കുടുംബശ്രീ സഹകരണത്തില്‍ ആദ്യ ഭിന്നലിംഗ കൂട്ടായ്മ കാസര്‍കോട്ട്
കാസര്‍കോട്: സംസ്ഥാനത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആദ്യമായി ഭിന്നലിംഗക്കാരുടെ കൂട്ടായ്മ നിലവില്‍വന്നു. കാസര്‍കോട് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 'സംഗമ' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. കാസര്‍കോട് ജില്ലയിലെ ഭിന്നലിംഗക്കാരായ 150 പേരാണു കൂട്ടായ്മയിലെ അംഗങ്ങള്‍. ഭിന്നലിംഗ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടപ്പാക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് 'സംഗമ' നേതാവ് ഇഷ കിഷോര്‍ പറഞ്ഞു.
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണു കൂട്ടായ്മയുടെ ലക്ഷ്യം. 'സംഗമ' നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ മേല്‍നോട്ടമുണ്ടാകും.
എന്നാല്‍, കുടുംബശ്രീ മിഷന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കൂട്ടായ്മയ്ക്കു നല്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇപ്പോള്‍ അംഗങ്ങളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നും ഫണ്ട് സ്വരൂപിച്ച് ഭിന്നലിംഗ ക്ഷേമപദ്ധതികള്‍ നടപ്പാക്കാനാണ് ആലോചന.
സംസ്ഥാനത്ത് ആദ്യമായി ഭിന്നലിംഗ സര്‍വേ പൂര്‍ത്തിയാക്കിയ ജില്ല കാസര്‍കോടാണ്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 150 പേരാണ് 'സംഗമ'യില്‍ അംഗങ്ങളായിരിക്കുന്നത്.
കൂട്ടായ്മയുടെ ആദ്യ പരിപാടിയായി ഓഗസ്റ്റ് അവസാന വാരത്തില്‍ കാസര്‍കോട്ട് ഫാഷന്‍ ഷോ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."