വാടകയിനത്തില്‍ ബിവറേജസ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ വെട്ടിപ്പ്
തിരുവനന്തപുരം: ഔട്ട്‌ലെറ്റുകള്‍ക്കുള്ള വാടകയിനത്തില്‍ ബിവറേജസ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വന്‍ വെട്ടിപ്പ് നടത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
ദേശീയപാതയോരത്തെ ബാറുകളും മദ്യ വില്‍പനകേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ വന്‍ തട്ടിപ്പിന് ബിവറേജസ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുങ്ങിയത്. 177 ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടി വന്നതോടെ കോര്‍പ്പറേഷന് പകരം സ്ഥലം കണ്ടെത്തേണ്ടിവന്നു. അതാകട്ടെ അടിയന്തരമായ ആവശ്യവുമായിരുന്നു. മറ്റൊരിടത്തേക്ക് മാറ്റുന്നകാര്യത്തില്‍ അവിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിസന്ധി രൂപപ്പെട്ടു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പ്രാദേശികമായ ഇടപെടലുകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങുകയായിരുന്നു. ഇതാകട്ടെ വെട്ടിപ്പിന് വഴിയൊരുക്കുകയും ചെയ്തു.
പ്രധാന കേന്ദ്രങ്ങളില്‍ ദേശീയപാതയോരത്തുനിന്ന് ഔട്ട്‌ലെറ്റുകള്‍ അഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ മാറിയെങ്കിലും വാടകയില്‍ കുത്തനെയുള്ള കയറ്റമാണ് ഉണ്ടായത്. ഇത്തരത്തില്‍ അഞ്ചിരട്ടിവരെ വാടക വര്‍ധനയുണ്ടായ സ്ഥലങ്ങളുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഉയര്‍ന്ന തുക വാടക നല്‍കുമ്പോഴും വില്‍പന പകുതിയില്‍ താഴെയായി കുറഞ്ഞു. വാടക വെട്ടിപ്പു നടത്താനായി ഉദ്യോഗസ്ഥരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ഇടനിലക്കാരില്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വിരമിച്ച ഉദ്യോഗസ്ഥരും വരെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് ബിവറേജസ് കോര്‍പറേഷന്‍ എം.ഡിക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."