കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ടം ഇന്നു മുതല്‍
കോഴിക്കോട്: അയല്‍ക്കൂട്ടങ്ങളെ ശക്തിപ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും സമഗ്രവുമാക്കുന്ന കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാംഘട്ടത്തിന് ജില്ലയില്‍ ഇന്നു തുടക്കമാവും. കുടുംബശ്രീ ഇന്നു നേരിടുന്ന വെല്ലുവിളികളെയും പരിമിതികളെയും മറികടക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനും അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അറിവു പകരുകയും അംഗങ്ങളില്‍ സാമൂഹ്യ അവബോധം സൃഷ്ടിക്കുകയുമാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി കവിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഴ്ചയില്‍ ഒന്നുവീതം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറു ക്ലാസുകളിലൂടെയാണു പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഏഴ് അയല്‍ക്കൂട്ടത്തിന് ഒന്ന് എന്ന തോതില്‍ തിരഞ്ഞെടുക്കപ്പെട്ട സ്വയം സന്നദ്ധരായ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സന്‍മാരുടെ നേതൃത്വത്തിലാണ് ഓരോ എ.ഡി.എസിലും ക്ലാസുകള്‍ സംഘടിപ്പിക്കുക. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ പദ്ധതികള്‍, അയല്‍ക്കൂട്ട കണക്കെഴുത്ത്, കുടുംബ ധന മാനേജ്‌മെന്റ്, മൈക്രോ സംരംഭങ്ങളിലൂടെ ഉപജീവനം, ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ കുടുംബശ്രീയുടെ പങ്ക് എന്നീ പാഠ്യപദ്ധതികളിലൂന്നിയാണ് രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂളിന്റെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 13 വരെയാണ് സ്‌കൂള്‍ സംഘടിപ്പിക്കുക.
കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 11ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഉപജീവനോപാധികള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നഷ്ടമായവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീമിന്റെ(ആര്‍.കെ.എല്‍.എസ്) ഡിസ്‌കൗണ്ട് കാര്‍ഡ് വിതരോണോദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. വിവിധ തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി കവിത, എ.ഡി.എം സി.ടി ഗിരീഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍.കെ ശ്രീഹരി, അനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."