ഗുരുവായൂരില്‍ ഇല്ലംനിറ ആഘോഷിച്ചു
ഗുരുവായൂര്‍: കാര്‍ഷീക സമൃദ്ധിയുടെ നാളുകളായ ചിങ്ങപ്പിറവിയുടെ വരവറിയിച്ചു നടക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ഇല്ലംനിറ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ 7.50മുതല്‍ 8.50കൂടിയുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. പുതുതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ ലക്ഷ്മീ പൂജ ചെയ്ത് ഗുരുവായൂരപ്പന് സമര്‍പ്പിച്ച് ശ്രീലകത്ത് നിറച്ചാര്‍ത്തൊരുക്കുന്ന ചടങ്ങാണ് ഇല്ലംനിറ.
അടിയന്തര പ്രവര്‍ത്തിക്കാരായ പത്തുകാരായ വാര്യര്‍മാര്‍ ശുദ്ധമാക്കിയ ശേഷം അരിമാവണിഞ്ഞ് ക്ഷേത്ര ഗോപുരത്തിന് മുന്‍വശംവെച്ച വലിയ നാക്കിലകളില്‍ പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബക്കാര്‍ കൊണ്ടു വന്ന കതിര്‍കറ്റകള്‍ സമര്‍പ്പിച്ചു. കല്യാണ മണ്ഡപത്തിന് സമീപത്ത് നിന്ന് കതിര്‍കറ്റകള്‍ തലചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും, ദീപസ്തംഭവും മൂന്നു തവണ വലം വെച്ച ശേഷമാണ് കതിര്‍ക്കറ്റകള്‍ സമര്‍പ്പിച്ചത്.
കീഴ്ശാന്തി പൂജാ മണി കിലുക്കി കതിര്‍കറ്റകളില്‍ തീര്‍ഥം തളിച്ച് ശുദ്ധിവരുത്തി. തിങ്ങിനിറഞ്ഞ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്ന നാരായണ നാമജപവും, നിറവിളിയും ശംഖുനാദവും, ചെണ്ടയുടെ വലംതല മേളവും കൊണ്ട് ഈ സമയം ഭഗവത് സന്നിധി ഭക്തിസാന്ദ്രമായി.
ഇതിനുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയ്യൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് ഉരുളി തലയിലേറ്റി നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. ഇദ്ദേഹത്തിനു പിന്നാലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിര്‍ക്കറ്റകളുമായി പിന്നില്‍ നീങ്ങി.
കതിര്‍കറ്റകള്‍ ഗുരുവായൂരപ്പന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ സമര്‍പ്പിച്ചു. മേല്‍ശാന്തി ഹരീഷ് നമ്പൂതിരി ലക്ഷ്മിപൂജ നടത്തി കതിരുകള്‍ ചൈതന്യവത്താക്കി. ഇതിനുശേഷം ഒരുപിടി നെല്‍കതിര്‍ പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ഗുരുവായൂരപ്പന്റെ ശ്രീലകത്ത് ചാര്‍ത്തി. ഇതോടെ ഇല്ലംനിറയുടെ ചടങ്ങ് സമാപിച്ചു. പൂജിച്ച നെല്‍കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."