കാലം
പ്രായമായവര്‍ തമ്മില്‍ കണ്ടാല്‍ എന്തായിരിക്കും ആദ്യം പറയുക? ഇല്ലായ്മയും വല്ലായ്മയും ഏറുന്ന വാര്‍ധക്യത്തിലാണല്ലോ അവര്‍ക്ക് എറെ പറയാനുണ്ടാവുക. രോഗം, കഴിക്കുന്ന മരുന്ന്, പഥ്യം തുടങ്ങി നടുവിനു കൈവച്ചു നെടുവീര്‍പ്പിടുന്ന വര്‍ത്തമാനങ്ങള്‍. കേള്‍ക്കുന്ന ആള്‍ കുനിഞ്ഞു നിന്നിട്ടുണ്ടാകും. ഇങ്ങനെ ഓരോന്ന് കേട്ട് മേലോട്ട് നോക്കുന്നുണ്ടാകും. ആകാശം കാണുന്നുണ്ടാകും. അവരുടെ ആകാശത്തിനും വാര്‍ധക്യമാണ്. മേഘപാളികളിലൂടെ കരിപിടിച്ചു തലയിട്ടു നോക്കുന്നു സൂര്യന്‍. ആ സൂര്യനു ചോട്ടിലാണ് അവര്‍ വളര്‍ന്നത്. അവരുടെ നാട് വളര്‍ന്നത്. നടന്നത്. ഓടിയത്. തുള്ളിക്കളിച്ചത്. ഇപ്പോള്‍ തുള്ളാനും ചാടാനും ആവാതായത്.
രണ്ടു ഗുസ്തിക്കാര്‍ തമ്മില്‍ കണ്ടാല്‍ ഗുസ്തിയെക്കുറിച്ചായിരിക്കും പറയുക. ജയ പരാജയങ്ങളുടെ വേലിയേറ്റം. വേലിയിറക്കം. തൊഴിലില്ലാത്തവര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച്, പ്രണയിക്കുന്നവര്‍ പ്രണയത്തെക്കുറിച്ച്, കച്ചവടക്കാര്‍ ലാഭനഷ്ടത്തെക്കുറിച്ചു പറയും. എന്നാല്‍ ഇക്കുറി പ്രായമായവര്‍ തമ്മില്‍ കണ്ടപ്പോള്‍ മരുന്നും രോഗവും മാറ്റിവച്ചു അടുത്തുകഴിഞ്ഞ മരണത്തെക്കുറിച്ചായിരുന്നു പറഞ്ഞത്.
'എന്തൊരു മരിപ്പാണ് നാരാണാ, ഇന്നലെ മരിച്ച വാസൂന്റെത്....'
ഏറെക്കാലം ശത്രുതയില്‍ ജീവിച്ചവരായിരുന്നു വാസുവും ഗംഗനും. വാസുവിന്റെ മരണത്തെക്കുറിച്ചാണ് ഗംഗന്‍ നാരായണനോട് പറയുന്നത്. വാസുവും ഗംഗനും ഒരുകാലത്ത് നല്ലവരായിരുന്നു. അതിനിടയിലാണ് വാസൂന്റെ മോന്‍ ഗംഗന്റെ മോളെ കെട്ടിയത്. എന്നിട്ട് ഓറുതമ്മില് നേരാംവണ്ണം ജീവിച്ചോ? അതിലോര്‍ക്ക് കുട്ടികളുണ്ടായോ? ഇല്ല. അടിച്ചുപിരിയുംവരെ വാസൂന്റെ മോള്‍ടെ വയറ് പൊന്തിയില്ല. പിരിയാന്‍ ഓരോരോ കാരണങ്ങള്.
കാരണം പറഞ്ഞ് ഓരോരുത്തരും പിരിഞ്ഞുപോയി. ഇതേകാരണം പറഞ്ഞുതന്നെയാണ് വാസുവും ഗംഗനും അകന്നത്. ചെറിയ ചെറിയ പിടിവാശികള്‍. കുമിളകള്‍. എന്നാലും വാസു ദീനംവന്നു കിടന്നപ്പോഴെങ്കിലും ഗംഗന് ഒന്നുപോയി കാണാമായിരുന്നു.
'എനിക്കൊന്നും വയ്യടോ. ഓര്‍ക്കുമ്പോ എന്തോ ഒരേനക്കേട്. സൂക്കേടില്‍ കെടക്കുന്ന ആരെയും നമ്മള്‍ പോയി നോക്കാതിരിക്കരുത്. എത്ര ശതുക്കളാണെങ്കിലും നാളെ നമ്മളും പോകേണ്ടവരല്ലേ. അച്ഛനെ നോക്കാത്ത മക്കളായാലും മക്കള്‍ക്ക് ആപത്തു വരുമ്പോള്‍ അച്ഛന്‍ മക്കള്‍ക്കരികിലുണ്ടാകും. ഒരച്ഛനും മക്കളെ വെറുക്കാന്‍ കഴിയില്ല. ചങ്ങാതിമാരിലും ഈ സ്‌നേഹബന്ധം ഉണ്ടാവണം. നമ്മളില്‍ പലര്‍ക്കും അതിന് കഴിയുന്നില്ലല്ലോ നാരാണാ....'
വളരെ പഴകിയ രണ്ടുപേരുടെ വര്‍ത്തമാനമാണ് വഴിയില്‍വച്ചു കേട്ടത്. പറയുമ്പോള്‍ പുതിയവര്‍ക്ക് ഇത്തരമൊരു വര്‍ത്തമാനമേ ഇല്ല. കാരണം, അവരാരെയും കാണുന്നില്ല. വയസായാല്‍ അവര്‍ ഏത് കാലത്തെക്കുറിച്ചായിരിക്കും പറയുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."