പൊലിസ് മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റതായി പരാതി
വടകര: ഓര്‍ക്കാട്ടേരിയില്‍ വാഹന പരിശോധനക്കിടെ വിദ്യാര്‍ഥിക്ക് പൊലിസിന്റെ വക പൊതിര തല്ല്. വടകര എം.എച്ച്.ഇ.എസ് കോളജ് വിദ്യാര്‍ഥി ഓര്‍ക്കാട്ടേരി കുന്നുമ്മക്കര വടക്കാട്ട് മുഹമ്മദ് നസീഫിനാണ് പൊലിസിന്റെ മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി ഒന്‍പത്മണിയോടെയായിരുന്നു സംഭവം.
ഓര്‍ക്കാട്ടേരി ടൗണില്‍ വച്ച് വാഹന പരിശോധനക്കിടെ പൊലിസ് കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്തിയില്ലെന്ന് പറഞ്ഞു മര്‍ദിക്കുകയായിരുന്നുവെന്ന് നസീഫ് പറഞ്ഞു. ചെവിക്ക് കൂട്ടി പല തവണ മര്‍ദിക്കുകയുണ്ടായി. നാല് പൊലിസുകാര്‍ ചുറ്റും നിന്ന് മുഖത്തടിക്കുകയായിരുന്നു. പരുക്കേറ്റ നസീഫിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓര്‍ക്കാട്ടേരി ടൗണിലുണ്ടായിരുന്ന പൊലിസ് സംഘം കൈകാണിച്ചിട്ടില്ലെന്ന് നസീഫ് പറഞ്ഞു. വലിയ വേഗതയിലായിരുന്നുമില്ല താന്‍ ബൈക്ക് ഓടിച്ചിരുന്നത്. ജീപ്പ് സ്റ്റാന്‍ഡ് റോഡിലേക്ക് തിരിയുകയായിരുന്ന തന്റെ ബൈക്ക് പിന്നില്‍ നിന്ന് പൊലിസുകാര്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇതിന് ശേഷമാണ് പൊലിസുകാര്‍ ചുറ്റും നിന്ന് മുഖത്തടിച്ചത്. അതേസമയം നസീഫിനെ മര്‍ദിച്ചിട്ടില്ലെന്നും ബൈക്കില്‍ നിന്ന് വീണതിന് തുടര്‍ന്നാണ് നസീഫിന് പരുക്ക് പറ്റിയതെന്നുമാണ് എടച്ചേരി പൊലിസ് പറയുന്നത്. പരുക്കേറ്റ നസീഫിനെ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ സന്ദര്‍ശിച്ചു. വടകര മണ്ഡലം എം.എസ്.എഫ് സംഭവത്തില്‍ പ്രതിഷേധിച്ചു. സംഭവത്തിന് ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റൂറല്‍ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കി. പരുക്കേറ്റ നസീഫിനെ പുത്തുര്‍ അസീസ്, ഒ.കെ കുഞ്ഞബദുല്ല, പി.പി ജാഫര്‍, ഷുഹൈബ് കുന്നത്ത്, കെ.കെ അമ്മത്, എം.കെ യൂസുഫ് ഹാജി, എം.പി ഷാജഹാന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."