ആര്‍.എസ് വിനോദിനെ തിരിച്ചെടുത്തവര്‍ക്കെതിരേ നടപടിയുണ്ടാകും
തിരുവനന്തപുരം: ആര്‍.എസ് വിനോദിനെ എന്തിന് ബി.ജെ.പിയില്‍ തിരിച്ചെടുത്തുവെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം. ഇതുസംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് വിശദീകരണം തേടി.
വിനോദിനെ തിരിച്ചെടുക്കാന്‍ മുന്‍കൈയെടുത്ത മൂന്നു സംസ്ഥാന നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഗുരുതരമായ ആരോപണത്തിന്റെ പേരിലാണ് വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് സഹകരണ സെല്‍ കണ്‍വീനറാക്കി സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവന്നു. വിനോദിനെ തിരിച്ചെടുക്കുന്നതിനുമുന്‍പ് ആര്‍.എസ്.എസുമായി ആലോചിച്ചില്ല. എം.ടി രമേശാണ് വിനോദിനെ സഹകരണ സെല്‍ കണ്‍വീനറാക്കാന്‍ ചരടുവലികള്‍ നടത്തിയത്. മുതിര്‍ന്ന നേതാവ് പി.പി മുകുന്ദനെ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ മടിക്കുന്നവര്‍ വിനോദിന്റെ കാര്യത്തില്‍ അനാവശ്യ തിടുക്കംകാട്ടി.
ഇതാണ് ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മെഡിക്കല്‍ കോഴയ്ക്ക് കാരണം. അതിനാല്‍ ഉന്നത നേതൃത്വത്തിലുള്ളവര്‍ക്ക് പങ്കില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പിയെ അറിയിച്ചതായാണ് സൂചന.
തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുന്‍ സംസ്ഥാന അധ്യക്ഷന്റെ ഒത്താശയോടെയാണ് വിനോദിനെ തിരിച്ചെടുത്തതെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കുമ്മനം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഓഫിസിലെത്തി ചുമതലകളില്‍ സജീവമായത്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ച്ച അതീവ ഗുരുതരമാണെന്നും ആര്‍.എസ്.എസ് വിലയിരുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ചോര്‍ച്ച ചര്‍ച്ചയാക്കി അഴിമതിക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നതെങ്ങനെയെന്ന് ആര്‍.എസ്.എസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. എ.കെ നസീറില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നത് ഭാവനാസൃഷ്ടി മാത്രമാണെന്ന വിലയിരുത്തലും ആര്‍.എസ്.എസിനുണ്ട്. സംഘ്പരിവാര്‍ നേതൃത്വത്തോട് വിനോദ് എല്ലാം തുറന്നുസമ്മതിച്ചതായും അറിയുന്നു.
ഇതിനുശേഷമാണ് വിനോദിനെ തിരിച്ചെടുത്തതിലെ അതൃപ്തി കുമ്മനത്തെ ആര്‍.എസ്.എസ് അറിയിച്ചത്. മാഫിയാ ബന്ധങ്ങളുടെ പേരില്‍ അച്ചടക്ക നടപടി നേരിട്ട നേതാക്കളെ ഒരുവിഭാഗം സംസ്ഥാന നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ആര്‍.എസ്.എസിന് ആക്ഷേപമുണ്ട്. സംസ്ഥാന നേതൃത്വത്തിലെ കടുത്ത വിഭാഗീയതയാണ് ഇതിനുപിന്നിലെന്നും ആര്‍.എസ്.എസ് കരുതുന്നു.
അഴിമതിക്കും വിഭാഗീയതയ്ക്കും കുടപിടിക്കുന്ന നേതാക്കള്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കണമെന്നാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം. മെഡിക്കല്‍ കോഴയ്ക്ക് ശേഷം നേതാക്കള്‍ പരസ്പരം പോരാടിക്കുന്നതും ആര്‍.എസ്.എസിനെ ആശങ്കയിലാക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കത്തിന് പിന്നിലുള്ളവര്‍ക്കെതിരേയും നടപടി വേണമെന്നാണ് ആര്‍.എസ്.എസിന്റെ നിലപാട്. ഈ കത്തിനുപിന്നിലെ സത്യം കണ്ടെത്താന്‍ ആര്‍.എസ്.എസ് അന്വേഷണം നടത്തുന്നുണ്ട്.
ബി.ജെ.പിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല. തിരുവനന്തപുരത്തെ ബി.ജെ.പിയുടെ സാധ്യതകളെ ഇത് ബാധിക്കും. വോട്ടുപിടിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ആര്‍.എസ്.എസുകാരാണ്. അവരെ അപമാനിക്കലാണ് ഇത്തരം ഊമക്കത്തുകള്‍ക്ക് പിന്നിലെന്നുമാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."