HOME
DETAILS

തിരുവസന്തമേകിയ ആത്മീയാനുഭൂതിയില്‍

  
backup
November 24 2019 | 00:11 AM

birth-anniversary-of-prophet-rasool-24-11-2019

 


കാലത്തിന്റെ ചാക്രിക പ്രവാഹത്തിലെ മറ്റൊരു വസന്ത ഋതുകൂടി വിടപറയുകയാണ്, പരിശുദ്ധ പ്രവാചകര്‍ മുഹമ്മദ് (സ്വ) തങ്ങളുടെ തിരുപ്പിറവിയുടെ പാവന സ്മരണകള്‍ ദിവ്യാനുഭൂതിയാല്‍ പ്രണയജ്വാലകള്‍ തീര്‍ക്കുന്ന പുണ്യദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകമാകമാനമുള്ള ആശിഖീങ്ങള്‍ പ്രണയ സാക്ഷാത്കാരത്തിന്റെ വകഭേദങ്ങള്‍ തേടി ഹൃദയാന്തരങ്ങളെ മദീനയിലേക്കയച്ചു കഴിഞ്ഞു. വിയോഗത്തിന്റെ പതിനാലു നൂറ്റാണ്ടുകള്‍ക്കിപ്പുറവും സര്‍വഗുണവര്‍ണങ്ങളാല്‍ മാരിവില്ല് തീര്‍ത്ത ആ പ്രവാചകന്റെ പവിത്രോര്‍മകള്‍ക്ക് ഒരല്‍പം പോലും മങ്ങലേല്‍ക്കാത്തതെന്തായിരിക്കും?. എന്തു കൊണ്ടാകും പ്രവാചക പ്രണയം ഇന്നും നിലാവിന്റെ അലകള്‍ പോലെ പെയ്തിറങ്ങി സ്‌നേഹത്തിന്റെ കല്‍ഹാരപുഷ്പങ്ങള്‍ തീര്‍ക്കുന്നത്?. എന്തിനു വേണ്ടിയാകും പ്രണയത്തിന്റെ രാപ്പാടികള്‍ ഇമാം ബൂസൂരിയുടെയും അബൂബക്കറുല്‍ ബഗ്ദാദിയുടെയും ഉമര്‍ഖാളി തങ്ങളുടെയും അപരിമേയമായ സ്‌നേഹകാവ്യങ്ങള്‍ക്ക് ഈണം പകര്‍ന്നത്?. ഒരുപക്ഷേ, അവിടത്തെ ധൈഷണിക സ്ഥാനങ്ങള്‍ക്കപ്പുറത്ത്, ഭൗതിക ഗുണമേന്മകള്‍ക്കപ്പുറത്ത്, പ്രവാചകര്‍ അല്ലാഹുവിന്റെ തിരുനൂറാണ് എന്നത് തന്നെയാണ്.
ചരിത്രവീഥികളില്‍ ആ പ്രവാചകന്‍ ഉത്തമ കുടുംബനാഥനാണ്, സമാനതകളില്ലാത്ത ഭരണാധികാരിയാണ്, നീതിയുടെയും ന്യായത്തിന്റെയും കരുണാ കടാക്ഷങ്ങളുടെയും നിറപര്യായമാണ്, ഉജ്വല പരിഷ്‌കര്‍ത്താവാണ്, അങ്ങനെ ഭൗതിക ഗുണങ്ങളുടെയും ബൗദ്ധിക സവിശേഷതകളുടെയും സര്‍വസ്വവുമാണ്. എന്നാല്‍, അവിടുത്തെ ഭൗതിക സവിശേഷതകളെല്ലാം ഉരവം കൊള്ളുന്നത് പ്രവാചകര്‍ അല്ലാഹുവിന്റെ നൂറാണ് എന്നിടത്തു നിന്നാണ്, അവന്റെ തിരുദൂതരാണ് എന്ന അടിസ്ഥാനത്തില്‍ നിന്നാണ്. പക്ഷെ, പലപ്പോഴും അവിടത്തെ ആത്മീയ ദര്‍ശനങ്ങള്‍ക്കപ്പുറം ഭൗതികത മാത്രമാണ് നമ്മുടെ ചര്‍ച്ചകളില്‍ സന്നിവേശിക്കാറുള്ളത്. ആധുനികതയുടെ നവപരിസരങ്ങളിലേക്ക് അവിടത്തെ ആത്മീയ വ്യക്തിത്വത്തെ പരിചയപ്പെടുത്താനുള്ള ആത്യന്തിക ഉത്തരവാദിത്വം നാം സൗകര്യപൂര്‍വം വിസ്മരിച്ചു കളഞ്ഞിരിക്കുന്നു. പ്രവാചകന്റെ അടക്കത്തിലും അനക്കത്തിലും എന്തിന് കേവല കടാക്ഷങ്ങളില്‍ പോലും വിടാതെ പിന്തുടര്‍ന്ന് ആ സുതാര്യ ജീവിതം ഒപ്പിയെടുത്ത് പകര്‍ത്തിയ അനുചരവൃന്ദം സ്വഹാബത്തെ കിറാം മുഴുവന്‍ അവിടത്തെ ആത്മീയ വ്യക്തിത്വത്തെക്കുറിച്ചാണ് വാചാലരായത്. അഥവാ, പ്രവാചകര്‍ അല്ലാഹുവിന്റെ തിരുനൂറിനാലാണെന്നും ഈ അണ്ഡകടാഹം മുഴുവന്‍ ആ പ്രകാശത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണെന്നുമുള്ള അടിസ്ഥാനത്തിലാകണം ആ പ്രവാചകരുടെ ബാഹ്യാന്തരീക്ഷങ്ങളെക്കുറിച്ച് ചര്‍ച്ചിക്കേണ്ടതെന്ന് സാരം.
'നിശ്ചയം അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട് ' എന്നാണ് ആ പ്രവാചകാംഗത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. അടുക്കള മുതല്‍ അന്താരാഷ്ട്രം വരെ മാനവന്റെ അഖില-നിഖില-സകല പ്രവര്‍ത്തന ജീവിത മേഖലകളിലും സാര്‍വലൗകികവും സാര്‍വകാലികവും സാര്‍വജനീനവുമായ വിശുദ്ധ ഇസ്‌ലാമിന്റെ അധ്യാപന പാഠങ്ങള്‍ അടയാളപ്പെടുത്തുന്നതായിരുന്നു വിശുദ്ധ ജീവിതം. ഒരു തുറന്ന പുസ്തകം പോലെ സുഗ്രാഹ്യമായ ആ ജീവിതപാന്ഥാവിനെ മൈക്കല്‍ എച്ച് ഹാര്‍ട്ടിനെ പ്പോലെ ജോണ്‍ അദേയറിനെപ്പോലെ വംശവെറിയുടേയോ സ്വജനപക്ഷപാതത്തിന്റെയോ അന്ധതബാധിക്കാത്ത അനേകം ചിന്തകരും നേതാക്കളും ഗൃഹപാഠം ചെയ്ത് ആ വ്യക്തിപ്രഭാവത്തിന് മുന്നില്‍ നമ്രശിരസ്‌കരായിട്ടുണ്ട്. ശാന്തി-സമാധാനത്തിന്റെ, സഹജീവി സമഭാവനയുടെ, സഹാനുഭൂതിയുടെ മാനവികതയുടെ, മനുഷ്വത്വത്തിന്റെ, സല്‍സ്വഭാവങ്ങളുടെ, സത്യത്തിന്റെ, സ്‌നേഹാര്‍ദ്രതയുടെ ആള്‍രൂപമായി അവതരിച്ച് സകലസമസ്യകള്‍ക്കും ശാശ്വത പരിഹാരം സാധ്യമാക്കിയ വിശ്വവിമോചകന്‍ മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ മാതൃകാ ജീവിത ദര്‍പ്പണം അനാവരണം ചെയ്യപ്പെടേണ്ടത് സമകാലിക പരിസരങ്ങളില്‍ കൂടുല്‍ പ്രസക്തമാവുകയാണ്. മുത്ത് നബിയുടെ പെരുമാറ്റ ഗുണങ്ങള്‍ ലോകം എന്നും കൗതുകത്തോടെയും അതിലുപരി ആദരവോടെയും മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂ. ഭാര്യമാര്‍, കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, യുവാക്കള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ ഘടകങ്ങളെയും ഉള്‍ക്കൊണ്ടതായിരുന്നു അവിടുത്തെ സ്വഭാവമഹിമ. ഓരോ അനുചരന്റെയും ഹൃദയം സ്പര്‍ശിക്കുമാറ് അനുയോജ്യമായ ഇടപെടലുകളായിരുന്നു പ്രവാചകന്റേത്. അതുകൊണ്ട് തന്നെ അവര്‍ സ്വശരീരത്തേക്കാളുപരി ആ പ്രവാചകരെ അതിഗാഢമായി പ്രണയിച്ചു. സമുന്നതമായ മൂല്യങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച് പ്രവാചകന്‍ മര്‍ദിതന്റെയും അവശത അനുഭവിക്കുന്നവന്റെയും പക്ഷം ചേര്‍ന്നു. അതിനാല്‍ അവിടുത്തെ നാമം ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടു.
ശത്രുവിനെ പകയുടെയും വിദ്വേഷത്തിന്റെയും വിഷത്തിലൂട്ടിയ ഖഡ്ഗാഗ്രം കൊണ്ട് ഗളച്ഛേദം നടത്തുന്നതിന് പകരം സ്വഭാവ സംശുദ്ധിയുടെ വജ്രായുധം കൊണ്ട് അവനിലെ തിന്മകളുടെ വേരറുക്കാന്‍ ശ്രമിക്കുന്നതാണ് യഥാര്‍ഥ മാനവികതയെന്ന് തിരുനബി (സ്വ) പ്രയോഗത്തിലൂടെ സമൂഹത്തെ പഠിപ്പിച്ചു. സ്ഥലകാല സാഹചര്യ ബോധത്തോടെയായിരുന്നു ആ പ്രവാചകര്‍ ജീവിതത്തിലുടനീളം വര്‍ത്തിച്ചിരുന്നത്. കുട്ടികളെ അതിരറ്റ് സ്‌നേഹിച്ചു അവിടെന്ന്. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ വകവച്ച് നല്‍കി. ഭാര്യമാര്‍ക്ക് അര്‍ഹിച്ച പരിഗണന കല്‍പ്പിച്ചു. അനുചരരോടും ശത്രുക്കളോടും അടിമകളോടും അനിതരസാധാരണമാം വിധം സ്വഭാവ സവിശേഷതകളുടെ നിറകുടമായി പ്രവാചകര്‍. മാര്‍ദവത്തിന്റെ പൂമൊട്ടുകള്‍ കണ്‍തുറക്കേണ്ട സമയത്ത് ഒരിക്കലും തന്നെ പോരിന്റെയോ വിദ്വേഷാഗ്‌നിയുടേയോ കരിവണ്ടുകള്‍ മൂളിപ്പറന്നില്ല. ഇന്നും അവിടുത്തെ മാര്‍ഗ നിര്‍ദേശങ്ങളെയും മഹദ് വചനങ്ങളെയും മറികടക്കല്‍ അസാധ്യവും അപ്രാപ്യവുമാണ്.
യുദ്ധത്തില്‍ വൃദ്ധരുടെയും സ്ത്രീകളുടെയും പിഞ്ചു മക്കളുടെയും രക്തത്തിന് വിലകല്‍പ്പിക്കപ്പെടണമെന്നും അല്ലാഹുവിന്റെ മാര്‍ഗത്തിലാണെങ്കില്‍ പോലും നിരപരാധിത്തത്തിന്റെ വര്‍ണമുള്ള നിണകണങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ലന്നും അവിടന്ന് പ്രഖ്യാപിച്ചു. മാലോകര്‍ സമക്ഷം സമാധാനവും സമത്വവും സ്ഥാപിച്ച് സന്മാര്‍ഗത്തിലേക്കും സത്യമതത്തിലേക്കും ക്ഷണിക്കുമ്പോഴും ഇസ്‌ലാമിക മുല്യങ്ങള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും തന്റെ കുടുംബാംഗങ്ങളില്‍ പോലും ആ പ്രവാചകര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല.
ഒരു വേളയില്‍ തന്റെ ജീവന്റെ ജീവനെന്നും കരളിന്റെ കുളിരെന്നും വിളിച്ചോമനിച്ച പുത്രി ഫാത്തിമയെ (റ) കുറിച്ച് എന്റെ മകള്‍ ഫാത്തിമ തന്നെ ചോരണം നടത്തിയാലും ഞാന്‍ അംഗവിച്ഛേദം ചെയ്യുമെന്ന് നിസ്സംശയം ഘോഷിച്ചു ആ തിരുദൂതര്‍. നിത്യസഹജനായ അബൂബക്കറിനെയും അദ്ദേഹത്തിന്റെ അടിമയെയും ഒരേ വസ്ത്രം ധരിപ്പിച്ചതിലൂടെ അടിമ-ഉടമ വ്യവസ്ഥയിലെ അധികാര മനോഭാവങ്ങളെ പാടെ തുടച്ചുനീക്കി. പത്തു വര്‍ഷത്തിലധികം ഊണിലും ഉറക്കിലും ഉച്ഛ്വാസത്തില്‍ പോലും സേവന തല്‍പരനായ അനസ് (റ) വിന് ജീവിതത്തില്‍ ഒരിക്കല്‍ പോലും അനിഷ്ടം സംഭവിച്ചിട്ടില്ലെങ്കില്‍ ആ ഉടമയുടെ നാമം മുഹമ്മദ് എന്ന് മാത്രമായിരിക്കും. കുഞ്ഞിനെ മുലയൂട്ടാന്‍ മാന്‍പേടക്ക് ജാമ്യം നിന്നതും കഠിനാധ്വാനം ചെയ്യിക്കുന്ന ഉടമയെ കുറിച്ചുള്ള പരാതി സശ്രദ്ധം ശ്രവിച്ച് പരിഹരിച്ച് കിട്ടിയ ഒട്ടകവും സല്‍സ്വഭാവത്തിന്റെ സല്‍സരണിയെ മാലോകര്‍ക്ക് മുന്നില്‍ കാണിച്ച ആ പ്രവാചകന്റെ സഹജീവി സ്‌നേഹത്തെ അത്രമേല്‍ പ്രശോഭിതമാകുന്നതാണ്. അഗ്നിക്കിരയാക്കപ്പെട്ട ഉറുമ്പിന്‍ കൂട് കണ്ടപ്പോള്‍ ദുഃഖാര്‍ത്തരായി അത് ചെയ്തവരെ കുറ്റവാളികളായി പ്രഖ്യാപിച്ച പ്രവാചകരാണിത് എന്ന് ഇതിനോട് ചേര്‍ത്തു വായിക്കപ്പെടണം. പ്രവാചകരുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഇന്നും അസാമാന്യമാം വിധം പ്രോജ്വലമാണ്. നാമമാത്രമായ തന്റെ ജീവിതകാലയജ്ഞം കൊണ്ട് അവശരെ സഹായിച്ചും മര്‍ദിതന്റെ പക്ഷം ചേര്‍ന്നും ആ പ്രവാചകന്‍ സാധിച്ചെടുത്തത് ഒരു വിപ്ലവം മാത്രമായിരുന്നില്ല നവോത്ഥാനത്തിന്റെ പരിവര്‍ത്തനത്തിന്റെ പരിപോഷണത്തിന്റെ ഒരു ഉഗ്രവിസ്‌ഫോടനം തന്നെയായിരുന്നു.
ഭരണവര്‍ഗ ദുര്‍ഭൂതങ്ങളുടെ വംശവെറിയും അധിനിവേശ ശക്തികളുടെ ക്രൂര വിനോദങ്ങളും ലിംഗഭേദമെന്യേ ആബാലവൃദ്ധം മനുഷ്യമക്കളെ താടന പീഡനങ്ങള്‍ക്ക് പാത്രമാക്കി കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്ന, ആഡംബര പ്രിയവും ചൂഷണ വാജ്ഞയും കൊടികുത്തി വാഴുന്ന, ഒരു നേരത്തെയെങ്കിലും വിശപ്പടക്കാന്‍ ഭാഗ്യം ലഭിക്കാതെ പട്ടിണിമരണമെന്ന ഓമനപ്പേരിന് വിധേയരാകുന്ന ജനലക്ഷങ്ങളുടെ, മദ്യമയക്കുമരുന്നുകള്‍ അതിപ്രസരണം നടത്തുന്ന, ബലാത്സംഗ-വ്യഭിചാര ദുര്‍വൃത്തികള്‍ അരങ്ങുതകര്‍ക്കുന്ന ഉത്തരാധുനിക ഈ വര്‍ത്തമാനത്തില്‍, മലീമസവും മ്ലേച്ഛവും ഉച്ഛിഷ്ടസമാനവുമായ അതിന്റെ പരിസരങ്ങളില്‍ അധര്‍മത്തിനെതിരേ അനീതിക്കെതിരേ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലും സാധിക്കാതെ നിസ്സഹായരായി പോകുന്ന ഒരു പറ്റം സാമൂഹിക സാംസ്‌കാരിക നായികാനായകന്‍മാര്‍ക്കുള്ള ഒരു ഉത്തമ മാതൃക തന്നെയാണ് പ്രവാചകര്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം. സാമൂഹിക പരിഷ്‌കര്‍ത്താവ്, പുനരുദ്ധാരകന്‍, നവോത്ഥാന നായകന്‍ എന്നതിലുപരി മികച്ച അധ്യാപകനായും ഭരണാധിപനായും അവിടുന്ന് മാതൃക കാണിച്ചു തന്നു. ലോക ചരിത്രത്തിന്റെ സുവര്‍ണ കമാനങ്ങളില്‍ സാമ്യതകളില്ലാത്ത വിധം തങ്കലിപികളാല്‍ അതു കോറിയിട്ടുമുണ്ട്.
ഓരോ റബീഉല്‍ അവ്വലും ഓരോ മടക്കമാണ്... വസന്തങ്ങളുടെ നിറവസന്തമായ ആ പൂമേനിയിലേക്ക്... സര്‍വഗുണങ്ങളുടെയും ദിവ്യസാഗരത്തിലേക്ക്... നന്മകളുടെ മകരപ്പെയ്ത്ത് തീര്‍ത്ത ആ സൗഗന്ധികാന്തരീക്ഷത്തിലേക്ക്... മദീനയുടെ മലര്‍വാടിയിലേക്ക്... ആ പ്രവാചക ശ്രേഷ്ഠരിലേക്ക്...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago