സംസ്ഥാന പാതയുടെ നവീകരണം: അഞ്ചു കോടി രൂപ അനുവദിച്ചു
വടക്കാഞ്ചേരി: ഷൊര്‍ണ്ണൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് മുതല്‍ പരുത്തിപ്ര വരെയുള്ള പ്രദേശം ബി.എം ആന്‍ഡ് ബി.സി മോഡല്‍ ടാറിങ് നടത്തുന്നതിന് അഞ്ചു കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
തൃശൂര്‍, പാലക്കാട് ജില്ലയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന സംസ്ഥാന പാതയായ പാട്ടുരായ്ക്കല്‍ മുതല്‍ അകമല വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. ഇതു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നു വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ 26 കോടി അനുവദിച്ചിരുന്നു. ഇതില്‍ പാട്ടുരായ്ക്കല്‍ മുതല്‍ കോലഴി വരെയുള്ള ഭാഗത്തിന് ആറു കോടിയും കോലഴി മുതല്‍ അത്താണി വരെയുള്ള ഭാഗത്തിന് 6.5 കോടിയും അത്താണി മുതല്‍ പാര്‍ളിക്കാട് വരെയുള്ള ഭാഗത്തിനു മൂന്നു കോടി രൂപയും നേരത്തേ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.
അത്താണി മുതല്‍ പാര്‍ളിക്കാട് വരെയുള്ള ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പാര്‍ളിക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന് വരെയുള്ള ഭാഗത്തിനു 50 ലക്ഷം രൂപ ഡെപോസിറ്റ് വര്‍ക്കായും അനുവദിച്ചിട്ടുണ്ട്. പാട്ടുരായ്ക്കല്‍ മുതല്‍ അത്താണി വരെയുള്ള ഭാഗത്ത് രണ്ടു ഘട്ടമായി അനുവദിച്ചിട്ടുള്ള 12.5 കോടി രൂപക്കുള്ള പ്രവൃത്തിക്കു സാങ്കേതികാനുമതി ഉടന്‍ ലഭിക്കും.
തിരൂര്‍ സെന്റര്‍ നവീകരണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തി നടന്നു വരികയാണ്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് സെന്റര്‍ നവീകരണത്തിനു ഒരു കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചു ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനു പുറമേ പരുത്തിപ്ര മുതല്‍ അകമല വരെയുള്ള ഭാഗത്തിനു മൂന്നു കോടി രൂപ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്. ഇതിന്റെ ഭരണാനുമതി ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വിവിധഘട്ടങ്ങളിലായി പാട്ടുരായ്ക്കല്‍ മുതല്‍ അകമല വരെയുള്ള റോഡ് ബി.എം ആന്‍ഡ് ബിസിമോഡല് ടാറിങിനായി ആകെ 26 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തികരിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."