ഇന്ത്യയുടെ ആദ്യ ആളില്ലാ ടാങ്ക് പുറത്തിറക്കി
ചെന്നൈ: ആദ്യ ഇന്ത്യന്‍ നിര്‍മിത ആളില്ലാ ടാങ്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ) പുറത്തിറക്കി. സുരക്ഷാ നിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ആണവ ഭീഷണിയുള്ള സ്ഥലങ്ങളിലെ പരിശോധന തുടങ്ങിയ ഉപയോഗങ്ങള്‍ക്കാണ് ആളില്ലാ ടാങ്ക് ഉപയോഗിക്കുക. മുന്ത്ര-എം, മുന്ത്ര-എന്‍, മുന്ത്ര-എസ് എന്നിങ്ങനെ മൂന്ന് തരം ടാങ്കുകളാണ് ഡി.ആര്‍.ഡി.ഒ പുറത്തിറക്കിയത്. എന്നാല്‍ ഇത് സൈന്യത്തിന് കൈമാറാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
തമിഴ്‌നാട്ടിലെ ആവഡിയിലുള്ള സൈന്യത്തിന്റെ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് കേന്ദ്രത്തിലാണ് ടാങ്ക് നിര്‍മിച്ചത്. നക്‌സല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലേക്ക് ഇത് ലഭ്യമാക്കണമെന്ന ആവശ്യം സി.ആര്‍.പി.എഫ് മുന്നോട്ടുവച്ചിട്ടുണ്ട്. വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണിത്.
മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി.ആര്‍.ഡി.ഒ സംഘടിപ്പിച്ച സയന്‍സ് ഫോര്‍ സോള്‍ജിയേഴ്‌സ് എന്ന പേരിലുള്ള എക്‌സിബിഷനില്‍ ടാങ്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ സൈന്യത്തിന്റെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ടാങ്കിന്റെ പരീക്ഷണവും നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."