തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ 'പ്രിയദര്‍ശിനിക്ക്' വിനോദ സഞ്ചാരം
മാനന്തവാടി: അനുദിനം തകര്‍ച്ചയിലേക്ക് നീങ്ങുന്ന പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിനെ കരകയറ്റാന്‍ പദ്ധതികളുമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെ പുനരധിവാസ കേന്ദ്രങ്ങളില്‍ ഒന്നായ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില തോട്ടത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ബ്രഹത് പദ്ധതികളാണ് ഒരുങ്ങുന്നത്.
പ്രളയത്തില്‍ തകര്‍ന്ന ജില്ലയെ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ വിനോദ സഞ്ചാര മേഖലക്കെ കഴിയു എന്ന തിരിച്ചറിവിലാണ് പുതിയ സംരഭത്തിന് തുടക്കമിടുന്നത്. 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിന്റെ മുഴുവന്‍ പ്രകൃതി രമണീയതയും ഉപയോഗിച്ച് കൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 400 ഏക്കറില്‍ പ്രകൃതി രമണീയമായി കിടക്കുന്ന തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനായി പ്ലാന്റേഷന് ടൂര്‍, തേയില എങ്ങനെ ചായപ്പൊടിയാക്കി മാറ്റുന്നു എന്നുള്ളതും പല തരത്തിലുള്ള ചായകള്‍ രുചിച്ച് നോക്കാനുമുള്ള ഫാക്ടറി ടൂര്‍, സാഹസികത ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ട്രക്കിങ്, തേയില തോട്ടങ്ങളിലൂടെയുള്ള സൈക്ലിങ് എന്നിവയെല്ലാമാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. താമസ സൗകര്യത്തിനായി ഒന്‍പത് റൂമുകളും സജ്ജീകരിക്കും. ഇതിനായി എസ്റ്റേറ്റില്‍ നിലവിലുള്ള ടീ കൗണ്ടി കൂടാതെ പ്രകൃതി ഭംഗി നുകരാന്‍ പാകത്തില്‍ പുതുതായി നിര്‍മിച്ച ട്രീ ഹൗസ് എന്നിവ ഉപയോഗപ്പെടുത്തും. സഞ്ചാരികള്‍ക്ക് ടെന്റ് അടിച്ച് താമസിക്കാനുള്ള സൗകര്യവും ഉണ്ടാകും. പ്രകൃതിയുമായി ഇണങ്ങിയുള്ള വിനോദസഞ്ചാരമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി.ടി.പി.സി മെംബര്‍ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു.
ഡിസംമ്പര്‍ ഒന്‍പതിന് കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഏറ്റവും അടുത്ത വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇവിടെക്ക് എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യഥാര്ഥ്യമാകുന്നതൊടെ ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി പ്രിയദര്‍ശിനി എസ്റ്റേറ്റ് മാറുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതര്‍. തേയില തോട്ടത്തിന്റയും ഫാക്ടറിയുടെയും പൂര്‍ണ നിയന്ത്രണം സബ്ബ് കലക്ടര്‍ മാനേജിങ് ഡയരക്ടറായ പ്രിയദര്‍ശിനി സൊസൈറ്റിക്ക് തന്നെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."