വളാഞ്ചേരി നഗരസഭ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
വളാഞ്ചേരി: നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷനി(മീമ്പാറ) ലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുസ്‌ലിം ലീഗിലെ എം. ഫാത്തിമ നസിയ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫ് സ്വതന്ത്ര അസ്മ പാറക്കലിനെ 55 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപെടുത്തിയത്.ഫാത്തിമ നസിയക്ക് 401 വോട്ടും അസ്മ പാറക്കലിന് 346 ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 164 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നത്.
ജനകീയ വേദിയുടെ ലേബലില്‍ മത്സരിച്ച മുന്‍ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റായിരുന്ന കെ.പി മുനീറക്ക് 42, സ്വതന്ത്രയായി മത്സരിച്ച കെ.കെ ശ്യാമളക്ക് അഞ്ച് വോട്ടുമാണ് ലഭിച്ചത്. നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സനായിരുന്ന എം. ഷാഹിന ടീച്ചറോട് തല്‍സ്ഥാനം രാജിവക്കുവാന്‍ മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തോടപ്പം കൗണ്‍സിലര്‍ സ്ഥാനവും ടീച്ചര്‍ രാജിവെച്ചതോടു കൂടിയാണ് മീമ്പാറയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. അഷ്‌റഫ് അമ്പലത്തിങ്ങല്‍,സലാം വളാഞ്ചേരി,ടി.പി മൊയ്തീന്‍കുട്ടി,പറശ്ശേരി അസൈനാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."