കുട്ടിക്കടത്ത്: ബി.ജെ.പി എം.പി രൂപാ ഗാംഗുലിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
കൊല്‍ക്കത്ത: കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി രാജ്യസഭാ എം.പി രൂപാ ഗാംഗുലിയുടെ വസതിയില്‍ സി.ഐ.ഡി വിഭാഗം റെയ്ഡ് നടത്തി. ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്നാണ് ഇവര്‍ കുട്ടികളെ കടത്തുന്ന സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ക്കായി എം.പിയുടെ വസതിയില്‍ റെയ്ഡ് നടത്തിയതെന്ന് സംസ്ഥാന സി.ഐ.ഡി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയിലെത്തിയ സി.ഐ.ഡി സംഘം ഇവരെ ചോദ്യം ചെയ്ത് മൊഴിയെടുത്തിട്ടുണ്ട്. ബി.ജെ.പിയുടെ മഹിളാ മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി ജൂഹി ചൗധരിയുമായി രൂപാ ഗാംഗുലിക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പൊലിസ് കണ്ടെത്തിയിരുന്നു. ജൂഹി ചൗധരിയെ നേരത്തെ തന്നെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ രേഖകളുണ്ടാക്കി ഇവരടങ്ങുന്ന സംഘം കുട്ടികളെ വിദേശികള്‍ക്ക് വിറ്റതായി പൊലിസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗ്യ അടക്കം മറ്റ് മൂന്നുപേരെയും പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്.
കേസില്‍ ജൂഹി ചൗധരിയെകൂടാതെ ഡാര്‍ജിലിങ് ശിശു സംരക്ഷണ ഏജന്‍സിയുടെ അധ്യക്ഷന്‍, ശിശുക്ഷേമ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ജല്‍പായ്ഗുരിയിലെ വിമല ശിശുഗൃഹത്തില്‍ നിന്നാണ് കുട്ടികളെ വ്യാജ രേഖകള്‍ ചമച്ച് വിദേശികള്‍ക്ക് വില്പന നടത്തിയതെന്നാണ് പൊലിസ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."