റോഡിന് പാര്‍ശ്വഭിത്തിയില്ല; അപകടം പതിയിരിക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ പുക്കാട്ടിരി പള്ളി തോടിനു സമീപം റോഡിന്റെ പാര്‍ശ്വഭിത്തിയിടിഞ്ഞത് അപകട ഭീഷണി ഉയര്‍ത്തുന്നു.
മുന്‍പ് നിറയെ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ റോഡ് ഇടിഞ്ഞ് പാടത്തേക്ക് മറിഞ്ഞിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
റോഡിന്റെ ഇരുവശവും പാടശേഖരങ്ങളായത് കൊണ്ട് ശരിയായ പാര്‍ശ്വഭിത്തിയില്ലാത്തതാണ് അപകടത്തിന് വഴിവെച്ചത്. റോഡിന്റെ പാര്‍ശ്വഭിത്തി വിണ്ടുകീറി ഏതു സമയവും അടര്‍ന്നു വീഴാവുന്ന സ്ഥിതിയാണ്.
ഇടിഞ്ഞ് വീണ ഭാഗം താല്‍ക്കാലികമായി ടാര്‍ വീപ്പ വെച്ച് മറച്ചിരിക്കുകയാണ്. വിദ്യാലയങ്ങളുടെ വാഹനങ്ങളടക്കം ദിനംപ്രതി നൂറുകണക്കിന് വലുതും ചെറുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രധാന പാതയിലെ അപകടം ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അധികൃതരുടെ ഭാഗത്ത് നിന്നു ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."