കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ മാര്‍ച്ചില്‍ തുറന്നുകൊടുക്കും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെര്‍മിനല്‍ മാര്‍ച്ചില്‍ തുറന്നുകൊടുക്കും. വിമാനത്താവളത്തിനു കിഴക്കുഭാഗത്ത് നിലവിലെ ടെര്‍മിനലിനോടു ചേര്‍ന്നാണു പുതിയ ടെര്‍മിനല്‍ നിര്‍മാണം നടക്കുന്നത്.
വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പുതിയ ടെര്‍മിനല്‍ നിര്‍മാണം 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 1,700 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായി ഹരിത ടെര്‍മിനലാണ് ഒരുങ്ങുന്നത്. 85.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
യു.ആര്‍.സി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണു നിര്‍മാണച്ചുമതല. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും നീളമേറിയ ടെര്‍മിനലെന്ന ഖ്യാതി കരിപ്പൂരിനു സ്വന്തമാകും. നിലവിലെ ആഭ്യന്തര ടെര്‍മിനലും പുതിയ ടെര്‍മിനലും ചേര്‍ത്ത് അന്താരാഷ്ട്ര ടെര്‍മിനലില്‍ സൗകര്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകും.
പ്രകൃതിയിലെ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തി സ്റ്റീലും ഗ്ലാസും ഉപയോഗിച്ചാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. 20 കസ്റ്റംസ് കൗണ്ടറുകള്‍, 44 എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം, എസ്‌കലേറ്ററുകള്‍, രണ്ട് അത്യാധുനിക എയറോബ്രിഡ്ജുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവ ടെര്‍മിനലില്‍ ഒരുങ്ങും. ഇതോടൊപ്പം പൊലിസ് സ്റ്റേഷന്‍, പൊലിസ് ഔട്ട്‌പോസ്റ്റ് എന്നിവയ്ക്കും സൗകര്യമൊരുക്കും. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഒരേസമയം 5,000 പേര്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലാണ് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ വിമാനത്താവളത്തിലുള്ള ടെര്‍മിനലില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ല. ഇതുമൂലം വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ഇരിക്കാന്‍ പോലും കഴിയാതെ യാത്രക്കാര്‍ വലയുകയാണ്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെങ്കിലും കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വിസിനായി എത്തുന്നുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം, റണ്‍വേ നവീകരണത്തിന്റെ ഭാഗമായി പിന്‍വലിച്ച വിമാനങ്ങള്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടും തിരിച്ചെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."