പ്രളയ ദുരിതാശ്വാസം: കേന്ദ്ര സഹായം വൈകുന്നത് ജനങ്ങളോടുള്ള അവഹേളനം - ആര്‍.എം.പി.ഐ
വാടാനപ്പള്ളി: കേരളത്തിലുണ്ടായ മഹാപ്രളയ ദുരന്തത്തില്‍ നഷ്ടങ്ങള്‍ നികത്തുന്നതിനും പുനര്‍ നിര്‍മാണത്തിനുമുള്ള ധനസഹായം ഉടന്‍ അനുവദിക്കണമെന്നു ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രളയം കഴിഞ്ഞു നൂറു ദിവസം പിന്നിട്ടു. കേന്ദ്ര ഗവര്‍മെന്റിന്റേയും വിവിധ ഏജന്‍സികളുടേയും ലോക ബാങ്കിന്റെയും ഐ.എം.എഫ് സംഘങ്ങളുടേയും പഠനങ്ങളും നഷ്ടക്കണക്കുകളും തയാറായിട്ടു മാസങ്ങളായി. ഇനിയും ദുരിതാശ്വാസത്തിനു പണമനുവദിക്കാന്‍ എന്താണു തടസമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാനും വാണിജ്യവ്യവസായ സംരംഭങ്ങളും കൃഷിയും പുനരാരംഭിക്കാനും ദുരന്തനിവാരണ നിധിയില്‍ നിന്നു പണം ലഭ്യമാവണം. ധനസഹായം വൈകുന്നതു ദുരിതത്തില്‍ പെട്ട ജനങ്ങളോടുളള ക്രൂരതയും അവഹേളനവുമാണ്. അന്താരാഷ്ട്ര ഏജന്‍സികളടക്കം മുപ്പതിനായിരം കോടിയിലധികം നഷ്ടം കണക്കാക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം അയ്യായിരം കോടിയുടെ സഹായമാണു ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഒട്ടും പര്യാപ്തമല്ല. ദീര്‍ഘകാലവിളകള്‍ നശിച്ചതിന്റെ നഷ്ടം മാത്രമല്ല ഭാവിയിലെ ഉല്‍പാദന നഷ്ടം കൂടി നികത്തിയില്ലെങ്കില്‍ അത്തരം കൃഷിക്കാര്‍ ദീര്‍ഘകാലം പട്ടിണിയിലും ദുരിതത്തിലുമാവും.
മുഴുവന്‍ തുകയും ലഭ്യമാക്കുന്നതിനു നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്ര സര്‍ക്കാരിന്റേത് ഗുരുതരമായ അലംഭാവവും കൃത്യവിലോപവുമാണ്. ദുരന്തങ്ങളില്‍പ്പോലും സഹായിക്കാത്ത നിലപാട് ഫെഡറല്‍ ഘടനയിലും രാജ്യത്തിന്റെ ഏകീകരിച്ച നിലനില്‍പിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാവാനിടവരുത്തും. സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടത്തിന്റെ ചെറിയഭാഗം പോലും അനുവദിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് കടുത്ത അനീതിയാണെന്നും സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യ പ്രസ്ഥാനങ്ങളുമൊന്നടങ്കം കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എല്‍ സന്തോഷ് , സംസ്ഥാന സെക്രട്ടറി എന്‍.വേണു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."