍ഗം അസമിലേക്ക് കൊണ്ട് പോകാനാണ് പൊലിസ് നീക്കം.മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശികളായ മൂന്ന് പേരെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന ഡോ.ജെ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. അസം ക്രോക്രജാര് ജില്ലാ സ്വദേശികളായ മനു ബസുമതാറി (25) പ്രിതം ബസുമതാറി (24) ദും കേദു ബര്‍മ(35) എന്നിവരാണ് അറസ്റ്റിലായത്.
മ്യാന്മറില് നിന്നും മെഷീന് ഗണ്ണുകള്‍ ഉള്‍പ്പെടെയുള്ള തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചവരാണിവരെന്ന് പൊലിസ് പറഞ്ഞു. അസമില്‍ കോക്ക്രജാര് ജില്ലയില്‍ ഗാസിഗോണ് പൊലിസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ യു.എ.പി.എ നിയമപ്രകാരവും, ആംസ് ആക്ട് പ്രകാരവും വധശ്രമത്തിനും കേസുകള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."