റാഫേല്‍ ചാരമായിട്ടില്ല
റാഫേല്‍ കരാറില്‍ ഇന്ത്യയിലെ ഓഫ്‌സെറ്റ് പാര്‍ട്ണറായ അനില്‍ അംബാനിക്കെതിരേ സമീപകാലത്ത് രണ്ട് ചൈനീസ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത് 925.2 മില്യന്‍ ഡോളറിന്റെ വായ്പാ കുടിശ്ശിക വരുത്തിയതിനാണ്. ദി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈനയും ചൈന ഡവലപ്‌മെന്റ് ബാങ്കും 2012ല്‍ അനില്‍ അംബാനിക്ക് പണം നല്‍കിയത് വ്യക്തിഗത ഈടിലായിരുന്നു. ആദ്യഘട്ടത്തില്‍ ചില തിരിച്ചടവുകള്‍ നടന്നു. പിന്നീട് അതില്ലാതായി. 46,000 കോടിയിലധികമാണ് അനില്‍ രാജ്യത്തും പുറത്തുമുള്ള 40 ബാങ്കുകള്‍ക്കായി നല്‍കാനുള്ളത്. ഓഹരി ഇടപാടുകാര്‍ക്ക് നല്‍കാനുള്ള കോടികളില്‍ മറ്റൊരു കേസുണ്ട്. കടംവീട്ടാന്‍ മുംബൈയിലെ ഓഫിസ് വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ച സ്ഥലം ഏറ്റെടുക്കാന്‍ പണമില്ലാതെ തിരിച്ചുകൊടുക്കാന്‍ പോകുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം ക്വാര്‍ട്ടറില്‍ 30,142 കോടിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നഷ്ടം. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ ചരിത്രത്തില്‍ ഒരു കമ്പനി ചെറിയ കാലയളവില്‍ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ നഷ്ടമാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 1.141 കോടിയായിരുന്നു റിലയന്‍സിന്റെ കടം. ഗതി മുട്ടിയപ്പോള്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അനില്‍ രാജിവച്ചു. ഈ അംബാനിയെയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫ്‌സെറ്റ് പാര്‍ട്ണറായി തീരുമാനിച്ചതെന്നത് മാത്രമല്ല റാഫേല്‍ കേസിലെ അഴിമതി.
പ്രകടമായ അഴിമതി ആരോപിക്കപ്പെടുന്ന സംഭവത്തില്‍ പ്രാഥമികാന്വേഷണം പോലും നടത്താതിരിക്കാന്‍ എങ്ങനെയാണ് സി.ബി.ഐക്ക് കഴിയുകയെന്ന ചോദ്യമാണ് റാഫേല്‍ പുനഃപരിശോധനാ ഹരജി തള്ളിയ ശേഷം ഹരജിക്കാരായ അരുണ്‍ഷൂരിയും പ്രശാന്ത്ഭൂഷണും ഡല്‍ഹി പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. അരുണ്‍ഷൂരി ഒരു കാര്യം കൂടി പറഞ്ഞു. കോടതി ഹരജി തള്ളിയെന്നു കരുതി എല്ലാം അവസാനിക്കില്ല. റാഫേലില്‍ അഴിമതി വ്യക്തമാണ്. അത് പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കാന്‍ അവസരം ലഭിച്ചുവെന്നതാണ് ഇതിലെ ഞങ്ങളുടെ വിജയം. പ്രശ്‌നം അവിടെ തന്നെ കിടക്കും. കേസെടുക്കാനും നിയമ പോരാട്ടത്തിനുമുള്ള വാതില്‍ അടഞ്ഞിട്ടില്ല. അരുണ്‍ഷൂരി പറയുന്നതില്‍ വസ്തുതയുണ്ട്. അത്ര പെട്ടെന്ന് ചാരമാക്കാവുന്ന കേസല്ല റാഫേല്‍. യു.പി.എ കാലത്തെ കരാര്‍ വ്യവസ്ഥകള്‍ റദ്ദാക്കി മോദി സര്‍ക്കാര്‍ പുതിയ കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചത് മുതല്‍ ഓരോ ഘട്ടത്തിലും വ്യക്തമായ അഴിമതിയുണ്ടായിട്ടുണ്ട്. സാങ്കേതിക വിദ്യാ കൈമാറ്റവും പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന്റെ പങ്കാളിത്തവുമുള്‍പ്പെടെ വിമാനമൊന്നിന് 526 കോടി യു.പി.എ സര്‍ക്കാര്‍ വില നിശ്ചയിച്ചിരുന്ന റാഫേല്‍ വിമാനം ആ കരാര്‍ റദ്ദാക്കി മോദി സാങ്കേതിക വിദ്യയോ എച്ച്.എ.എല്ലിന്റെ പങ്കാളിത്തമോ ഇല്ലാതെ വിമാനമൊന്നിന് 1,690 കോടി നല്‍കി വാങ്ങിയതാണ് ഇതിലെ ആര്‍ക്കും വ്യക്തമാകുന്ന പ്രാഥമിക അഴിമതി.
മാത്രമല്ല 126 വിമാനം വാങ്ങാനുള്ള കരാര്‍ റദ്ദാക്കി അത് 36 വിമാനമാക്കി കുറച്ചു. റാഫേല്‍ കേസിലെ പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളിയത് റാഫേലില്‍ അഴിമതി നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയല്ലെന്നോര്‍ക്കണം. മറിച്ച് പ്രതിരോധ കരാറില്‍ ഇടപെടാനുള്ള കോടതിയുടെ പരിമിതി ചൂണ്ടിക്കാട്ടിയാണ്. അതുകൊണ്ട് തന്നെ റാഫേല്‍ അഴിമതി എക്കാലത്തും മോദി സര്‍ക്കാരിനു മേല്‍ ഡമോക്ലസിന്റെ വാളായി നിലനില്‍ക്കും. കോടതിക്ക് ഈ ഘട്ടത്തില്‍ കഴിയാത്തത് മറ്റൊരു ഘട്ടത്തില്‍ കഴിയും. സി.ബി.ഐക്ക് എപ്പോള്‍ വേണമെങ്കിലും കേസെടുക്കാം. അതിന് തടസമാകാത്ത വിധം തന്റെ വിധിയില്‍ അഴിമതി ബോധ്യപ്പെട്ടാല്‍ സി.ബി.ഐക്ക് കേസെടുക്കാമെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് പുനഃപരിശോധനാ ഹരജി പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളിലൊരാളായ ജസ്റ്റിസ് കെ.എം ജോസഫ്. മറ്റു രണ്ടുപേരുടെയും വിധി ഇതിനെ എതിര്‍ക്കാത്തതിനാല്‍ ഈ ഭാഗം നിലനില്‍ക്കും. മോദിക്ക് റാഫേല്‍ എക്കാലത്തേക്കുമുള്ള കുരുക്കാകാന്‍ പോകുന്നത് അങ്ങനെയാണ്.
കരാറിന്റെ തുടക്കത്തില്‍ തന്നെ അഴിമതിക്ക് സൗകര്യമൊരുക്കുംവിധം വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. അതിനായി ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ അപ്രൂവ് ചെയ്തതില്‍നിന്ന് എട്ടു മാറ്റങ്ങള്‍ അന്തിമ കരാറില്‍ വരുത്തി. അതില്‍നിന്ന് അഴിമതി തടയുന്ന വ്യവസ്ഥകളും എടുത്തു കളഞ്ഞു. ഇതോടെ എല്ലാം സുരക്ഷിതമായെന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യം. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ കരാര്‍ പ്രഖ്യാപിച്ചത് മുതല്‍ അഴിമതിയുടെ വിവരങ്ങളും പൊങ്ങിവന്നു. എന്നാല്‍ എല്ലാം മറച്ചുവയ്ക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം.
കേസ് സുപ്രിംകോടതിയിലെത്തിയിട്ടും കരാറില്‍ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കോടതിക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയാറായില്ല. ആദ്യം ചര്‍ച്ച നടത്തിയ ഏഴംഗ സംഘത്തിലെ മൂന്നംഗങ്ങള്‍ വിമാനത്തിന്റെ ബെഞ്ച്മാര്‍ക്ക് വിലയിലധികം നല്‍കുന്നതിനെതിരേ മുന്നറിയിപ്പ് തന്നതാണ്. അഞ്ചു മില്യന്‍ യൂറോയായിരുന്നു ബെഞ്ച്മാര്‍ക്ക് വിലയായി നിശ്ചയിച്ചത്. എന്നാല്‍ അന്തിമ കരാറൊപ്പിട്ടത് ഇതിന്റെ 55.6 ശതമാനം ഉയര്‍ന്ന വിലക്കായിരുന്നു. സോവറിന്‍ ഗ്യാരണ്ടി വ്യവസ്ഥയും ഈ അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് എടുത്തുകളഞ്ഞത്. ഇതിനു പകരം ഫ്രാന്‍സ് നല്‍കിയ ലെറ്റര്‍ ഓഫ് കംഫര്‍ട്ടിന് കടലാസിന്റെ വിലപോലുമില്ല. ഇതിനെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഗ്യാരണ്ടിയാണെന്ന് മോദി സര്‍ക്കാര്‍ കോടതിയിലും കള്ളം പറഞ്ഞത്.
കറാറില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയത് സമാന്തര ചര്‍ച്ചകളെയും അതില്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെയും സുപ്രിംകോടതിയില്‍നിന്ന് മറച്ചുവയ്ക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ ഹരജിക്കാന്‍ തന്നെ രേഖകള്‍ കോടതിയിലെത്തിച്ചതോടെ രാജ്യസുരക്ഷയെന്ന കപട നാട്യത്തിലൊളിക്കുകയായിരുന്നു സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ ഇടപെടല്‍ സര്‍ക്കാര്‍ അവകാശപ്പെടും പോലെ മേല്‍നോട്ടം വഹിക്കലായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. അനില്‍ അംബാനി ഫ്രഞ്ച് പ്രധാനമന്ത്രിയെക്കണ്ട് രഹസ്യചര്‍ച്ച നടത്തിയതും അദ്ദേഹത്തിന്റെ ഭാര്യക്കുവേണ്ടി സിനിമ നിര്‍മിക്കുന്നതും അംബാനിക്ക് ഫ്രാന്‍സ് നികുതിയിളവ് നല്‍കിയതുമെല്ലാം അഴിമതിയുടെ ഭാഗമാണെന്ന് വ്യക്തമായിരുന്നു. കരാറില്‍ ക്രമക്കേടുണ്ടായില്ലെന്ന സി.എ.ജി റിപ്പോര്‍ട്ടിലെ വാദവും അഴിമതിയുടെ തുടര്‍ച്ചയായി. സി.എ.ജി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കുറെ മുന്‍പുതന്നെ സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് സി.എ.ജി കരാറില്‍ അപാകത കണ്ടെത്തിയില്ലെന്നാണ്. സി.എ.ജി റിപ്പോര്‍ട്ടില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് സര്‍ക്കാരിന് എങ്ങനെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു.
വിലവിവരം പ്രസിദ്ധപ്പെടുത്താതിരിക്കുന്ന പതിവില്ലെന്ന് സി.എ.ജി അവരുടെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. എന്നാല്‍ റാഫേലിലെ വിലവിവരം പ്രസിദ്ധീകരിച്ചില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്നില്ലാത്ത രാജ്യസുരക്ഷാ പ്രശ്‌നങ്ങള്‍ റാഫേലിന്റെ കാര്യത്തില്‍ മാത്രം എങ്ങനെയുണ്ടാകുന്നു. ബോഫോഴ്‌സ് ഉള്‍പ്പെടെയുള്ള എല്ലാ കേസുകളിലും വിലവിവരം പ്രസിദ്ധീകരിച്ചതാണ്.
2015 ഏപ്രില്‍ 10ന് കരാര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ശേഷം മെയ് 13നാണ് കരാര്‍ ഒപ്പിട്ടതെന്ന കാര്യത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് മൗനം പാലിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ സമാന്തര ചര്‍ച്ച സി.എ.ജി പരിഗണിച്ചില്ല. കരാറിന്റെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഒഴിവാക്കിയതും പരിഗണിച്ചില്ല. പ്രധാന അഴിമതിയായ ഓഫ്‌സെറ്റ് പാര്‍ട്ണര്‍ഷിപ്പ് റിലയന്‍സിന് നല്‍കിയത് പരിഗണിക്കുകയോ അത് പ്രത്യേകമായി ഓഡിറ്റ് നടത്തുകയോ ചെയ്തില്ല. ബാങ്ക് ഗ്യാരണ്ടിയും സോവറില്‍ ഗ്യാരണ്ടിയും ഒഴിവാക്കിയത് പരിഗണിച്ചില്ല. പകരം തട്ടിക്കൂട്ടിയുണ്ടാക്കിയ അവലോകന റിപ്പോര്‍ട്ട് പരിശോധനാ റിപ്പോര്‍ട്ടെന്ന പേരില്‍ സമര്‍പ്പിക്കുകയായിരുന്നു സി.എ.ജി ചെയ്തത്. ഇതാകട്ടെ ഹരജി തള്ളാനുള്ള സൗകര്യപ്രദമായ വാദമായി കോടതി കണക്കാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."