ഗൂര്‍ഖാലാന്‍ഡ്: ഡാര്‍ജിലിങ്ങില്‍ പൊലിസും പ്രക്ഷോഭകരും ഏറ്റുമുട്ടി
ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ഗൂര്‍ഖാ പ്രക്ഷോഭകരും പൊലിസും തമ്മില്‍ ഡാര്‍ജിലിങ്ങില്‍ ഏറ്റുമുട്ടി. ഒരാഴ്ചയോളം ഏറെക്കുറെ സമാധാനത്തോടെ നീങ്ങിയ ഡാര്‍ജിലിങ് മേഖല വീണ്ടും പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്കാണ് എടുത്തെറിയപ്പെട്ടിരിക്കുന്നത്.
സംസ്ഥാന രൂപീകരണാവശ്യം മുന്‍നിര്‍ത്തി ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ചയുടെ അനിശ്ചിതകാല ബന്ദ് തുടരുന്നതിനിടയിലാണ് ഇന്നലെ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഗൂര്‍ഖാ പ്രക്ഷോഭകര്‍, കത്തി, വാള്‍, പരമ്പരാഗതമായ ഖുക്രി കത്തി എന്നിവയുമായി സിലിഗുരി മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെയാണ് ഇവര്‍ പൊലിസുമായി ഏറ്റുമുട്ടിയത്. സിലിഗുരി മേഖലയും ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിലേക്ക് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ അക്രമം നടത്തിയതെന്ന് ഡാര്‍ജിലിങ് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രക്ഷോഭകരുടെ നീക്കം തടയുന്നതിനായി സുക്‌നയിലേക്കുള്ള റോഡില്‍ ഉയര്‍ത്തിയ ബാരിക്കേഡ് തകര്‍ത്ത പ്രക്ഷോഭകര്‍ ഇവിടെ നിലയുറപ്പിച്ച പൊലിസിനുനേരെ കല്ലേറ് നടത്തി. തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭകരും ശക്തമായി തിരിച്ചടിക്കുകയും റോഡരികില്‍ പാര്‍ക്ക് ചെയ്ത പൊലിസ് വാഹനം ഉള്‍പ്പെടെ അഗ്‌നിക്കിരയാക്കുകയും ചെയ്തു.
പ്രക്ഷോഭകര്‍ സംസ്ഥാനാവശ്യം ശക്തിപ്പെടുത്തുകയും അനിശ്ചിത കാല ബന്ദ് തുടരുകയും ചെയ്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏതാണ്ട് ഒന്നരമാസത്തോളമായി സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."