15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
മലപ്പുറം: ജില്ലയിലെ 15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. മൂന്ന് ബ്ലോക്ക് പഞ്ചായത്തിന്റെയും 11 ഗ്രാമപഞ്ചായത്തുകളുടെയും ഒരു നഗരസഭയുടെയും വാര്‍ഷിക പദ്ധതികളുടെ ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്. കൂടാതെ പെരിന്തല്‍മണ്ണ നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ ലേബര്‍ ബജറ്റും കര്‍മപദ്ധതിയും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
ഈ വര്‍ഷത്തെ വാര്‍ഷിക നിര്‍വഹണത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്മാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍ദേശിച്ചു. നിലവില്‍ സംസ്ഥാന തലത്തില്‍ ജില്ലയ്ക്ക് ഒന്‍പതാം സ്ഥാനമാണുള്ളത്. കൂടാതെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, ജൈവ മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടുത്തി ജില്ലാ പദ്ധതിയിലെ കീഴ്ത്തട്ട് നിര്‍ദേശങ്ങള്‍ പരിഷ്കരിക്കാനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടുത്തവര്‍ഷത്തെ വാര്‍ഷിക പദ്ധതി തയാറാക്കുമ്പോള്‍ ജില്ലാ പദ്ധതിയിലെ കീഴ്ത്തട്ട് നിര്‍ദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനും യോഗത്തില്‍ നിര്‍ദേശം ഉണ്ടായി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍, തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."