കോടികള്‍ മുടക്കി നിര്‍മിച്ച സര്‍ക്കാര്‍ കെട്ടിട സമുച്ചയങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയില്‍ വാടക കെട്ടിടങ്ങളിലും, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന 16 ഗവണ്‍മെന്റ് ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷനും, പൊലിസ് സ്റ്റേഷന് മുന്നിലെ സര്‍ക്കാര്‍ കെട്ടിട സമുച്ചയവും ഉദ്ഘാടനം നടന്നിട്ട് വര്‍ഷം ഒന്നായിട്ടും മാറേണ്ട ഓഫിസുകളില്‍ ഭൂരിഭാഗവും ഇപ്പോഴും വാടക കെട്ടിടത്തില്‍.
മിനി സിവില്‍ സ്റ്റേഷനില്‍ സബ്ബ്ട്രഷറി ഓഫിസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, താലൂക്ക് ഓഫിസിലെ ഇലക്ഷന്‍ വിഭാഗം, താലൂക്ക് സ്റ്റാസ്റ്റിസ്റ്റിക്കല്‍ ഓഫിസ്, താലൂക്ക് വ്യവസായ ഓഫിസ്, മണ്ണ് സംരക്ഷണ ഓഫിസ്, അസിസ്റ്റന്റ് ലേബര്‍ ഓഫിസ്, ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, ഐ.സി.ഡി.എസ് പ്രാജക്ട് ഓഫിസ്, സര്‍വ്വേ സൂപ്രണ്ട് ഓഫിസ് എന്നീ 10 ഓഫിസുകള്‍ക്കാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്.
2015 ജൂണ്‍ 5 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ കെട്ടിടത്തിലേക്ക് ഇതുവരെ മാറിയിട്ടുള്ളത് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, സ്റ്റാസ്റ്റിസ്റ്റിക്കല്‍ ഓഫിസ്, മണ്ണ് സംരക്ഷണ ഓഫിസ്, റീജ്യണല്‍ ട്രാന്‍ സ്‌പോര്‍ട്ട് ഓഫിസ് , വ്യവസായ ഓഫീസ് എന്നീ അഞ്ച് ഓഫിസുകള്‍ മാത്രമാണ്. ബാക്കി ഓഫിസുകള്‍ എന്ന് മാറ്റുമെന്നതിനും എന്താണ് തടസമെന്ന ചോദ്യത്തിനും കൈ മലര്‍ത്തുക മാത്രമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉത്തരം. പൊലിസ് സ്റ്റേഷന് മുന്നിലെ സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലേയും സ്ഥിതി വിഭിന്നമല്ല.
ഇവിടെ ആറ് ഓഫിസുകള്‍ക്കാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. 2016 ഫെബ്രുവരി നാലിന് മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ഓഫിസില്‍ ഇത് വരെ രണ്ട് ഓഫിസുകള്‍ മാത്രമാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളതെന്നതും കടുത്ത അവഗണനയുടെ പ്രതീകമാവുകയാണ്.
സ്വന്തമായി വിശാലമായ ഓഫിസുകള്‍ അനുവദിച്ചിട്ടും ഭൂരിഭാഗം ഓഫിസുകളും ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് മൂലം നികുതി പണം ധൂര്‍ത്തടിക്കപ്പെടുന്ന സ്ഥിതിയാണ്.
അധികൃതരുടെ അവഗണനക്കും, അനാസ്ഥക്കുമെതിരേ തെക്കുംകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ഇ ഷെയ്ക്ക് അബ്ദുള്ള രംഗത്തെത്തി ഓഫീസുകളില്‍ മുറി അനുവദിച്ച് കിട്ടിയ വകുപ്പുകള്‍ക്ക് സ്ഥലം ആവശ്യമില്ലെങ്കില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഫിസുകള്‍ക്ക് ഈ സ്ഥലം അനുവദിച്ച് നല്‍കാന്‍ നടപടി വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഷെയ്ക്ക് അബ്ദുള്ള ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."