സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മലയാളി നാട്ടിലേയ്ക്ക് മടങ്ങി
ദമാം: ശമ്പളവും ഇഖാമയും കിട്ടാത്തതിനാല്‍ സ്‌പോണ്‍സറുമായി ഉടക്കി ജോലി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മോഷണക്കുറ്റം ചുമത്തി കുടുക്കാന്‍ ശ്രമിച്ച മലയാളി നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം ചവറ സ്വദേശിയായ അബ്ദുല്‍ കലാമാണ് സ്‌പോണ്‍സര്‍ സൃഷ്ടിച്ച നിയമകുരുക്കുകള്‍ മറികടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. 19 വര്‍ഷമായി പ്രവാസിയായ അബ്ദുല്‍ കലാമിനെ നാലു വര്‍ഷം മുന്‍പാണ് സ്‌പോണ്‍സര്‍ ഹുറൂബിലാക്കിയത്. പിന്നീട് നാല് വര്‍ഷം മുന്‍പത്തെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി മറ്റൊരു സഊദി പൗരന്റെ കീഴിലേക്ക് മാറിയതോടെയാണ് ദുരിതം ആരംഭിച്ചത്.
രണ്ടു ചെറിയ കടകളിലായി കലാം അടക്കം നാല് മലയാളികളാണ് പുതിയ സ്‌പോണ്‍സറിന്റെ കീഴില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാല് വര്‍ഷമായിട്ടും പുതിയ സ്‌പോണ്‍സര്‍ ആര്‍ക്കും ഇക്കാമ എടുത്തു കൊടുത്തില്ല എന്ന് മാത്രമല്ല, കഴിഞ്ഞ 16 മാസമായി ശമ്പളവും നല്‍കിയില്ല. പരാതി പറയുമ്പോഴെല്ലാം 'ഉടനെ ശരിയാക്കാം' എന്ന വാഗ്ദാനം മാത്രമായിരുന്നു സ്‌പോണ്‍സര്‍ നല്‍കിയത്. ഇഖാമയില്ലാത്തതിനാല്‍ ഈ കാലയളവില്‍ നാട്ടില്‍ പോകാനും നാലുപേര്‍ക്കും കഴിഞ്ഞില്ല.
ഒടുവില്‍ കലാമിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു പേരും അന്നത്തെ പൊതുമാപ്പ് ആനുകൂല്യത്തെ പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയി.
ഇതിനിടെ സാമൂഹ്യ പ്രവര്‍ത്തകരെ സഹായം അഭ്യര്‍ത്ഥിച്ചു കലാം സമീപിച്ച വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ക്ഷുഭിതനായി.ഇദ്ദേഹം നാല് മലയാളികളും കൂടി തന്റെ കടയില്‍ നിന്നും നാല് ലക്ഷത്തില്‍ അധികം തുക തട്ടിയെടുത്തതായി പോലീസില്‍ പരാതി നല്‍കുകയും, കേസില്‍ കലാമിനെ മുഖ്യപ്രതിയാക്കുകയും ചെയ്തു. ഇതോടെ അബ്ദുള്‍ കലാമിന് തര്‍ഹീല്‍ വഴി ഫൈനല്‍ എക്‌സിറ്റ് അടിയ്ക്കാന്‍ കഴിയാതെ വന്നു.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സ്‌പോണ്‍സറുടെ പരാതി കളവാണെന്ന് പോലീസ് മേലധികാരികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു. ഇവര്‍ ജോലി ചെയ്തിരുന്ന കടയുടെ ബില്ലുകളും രേഖകളും നേരിട്ട് പരിശോധിച്ച പോലീസ് പരാതി വ്യാജമാണെന്നു കണ്ടെത്തി കേസ് തള്ളുകയായിരുന്നു. തുടര്‍ന്നാണ് നാട്ടില്‍ പോകാനുള്ള അനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."