ചിത്രയ്ക്ക് വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും ഉറപ്പാക്കും: കായിക മന്ത്രി
പാലക്കാട്: പി.യു ചിത്രയ്ക്ക് വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുളള എല്ലാ സൗകര്യവും ലഭ്യമാക്കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍. ആവശ്യമുളള ഭക്ഷണവും താമസവും ഒരുക്കും. പുതിയ പരിശീലന രീതികളുടെ സാധ്യതകള്‍ തേടുമെന്നും മന്ത്രി പറഞ്ഞു. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും പട്ടികയിലുള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി ഫെഡറേഷന്‍ നടപ്പാക്കാതിരിക്കകുകയും ചെയ്ത സാഹചര്യത്തില്‍ മുണ്ടൂര്‍ പാലക്കീഴില്‍ ചിത്രയെയും കുടുംബത്തേയും നേരിട്ട് സന്ദര്‍ശിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു കായിക താരത്തിന്റെ ഭാവിയ്ക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ മത്സരങ്ങള്‍ക്കുളള യോഗ്യതാ മാനദണ്ഡങ്ങളില്‍ വ്യക്തി താത്പര്യം അടിച്ചേല്‍പ്പിക്കുന്നത് ശരിയായ രീതിയല്ല. വളരെ താഴ്ന്ന സാമ്പത്തിക പശ്ചാത്തലമുളളതും ഭുവനേശ്വറില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത താരത്തിന് നീതി നിഷേധിച്ചതില്‍ മുന്‍ മലയാളി താരങ്ങള്‍ക്ക് പങ്കുളളതായി ആരോപിക്കപ്പെടുന്നുണ്ട്. ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ചിത്രയെ ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിന് സര്‍ക്കാരിന്റേയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും പിന്തുണയുണ്ടാകും. ചിത്രയെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ബോധപൂര്‍വം ശ്രമം നടത്തിയാതാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്.ഇത്തരം പ്രവണതകള്‍ കായിക രംഗത്തിന്റെ ഭാവിയെ ബാധിക്കുമെന്നുളളത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നത്. രാജ്യത്തിനു വേണ്ടി വിജയം കൈവരിച്ച ചിത്രയ്ക്ക് നാടിന്റേയും സര്‍ക്കാരിന്റേയും കായിക രംഗത്തിന്റേയും പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍ മന്ത്രിയെ അനുഗമിച്ചു. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ചിത്രയുടെ മാതാപിതാക്കളായ വസന്തയും ഉണ്ണികൃഷ്ണനും വീട്ടിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."