ധര്‍മശാലയില്‍ കോമണ്‍ ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മാണം പുരോഗമിക്കുന്നു
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭ ധര്‍മശാല ജങ്ഷനില്‍ നിര്‍മിക്കുന്ന കോമണ്‍ ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി അവസാനഘട്ടത്തില്‍. ദേശീയപാതയോരത്ത് കെ.എ.പി നാലാം ബറ്റാലിയന് ഉടമസ്ഥതയിലുള്ള ആറു സെന്റിലാണ് കോംപ്ലക്സ് നിര്‍മാണം പുരോഗമിക്കുന്നത്.
വിനോദസഞ്ചാര, തീര്‍ഥാടക, മെഡിക്കല്‍ ടൂറിസം രംഗത്ത് വികസിക്കുന്ന ആന്തൂരിനെ പരിസ്ഥിതി സൗഹൃദ പരിസരശുചിത്വ പ്ലാസ്റ്റിക്മുക്ത നഗരസഭയാക്കുന്നതിന്റെ ഭാഗമായാണ് കോമണ്‍ ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മിക്കുന്നത്. ആന്തൂര്‍ നഗരസഭയിലെ പ്രധാന ടൗണായ ധര്‍മശാലയില്‍ കോമണ്‍ ടോയ്ലറ്റ് സ്ഥാപിക്കാന്‍ നഗരസഭ നേരത്തേ ഒരുങ്ങിയെങ്കിലും സ്വന്തം സ്ഥലമില്ലാത്തതിനാല്‍ പദ്ധതി നീണ്ടുപോകുകയായിരുന്നു.
പിന്നീട് ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയതോടെയാണ് ദേശീയപാതയോരത്ത് കെ.എ.പി നാലാം ബറ്റാലിയന് ഉടമസ്ഥതയിലുള്ള ആറു സെന്റ് സ്ഥലം വിട്ടു കിട്ടിയത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി നാല് ടോയ്ലറ്റുകള്, പത്ത് യൂറിനലുകള്‍, മുലയൂട്ടല്‍ കേന്ദ്രം, ക്ലോക്ക്റൂം, വാഷ് സൗകര്യം എന്നിവയുള്‍പ്പെടെ നിര്‍മിക്കുന്ന കോമണ്‍ ടോയ്ലറ്റ് കോംപ്ലക്സിന് 11,22,229 രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി വേഗത്തില്‍ തന്നെ കോമണ്‍ ടോയ്ലറ്റ് കോംപ്ലക്സ് പൊതുജനങ്ങള്‍ക്ക് തുടന്നുകൊടുക്കാനുളള തീവ്ര ശ്രമത്തിലാണ് ആന്തൂര്‍ നഗരസഭയെന്ന് ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."