പഠനം ലളിതം മലയാളം
#എം. അപര്‍ണ
ഫോട്ടോ: നിധീഷ് കൃഷ്ണന്‍
'ഴ'യും 'യ'യും കുറച്ചൊന്നുമല്ല നമ്മള്‍ മലയാളികളെ വെള്ളം കുടിപ്പിച്ചിട്ടുള്ളത്. 51 അക്ഷരങ്ങള്‍ മനസിലാക്കിയെടുക്കാന്‍ നമ്മള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍! ഇപ്പോഴത്തെ കുട്ടികളോട് അതു വല്ലതും പറഞ്ഞിട്ടു കാര്യമുണ്ടോ? ഒരു കാര്യവുമില്ല. കാരണം മലയാളികള്‍ മലയാളത്തെ മറന്നുപോയിരിക്കുന്നു.
മലയാളം പറയുന്നതു മോശമാണെന്നാണ് ഇപ്പോഴെത്തെ പൊതുധാരണ. ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വ്യഗ്രതയില്‍ 'അമ്മ മലയാള'ത്തെ ബോധപൂര്‍വം കുഞ്ഞുങ്ങളില്‍നിന്ന് അകറ്റുന്നു. എന്നാല്‍ ശ്രേഷ്ഠമായ മലയാള ഭാഷയെ അങ്ങനെ മറന്നുകളയാന്‍ ഒരുക്കമല്ല കോഴിക്കോട് ഗേള്‍സ് വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. മലയാള ഭാഷയെ കുട്ടികള്‍ക്ക് അടുത്തറിയാനായി 'സാധ്യം പഠനം ലളിതം' എന്ന പേരില്‍ പരിഹാര ബോധന പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുകയാണ് ഇവിടെ. മലയാളമറിയാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് മലയാളത്തെ മനസിലാക്കി കൊടുക്കുക എന്നതാണു പദ്ധതികൊണ്ടു ലക്ഷ്യമിടുന്നത്. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗവും മാനിപുരം ഹീലിങ് ലൈറ്റ് സംഘവും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.
അസാധ്യമായിട്ടെന്തുണ്ട്?
മുതിര്‍ന്ന ക്ലാസിലെത്തിയിട്ടും അക്ഷരത്തെറ്റില്ലാതെ മലയാളമെഴുതാന്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും അറിയില്ല. പലര്‍ക്കും അക്ഷരങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ. സ്വന്തം മാതൃഭാഷ അറിയാത്തവന്‍ മറ്റുള്ളവര്‍ക്കു മണ്ടനാണ്. അങ്ങനെ മാറ്റിനിര്‍ത്തപ്പെട്ട കുട്ടികള്‍ പിന്നീട് എന്നും അതേ പേരിലാണ് അറിയപ്പെടുക. എന്നാല്‍ അവരുടെ യഥാര്‍ഥ പ്രശ്‌നമെന്തെന്നോ, അവര്‍ക്ക് അഭിരുചിയുള്ള മേഖല ഏതെന്നോ എന്നൊന്നും ആരും തിരക്കാറില്ല. പക്ഷേ 'സാധ്യം പഠനം ലളിത'ത്തില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നു. അവര്‍ക്കുവേണ്ട വിധത്തില്‍ പഠനകാര്യങ്ങളെ രൂപപ്പെടുത്തുന്നു. കുട്ടികളില്‍ പഠനഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല, മറിച്ച് ഭാരമാകാത്ത രീതിയില്‍ കളിയിലൂടെയും ചിന്തകളിലൂടെയും കാര്യങ്ങള്‍ പഠിപ്പിക്കുന്നു. സാധ്യം പഠനം ലളിതം പദ്ധതിക്കു തുടക്കം കുറിച്ചത് സ്‌കൂള്‍ പ്രിന്‍സിപ്പലായ എം. അബുവാണ്.
അഞ്ചാം തരത്തിലെ 60 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ 15 ദിവസമാണ് ക്ലാസ് നല്‍കുന്നത്. രാവിലെ ഒരു മണിക്കൂറും ഉച്ചയ്ക്കുശേഷം രണ്ടു മണിക്കൂറുമാണു വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കുന്നത്. രാവിലത്തെ ക്ലാസില്‍ ഒരോ വിദ്യാര്‍ഥികള്‍ക്കും പ്രത്യേകമായി ക്ലാസ് നല്‍കുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചാണു പരിശീലന ക്ലാസ് നല്‍കുന്നത്. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മൂന്നിടങ്ങളിലായിട്ടാണ് ക്ലാസ്. ഹീലിങ് ലൈറ്റിലെ 15 അംഗങ്ങളാണ് അവയ്ക്കു നേതൃത്വം നല്‍കുന്നത്.
പതിനഞ്ചു വര്‍ഷം നീണ്ട ഗവേഷണത്തിനുശേഷമാണ് ഇങ്ങനെയൊരു രീതി അബു മാഷ് ആവിഷ്‌ക്കരിച്ചത്. ചെറുപ്പത്തില്‍ മോശം കൈയക്ഷരത്തിന്റെ പേരില്‍ പലരില്‍നിന്നും പരിഹാസമേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് മാഷിന്. അപ്പോഴെല്ലാം സങ്കടങ്ങള്‍ ആരോടും പറയാതെ കണ്ണീരോടെ ഉള്ളിലൊതുക്കി. പക്ഷേ വീട്ടുകാരുടെ മികച്ച പിന്തുണകൊണ്ട് അവയെല്ലാം തരണം ചെയ്തു മുന്നോട്ടുപോയി. എന്നാല്‍ ചെറുപ്പത്തില്‍ താന്‍ അനുഭവിച്ച വേദന ഇപ്പോഴും പലകുട്ടികളും സഹിക്കുന്നുവെന്ന തിരിച്ചറിവില്‍നിന്നാണ് അദ്ദേഹം ഇത്തരമൊരു പദ്ധതിയെ കുറിച്ചു ചിന്തിച്ചത്. വീട്ടുകാരുടെ പിന്തുണയുണ്ടായാല്‍ ഈ അവസ്ഥയ്ക്കു മാറ്റംവരുമെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെയാണു പദ്ധതിയില്‍ രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തിയത്.
'കുട്ടിയെ കണ്ടെത്തല്‍'
ആദ്യ പടിയായി മലയാളത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുകയാണു ചെയ്യുക. തുടര്‍ന്ന് അവരുമായി മൂന്നു മണിക്കൂറോളം സംസാരിച്ച് യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു. പിന്നീട് അവരുടെ അഭിരുചി കണ്ടെത്തി അവയ്ക്ക് ഊന്നല്‍ നല്‍കുന്നു. കൊടുവള്ളി സ്‌കൂളില്‍ നടത്തി വിജയിച്ചശേഷമാണ് ഈ പഠനശൈലി അബു മാഷ് തന്റെ സ്‌കൂളിലേക്കും കൊണ്ടുവന്നത്. നിശ്ചയിച്ച പോലെ ക്ലാസ് ആരംഭിച്ചപ്പോള്‍ തന്നെ ഇവിടെയും പ്രകടമായ മാറ്റമുണ്ടായതായി മാഷ് പറയുന്നു. ഒരു കുട്ടിയും മടിയനല്ല. പക്ഷേ അവര്‍ക്കു താല്‍പര്യമുള്ള മേഖലകള്‍ വ്യത്യസ്തമായിരിക്കും. അവ കണ്ടെത്തുകയാണു ചെയ്യേണ്ടത്. 'കുട്ടിയല്ല പ്രശ്‌നം, കുട്ടിക്കാണു പ്രശ്‌നം'-ഇതാണ് അബു മാഷിന്റെ അധ്യാപന ഫിലോസഫി.
വെറും പഠിപ്പിക്കലില്‍നിന്നു വ്യത്യസ്തമായി വിദ്യാര്‍ഥികളെ കേള്‍ക്കാനും അംഗീകരിക്കാനും ഓരോ ഹീലിങ് ലൈറ്റ് അംഗങ്ങളും സമയം കണ്ടെത്തുന്നു. അക്ഷരങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ കുട്ടികളുടെ പ്രതികരണങ്ങളും ശ്രദ്ധിക്കുന്നു. ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നു. അങ്ങനെ മലയാളം തങ്ങളുടേതു കൂടിയാണെന്ന ബോധം അവരില്‍ സൃഷ്ടിക്കുന്നു. .
ക്ലാസ് തുടങ്ങി നാലു ദിവസങ്ങള്‍ കൊണ്ടുതന്ന കുട്ടികളില്‍ വ്യത്യാസം കണ്ടുതുടങ്ങിയെന്നു പരിശീലകന്‍ എന്‍.ടി ജാബിര്‍ പറയുന്നു. അക്ഷരങ്ങള്‍ തിരിച്ചറിയാനായി അവ വലിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യും. അതില്‍നിന്നു പരിശീലകന്റെ നിര്‍ദേശാനുസരണം വാക്കുകള്‍ കണ്ടെത്തുന്നു. സ്വയം അവരെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള വേദികൂടിയാണിത്. അവര്‍ പൂക്കളും പൂമ്പാറ്റകളും നിര്‍മിക്കുന്നു, ചിത്രം വരയ്ക്കുന്നു. ആ കഴിവിനെ തങ്ങള്‍ അഭിനന്ദിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവേശമാണ്. കൂടുതല്‍ ശ്രദ്ധയോടെ കാര്യത്തെ ഗ്രഹിക്കാന്‍ അവര്‍ ശ്രമിക്കുന്നു-മാഷ് പറയുന്നു.
സ്‌കൂളിലെ ക്ലാസിനുശേഷം രക്ഷിതാക്കള്‍ വീട്ടില്‍വച്ചും കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നുണ്ട്. കുട്ടികളെ വേണ്ട പോലെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ ശേഷം രക്ഷിതാക്കള്‍ക്ക് ഒരു ബുക്ക് നല്‍കുന്നു. വീട്ടില്‍വച്ചു കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളും അവര്‍ക്കു നല്‍കുന്ന അംഗീകാരവും മാര്‍ക്ക് ചെയ്യാനാണിത്. പിന്നീടതു പരിശീലകര്‍ വിലയിരുത്തലിനു വിധേയമാക്കുന്നു. ഓരോ ദിവസത്തെയും മാറ്റങ്ങള്‍ പരിശോധിച്ച് ആവശ്യമായവര്‍ക്കു കൂടുതല്‍ പരിഗണന നല്‍കുന്നു. വീട്ടിലെ പ്രശ്‌നം, നാട്ടിലെ പ്രശ്‌നം തുടങ്ങി കുട്ടികള്‍ക്കിടയിലുള്ള വിവിധ തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും അവ പരിഹരിക്കുകയും ചെയ്യുന്നു.
മാറ്റം സൃഷ്ടിച്ചെന്ന് വീട്ടമ്മമാര്‍
പണ്ട് മലയാളത്തെ ഭീതിയോടെ മാത്രം കണ്ടിരുന്ന കുട്ടിയായിരുന്നു ആയിഷ മിര്‍സാന. അക്ഷരങ്ങള്‍ തിരിച്ചറിയാനും പ്രയാസം. എന്നാല്‍ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസിനുശേഷം അവള്‍ക്കു നല്ല മാറ്റമുണ്ട്. അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അതു കാണുമ്പോള്‍ തന്നെ സമാധാനമാണ്. മറ്റു പാഠ്യേതര കാര്യങ്ങളിലും അവള്‍ കൂടുതല്‍ ഉത്സാഹിക്കുന്നുണ്ടെന്നും ആയിഷയുടെ ഉമ്മ ഇസ്ഹത്ത് പറയുന്നു. ആയിഷ മിര്‍ഫയുടെ ഉമ്മ മിയാദ അഷ്‌റഫിനും ഇതേ അഭിപ്രായമാണ്. 'മലയാളത്തോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. സ്വന്തമായി പത്രവും പുസ്തകങ്ങളും വായിക്കുന്നു. എല്ലാത്തിലും വളരെ ഉത്സാഹമാണിപ്പോള്‍', അവര്‍ പറയുന്നു.
അഞ്ച് എഫ് ഡിവിഷനിലെ ടീച്ചര്‍ ടി. നിഷാഅത്തിനും ക്ലാസിനെക്കുറിച്ചു നല്ല അഭിപ്രായമാണ്. മുന്‍പ് മലയാളത്തെക്കുറിച്ച് ഈ കുട്ടികള്‍ക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്നാലിപ്പോള്‍ കാര്യമായ മാറ്റമുണ്ട്. ക്ലാസിനു പോകാന്‍ ആര്‍ക്കും മടിയില്ല. എത്ര ലീവായാലും തിങ്കളും വ്യാഴവും അവര്‍ സ്‌കൂളിലെത്തും. ഇപ്പോ മറ്റു കുട്ടികളെപ്പോലെ തന്നെ പഠനത്തില്‍ ഈ കുട്ടികളെല്ലാം മുന്നിലാണ്.
പരിശീലനത്തിനുമുന്‍പും ശേഷവും വിദ്യാര്‍ഥികളുടെ മാറ്റങ്ങള്‍ വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ ക്ലാസിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. ഒന്ന് ശൈലി മാറ്റിപ്പിടിച്ചാല്‍ പഠനത്തിലെ പല പ്രശ്‌നങ്ങളും പരിഹരിക്കാമെന്നു പരിശീലകന്‍ ജാബിര്‍ പറയുന്നു. കുട്ടികള്‍ നമ്മോടു വിളിച്ചുപറയുന്നുണ്ട്, തങ്ങള്‍ക്ക് ഈ പഴകിപുളിച്ച ശൈലി വേണ്ടെന്ന്. പക്ഷേ നമ്മളതു മനസിലാക്കുന്നില്ല. പകരം നമ്മുടെ രീതി അവരില്‍ അടിച്ചേല്‍പ്പിക്കുകയാണു ചെയ്യുന്നത്. അവയ്ക്കാണു മാറ്റംവരേണ്ടത്. സ്വന്തം മാതൃഭാഷയുടെ അറിവില്ലായ്മയില്‍നിന്ന് അവരെ കരകയറ്റേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഭാഷയുടെ മഹത്വം അവര്‍ക്ക് അറിയിച്ചു ുകൊടുക്കേണ്ടത് നമ്മുടെ കടമയാണെന്നും ജാബിര്‍ പറയുന്നു.
മലയാളത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. നമ്മളില്‍നിന്ന് അകന്നുപോകുന്ന മലയാളത്തെ തിരിച്ചുകൊണ്ടുവരാന്‍ മുന്നിട്ടിറങ്ങേണ്ടതു നമ്മള്‍ തന്നെയാണ്. മറ്റിടങ്ങളിലെല്ലാം മാതൃഭാഷയ്ക്കു പ്രാധാന്യം നല്‍കുമ്പോള്‍ മലയാളികള്‍ മാതൃഭാഷയെ അവഗണിക്കുകയാണ്. മലയാളത്തെ സ്‌നേഹിക്കാന്‍, അറിയാന്‍, മലയാളത്തിന്റെ പുനരുജ്ജീവനത്തിനായി ഈ വിദ്യാര്‍ഥികള്‍ക്കൊപ്പം നമുക്കും കൈക്കോര്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."