'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതിക്ക് തുടക്കമായി; സഹായകേന്ദ്രം ഡിസംബറില്‍
പാലക്കാട്: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ഉറപ്പാക്കാനും വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്ന 'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പ്രളയത്തില്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റവന്യൂ വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക ലക്ഷ്യമിട്ട്് വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്നു.
ഇതിനായി സുരക്ഷിത കൂടൊരുക്കും കേരളം എന്ന പേരില്‍ ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലും ഡിസംബര്‍ മുതല്‍ ആറുമാസത്തേക്ക് സഹായകേന്ദ്രം സജ്ജമാക്കും. വീട് നിര്‍മാണത്തിന് ഗുണഭോക്താവിന് നിര്‍ദേശം നല്‍കുക, സംശയങ്ങള്‍ ദുരീകരിക്കുക, ആവശ്യമായ സാമഗ്രികള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാര്‍ അംഗീകരിക്കുന്ന തുകക്ക് ലഭ്യമാക്കുക തുടങ്ങിയ വിവരങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. സ്വന്തമായി ഭൂമിയുള്ളവര്‍, വീടു പണി സ്വയം ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധതയുള്ളവര്‍, സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടപ്പാക്കേണ്ടവ എന്നിങ്ങനെ തരം തിരിച്ചാണ് ഗുണഭോക്താക്കളെ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറില്‍ ഉള്‍പ്പെടുത്തിയത്.
പട്ടികജാതി പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍, വിധവകള്‍, മുന്‍ഗണന കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗം ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വീട് നിര്‍മിച്ച് നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ള ഭവന രൂപകല്‍പനകളാണ് പ്രകൃതി ദുരന്ത പുരധിവാസ ഭവന നിര്‍മാണത്തിനും നടപ്പിലാക്കുന്നത്.
400 ചതുരശ്രയടി വിസ്തൃതിയും ഒരു ഹാള്‍ രണ്ടു കിടപ്പുമുറി, അടുക്കള , ശുചിമുറി ഉള്‍പ്പെട്ട വീടുകളാണ് നിര്‍മിക്കുക. മാനസികമായോ ശാരീരികമായോ അവശതയുള്ളവര്‍ക്ക് പൊതുജന പങ്കാളിത്തത്തിലൂടെയും ഭവനിര്‍മാണം നടത്താം. പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ മാനസികമായി ഉയര്‍ത്തുന്നതിനുള്ള ബോധവത്ക്കരണവും ചെലവുകുറഞ്ഞ വീടുനിര്‍മാണ രീതികളെക്കുറിച്ചും വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നടന്ന യോഗത്തില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."