തിരുനബി(സ)യുടെ സന്ദേശങ്ങള്‍ പ്രസക്തം: സമദാനി
തിരൂര്‍: അതിക്രമങ്ങള്‍ അരങ്ങുവാഴുന്ന സമകാലിക ലോക സാഹചര്യത്തില്‍ നീതിയും നന്മയും പ്രധാനം ചെയ്യുന്ന തിരുനബി(സ)യുടെ സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു.
റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഖുര്‍ആനിക്ക് ആന്‍ഡ് സീറാ സ്റ്റഡീസ് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണ സദസില്‍ 'ലോകം തിരുനബിയെ തേടുന്നു' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര വിജ്ഞാനം മാനവരാശിക്ക് ശക്തമായ തുണ നല്‍കി. എന്നാല്‍ മനുഷ്യത്വത്തിന്റെ മുഖവും കാരുണ്യത്തിന്റെ അകവും സ്വയം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് പലപ്പോഴും അത് കൂപ്പ് കുത്തുകയായിരുന്നു. ആത്മീയതയാകട്ടെ യഥാര്‍ഥമായ മാനവിക പ്രതിസന്ധിക്കു നേരെ കണ്ണടച്ച് നിരര്‍ഥകമായ തത്ത്വശാസ്ത്ര വ്യവഹാരങ്ങളിലും വ്യക്തിപരമായ സ്വപ്നാടനങ്ങളിലും ലയിക്കുന്നതും അനുഭവപ്പെടുകയാണ്. ഈ ദുരവസ്ഥ പരിഹരിക്കപ്പെടാവുന്ന വിധത്തില്‍ മനുഷ്യന്റെ യുക്തിബോധത്തെ അവന്റെ തന്നെ ഹൃദയ പരതയുമായി ബന്ധിപ്പിക്കണം. അങ്ങിനെ അറിവും സ്‌നേഹവും ആധാരമാക്കിയുള്ള കേവലം മനുഷ്യത്വത്തിന്റേതായ ലോക ക്രമം പണിതുയര്‍ത്തുകയാണ് വേണ്ടത്. മതങ്ങളുടെ ധാര്‍മ്മിക പൈതൃകം മനുഷ്യ തലമുറക്ക് ലഭിച്ച അമൂല്യ സമ്പത്താണ്. കലഹവും കുഴപ്പവും മതത്തില്‍ നിന്നും ഉണ്ടാകുന്നതല്ല. മതത്തെ മറയാക്കിയും ഉപാതിയും ഉപകരണമാക്കിയും നടമാടുന്ന സ്വാര്‍ഥ താല്‍പര്യങ്ങളുടെ കാര്യക്രമങ്ങളാണ് വര്‍ഗീയതയ്ക്കും സാമുദായിക വൈരങ്ങള്‍ക്കും വഴിയൊരുക്കുന്നതെന്നും സമദാനി പറഞ്ഞു.അബ്ദുല്‍ ഹമീദ് ഹൈദരി ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍, ഹാഫിള് ഫൈസല്‍ മൗലവി ഖിറാഅത്ത് നടത്തി.
പി.പി. അബ്ദുല്ല അധ്യക്ഷനായി. പി. അബ്ദുല്ലക്കുട്ടി, ഫൈസല്‍ മുനീര്‍, മുഹമ്മദ് അബ്ദുറഹിമാന്‍, ബഷീര്‍ വെട്ടം, ഗഫൂര്‍ മാസ്റ്റര്‍, വി.കെ. റഷീദ്, ഇസ്ഹാഖ് വാഴക്കാട്, അബ്ദുല്‍ ജബ്ബാര്‍ പുത്തൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."