ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നിര്‍മാണം ആരംഭിച്ചു
എന്‍.സി ഷെരീഫ് കിഴിശ്ശേരി
മഞ്ചേരി: ജില്ലയില്‍ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതും തീരെ വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചു. ജില്ലയിലെ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഭവന പുനര്‍ നിര്‍മാണത്തിനായി രണ്ട് പദ്ധതികളിലായി 443 വീടുകളാണ് നിര്‍മിക്കുന്നത്. 138 കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായ 95100 രൂപ വീതം വിതരണം ചെയ്തു. ബാക്കി തുക രണ്ട് ഘട്ടങ്ങളിലായി നല്‍കും. നിലമ്പൂര്‍ താലൂക്കില്‍ 17 കുടുംബങ്ങളെയും ഏറനാട് താലൂക്കില്‍ 23 ഉം പെരിന്തല്‍മണ്ണ താലൂക്കില്‍ 20 ഉം തിരൂരില്‍ 10 കുടുംബങ്ങള്‍ക്കുമാണ് ആദ്യഘട്ട തുക കൈമാറിയത്. തിരൂരങ്ങാടിയില്‍ 20 ഉം കൊണ്ടോട്ടിയില്‍ ഏഴും പൊന്നാനിയില്‍ 24 ഉം കുടുംബങ്ങള്‍ക്കും ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കും. 75 ശതമാനം തകര്‍ന്ന വീടുകളും പൂര്‍ണമായി തകര്‍ച്ച നേരിട്ടവയിലാണ് ഉള്‍പ്പെടുത്തുക.
സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ 90 കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കുന്നത്. നിര്‍മാണം സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച് ഒട്ടേറെപ്പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ചില വീടുകള്‍ ഗുണഭോക്താക്കള്‍ തന്നെ പുതുക്കിപ്പണിയാന്‍ സന്നദ്ധത അറിയിച്ചു. റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ 50 വീടുകളും ഫെഡറേഷന്‍ മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ നൂറോളം വീടുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
അതാത് പ്രദേശത്തെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യവും സാമ്പത്തിക സ്ഥിതിയും എന്നിവയ്ക്ക് അനുസരിച്ചാണ് വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്‍പന. അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം എന്നിവ ഉറപ്പാക്കിയാണ് വീടുകളുടെ നിര്‍മാണം നടക്കുന്നത്. ഭാവിയില്‍ വീടിന്റെ വിസ്തൃതി ആവശ്യമെങ്കില്‍ കൂട്ടാവുന്ന വിധമായിരിക്കണം നിര്‍മാണം. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടുന്ന 400 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് നാലു ലക്ഷം രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ലൈഫ് മിഷനിലെ വീടുകളും നഗരസഭാ കെട്ടിടങ്ങളും ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. നിലമ്പൂര്‍, പൊന്നാനി മേഖലകളിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."