വ്യാജ സാക്ഷ്യപത്രം സമര്‍പ്പിച്ച അധ്യാപകര്‍ക്കെതിരേ അന്വേഷണം
കൊണ്ടോട്ടി: സ്‌കൂള്‍ കെട്ടിടങ്ങളുടെ വാര്‍ഷിക ഫണ്ട് ചെലവഴിക്കാതെ പ്രധാന അധ്യാപകര്‍ സമര്‍പ്പിക്കുന്ന സുസ്ഥിതി സാക്ഷ്യപത്രത്തില്‍ അന്വേഷണം. വയനാട്ടില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ പ്രധാന അധ്യാപകര്‍ സ്‌കൂളുകളുടെ വാര്‍ഷിക ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് അന്വേഷിക്കുന്നത്.
സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് നല്‍കുന്ന ഫണ്ട് വിനിയോഗിക്കാതെ സുസ്ഥിതി സാക്ഷ്യപത്രം സമ്പാദിച്ചെന്ന ആക്ഷേപം കണ്ടെത്തിയാല്‍ പ്രധാന അധ്യാപകര്‍ക്കെതിരേ നടപടിയുണ്ടാകും.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കെട്ടിടങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സുസ്ഥിതി സാക്ഷ്യപത്രം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് പ്രധാന അധ്യാപകര്‍ക്കുള്ള നിര്‍ദേശം.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിട്ടും അക്കൗണ്ടിലുളള പണം പിന്‍വലിക്കാനോ വിനിയോഗിക്കാനോ തയാറാകാത്തവര്‍ നിരവധിയാണ്. ഇത്തരത്തിലുള്ള സ്‌കൂളുകളെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുമുണ്ട്.
ഫണ്ടുകള്‍ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്നെ വിനിയോഗിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം ഫണ്ടുകള്‍ ലാപ്‌സാകും.
കെട്ടിടങ്ങളുടെ ചുമരും മേല്‍ക്കൂരയും തറയും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതടക്കമുളള ചെറിയ പ്രവൃത്തികള്‍ക്കാണ് സ്‌കൂള്‍ അടക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത്. ഇത് വിനിയോഗിക്കാത്തവരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ഒരു കുട്ടിക്ക് 60 രൂപ നിരക്കില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. ഓഡിറ്റടക്കം ഭയന്നാണ് പലരും ഫണ്ട് ചെലവഴിച്ച് പ്രവൃത്തികള്‍ നടത്താന്‍ തയ്യാറാവാത്തത്.
സംസ്ഥാനത്ത് 4,695 ഗവണ്‍മെന്റ് സ്‌കൂളുകളും 7,216 മാനേജ്‌മെന്റ് സ്‌കൂളുകളും 1,050 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂളുകള്‍ 1,228, എണ്ണമാണുള്ളത്. യു.പി സ്‌കൂളുകള്‍ 870, എല്‍.പി സ്‌കൂളുകള്‍ 2,597 സ്‌കൂളുകളുമുണ്ട്. എയ്ഡഡ് മേഖലയില്‍ 1,432 ഹൈസ്‌കൂളുകളും, 1,873 യു.പി സ്‌കൂളുകളും 3,911 എല്‍.പി സ്‌കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. അണ്‍ എയ്ഡഡ് മേഖലയില്‍ 460 ഹൈസ്‌കൂളുകളും 244 യു.പി സ്‌കൂളുകളും 346 എല്‍.പി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."