പിണറായിക്ക് പൊലിസിലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെട്ടു: ചെന്നിത്തല
കൊല്ലം: പൊലിസിനെ ഒന്നും കൊള്ളില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, അദ്ദേഹത്തിന് പൊലിസിലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെട്ടതിലുള്ള തെളിവാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സേനക്കെതിരെ ഇത്രയും രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ആഭ്യന്തര മന്ത്രി മുമ്പുണ്ടായിട്ടില്ല. പൊലിസ് സേനക്ക് കരുത്തുപകരേണ്ട മന്ത്രി സേനയുടെ കുറ്റങ്ങള്‍ അക്കമിട്ടു പറയുന്നത് നാണക്കേടാണ്. കശുവണ്ടി തൊഴിലാളികളോട് ഇടതു സര്‍ക്കാര്‍ കാട്ടിയ വാഗ്ദാന ലംഘനത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാല്പത്തിയെട്ടു മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പിണറായി നടത്തുന്നത് ട്രാന്‍സ്ഫര്‍ ഭരണമാണ്. പൊലിസ് സേനയിലെ മൂവായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് ലെഫ്റ്റ്-റൈറ്റ് ട്രാന്‍സ്ഫറാണ്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന സമീപനമാണ് ഇടതുഭരണത്തില്‍ നടമാടുന്നതെന്നും ചെന്നിത്തല പറഞ്ഞു.ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍ അധ്യക്ഷനായി.
കൊടിക്കുന്നില്‍ സുരേഷ് എംപി, ഡോ ശൂരനാട് രാജശേഖരന്, രാജ്മോഹന്‍ ഉണ്ണിത്താന്, കെ സി രാജന്, എം ലിജു, അഡ്വ ഷാനവാസ്ഖാന്, എംഎം നസീര്‍, രതികുമാര്‍, ചാമക്കാല ജ്യോതികുമാര്‍, കെ സുരേഷ് ബാബു, എന്‍ അഴകേശന്, സത്യശീലന്, യൂനുസ് കുഞ്ഞ്, ബിന്ദു കൃഷ്ണ, ജമീലാ ഇബ്രാഹീം, കോയിവിള രാമചന്ദ്രന്, കെ കരുണാകരന് പിള്ള, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."