കുഷ്ഠരോഗം കണ്ടെത്താന്‍ അശ്വമേധം
കോഴിക്കോട്: കുഷ്ഠബാധിതരെ കണ്ടെത്താന്‍ ഈ മാസം അഞ്ചു മുതല്‍ 18 വരെ 'അശ്വമേധം' എന്ന പേരില്‍ വീടുകള്‍ കയറിയുള്ള പരിശോധന നടത്തും. ജനങ്ങളില്‍ കുഷ്ഠരോഗം കൂടുതലായി കണ്ടുവരുന്നതിനാലാണ് കോഴിക്കോട് ഉള്‍പ്പെടെ എട്ടു ജില്ലകളില്‍ കുഷ്ഠരോഗ നിര്‍ണയം നടത്തുന്നത്. 2016-17ല്‍ സംസ്ഥാനത്ത് 496 പേരില്‍ കുഷ്ഠരോഗം കണ്ടെത്തിയിരുന്നു. അതില്‍ 36 പേര്‍ കുട്ടികളും 65 പേര്‍ രോഗംമൂലം ദൃശ്യമായ വൈകല്യം ബാധിച്ചവരുമായിരുന്നു.
2018 സെപ്റ്റംബര്‍ വരെ 21 കുട്ടികളില്‍ രോഗം കണ്ടെത്തി. ജില്ലയില്‍ രോഗം കണ്ടെത്തിയ 33 പേരില്‍ മൂന്നുപേര്‍ കുട്ടികളാണ്. കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചത് രോഗവ്യാപനം സജീവമായി നടക്കുന്നു എന്നതിന്റെ സൂചനയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ നിലവില്‍ 95 പേര്‍ ചികിത്സ തുടരുന്നുണ്ട്. ഇവരില്‍ 17 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളും മൂന്നുപേര്‍ കുട്ടികളുമാണ്. പുതിയ 33 കേസുകളില്‍ പലതും പകരുന്ന തരത്തിലുള്ളതാണ്. വീടുകള്‍ സന്ദര്‍ശിക്കുന്ന സന്നദ്ധപ്രവര്‍ത്തകരോട് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തുറന്നുപറയാന്‍ തയാറാകണമെന്നും രോഗികളുടെ വിവരങ്ങള്‍ പരസ്യമാക്കാതെ ചികിത്സിച്ചു ഭേദമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ 3,794 പേരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 7,588 വളണ്ടിയര്‍മാരും 765 സൂപ്പര്‍വൈസര്‍മാരും പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും.
ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, തീരദേശ ഗിരിവര്‍ഗ മേഖലയിലെ പ്രത്യേക പ്രവര്‍ത്തകര്‍, നെഹ്‌റു യുവകേന്ദ്ര സംഘടനാപ്രവര്‍ത്തകര്‍ എന്നിവരാണു പരിശോധനയ്ക്കായി വീടുകള്‍ സന്ദര്‍ശിക്കുക. ഒരു സ്ത്രീയും ഒരു പുരുഷനും അടങ്ങുന്ന പരിശോധനാ സംഘം പ്രതിദിനം 20 മുതല്‍ 25 വീടുകളില്‍ പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ പ്രത്യേകം രേഖപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുകയും സന്ദര്‍ശന സമയം വീട്ടില്‍ ഇല്ലാത്തവര്‍ക്ക് വീണ്ടും വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്യും. ഹോമിയോ, ആയുര്‍വേദം മറ്റു ചികിത്സാ വിഭാഗങ്ങളും പദ്ധതിയില്‍ സഹകരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, ഹോസ്റ്റലുകള്‍, തീരദേശ മേഖലകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്.
മുന്നറിയിപ്പുകളെ അവഗണിക്കരുത്
കുഷ്ഠരോഗം ബാക്ടീരിയല്‍ രോഗമാണ്. വായുവിലൂടെ പകരുന്ന രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രതിരോധശേഷി കാരണം രോഗം പുറത്തേക്കു കാണില്ല. പകര്‍ച്ച കുറഞ്ഞ രോഗവും പകര്‍ച്ച കൂടിയ കുഷ്ഠരോഗവുമുണ്ട്. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശിച്ചാല്‍ അറിയാത്ത പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുള്ള ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുള്ള പ്രയാസം എന്നിവയാണു പ്രധാന ലക്ഷണങ്ങളെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."