HOME
DETAILS
MAL
വന്നത് അന്തിമ വിധിയല്ലെന്ന് സഫരിയാബ് ജീലാനി
backup
November 24 2019 | 01:11 AM
.
ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് അന്തിമമല്ലെന്നും നിയമപോരാട്ടവഴിയില്‍ ഇനിയും സാധ്യതകള്‍ ഉണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷനുമായ സഫരിയാബ് ജീലാനി പറഞ്ഞു. കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ജീലാനി.
ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഒരു ഡസനിലധികം ഉത്തരവുകള്‍ പിന്നീട് പുനഃപരിശോധിക്കപ്പെട്ടിട്ടുണ്ട്. 13 അംഗ വിശാല ബെഞ്ച് വരെ രൂപീകരിച്ച് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുകള്‍ പുനഃപരിശോധിച്ച ചരിത്രം സുപ്രിംകോടതിക്കുണ്ട്. അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ആണ് അന്തിമം എന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുമില്ല. ചരിത്രം അറിയാത്തവര്‍ ഈ കേസില്‍ ഞങ്ങള്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി ഫയല്‍ ചെയ്യുമ്പോള്‍ അത്ഭുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ സുപ്രിംകോടതി വിധി മാനിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച മുസ്‌ലിം പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നത് കോടതിയുടെ അന്തിമനിലപാടല്ല എന്നാണ് വ്യക്തിനിയമ ബോര്‍ഡിന് പറയാനുള്ളത്. കോടതി ഉത്തരവില്‍ സംതൃപ്തര്‍ ആവാത്തവര്‍ക്ക് ഭരണഘടനയുടെ 137ാം വകുപ്പ് പ്രകാരം പുനഃപരിശോധനാ ഹരജി നല്‍കാവുന്നതാണ്.
ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുള്ള ഉത്തരവില്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നത് ശരീഅത്തിന് എതിരാണ്. ഒരു പള്ളി നിലനിന്ന ഭൂമി വിട്ടുകൊടുത്ത് അതിന് പകരം ഭൂമി സ്വീകരിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതേ നിലപാട് തന്നെയാണ് വഖ്ഫ് ബോര്‍ഡിനുമുള്ളത്. പള്ളിയുടെ ഭൂമി മാറ്റാന്‍ സുപ്രിംകോടതിക്ക് അധികാരമില്ല. സുന്നി വഖ്ഫ് ബോര്‍ഡ് പുനഃപരിശോധനാ ഹരജി നല്‍കിയാലും ഇല്ലെങ്കിലും അത് കേസിന്റെ നടത്തിപ്പിനെ ബാധിക്കില്ല. കോടതിയുടെ ഉത്തരവ് ഇന്ത്യയിലെ മുസ്‌ലിം സമുദായം അംഗീകരിക്കുന്നില്ല. സുന്നി വഖ്ഫ് ബോര്‍ഡ് പുനഃപരിശോധനാ ഹരജിക്ക് എതിരാണെങ്കില്‍ അങ്ങനെയാവട്ടെ. ഒരുകക്ഷിക്ക് മാത്രമായി ഈ കേസില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വ്യക്തിനിയമ ബോര്‍ഡ് എന്തായാലും ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വിധി മുസ്‌ലിംകള്‍ സ്വാഗതംചെയ്‌തെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നത് 200 ദശലക്ഷം വരുന്ന വലിയൊരുസമൂഹമാണ്. അതില്‍ ഒന്നോ രണ്ടോ ലക്ഷംപേര്‍ വിധി സ്വാഗതംചെയ്തത് കൊണ്ട് അത് പൊതുവായ വികാരമാവില്ലെന്നും ജീലാനി കൂട്ടിച്ചേര്‍ത്തു. അടുത്തമാസം ഒന്‍പതിന് മുന്‍പായി തന്നെ പുനഃപരിശോധനാ ഹരജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."