ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച് രാജ്യം വിട്ടില്ലെങ്കില്‍ ആയിരം റിയാല്‍ പിഴയുമായി സഊദി
ജിദ്ദ: സഊദിയില്‍ ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ച് രാജ്യത്തു നിന്നു പുറത്തുകടന്നില്ലെങ്കില്‍ ആയിരം റിയാല്‍ പിഴ ഈടാക്കും. ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നവര്‍ വിസാ കാലാവധിയായ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് വ്യവസ്ഥ. ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് നശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ വിസ റദ്ദാക്കാനും പുതിയ ഫൈനല്‍ എക്‌സിറ്റ് ഇഷ്യൂ ചെയ്യുന്നതിനും ആയിരം റിയാല്‍ പിഴ ചുമത്തും ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ഫൈനല്‍ എക്‌സിറ്റ് വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം റീഎന്‍ട്രി വിസയില്‍ നാട്ടിലെത്തി കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചുപോയില്ലെങ്കില്‍ അത്തരം ആളുകള്‍ക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. വിസ കാലാവധി അവസാനിച്ചു രണ്ടു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ അത്തരം ആളുകളുടെ വിവരങ്ങള്‍ പാസ്‌പോര്‍ട് വിഭാഗം കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ രാജ്യത്തിന് പുറത്തുപോയി തിരിച്ചെത്തിയില്ല എന്ന രീതിയില്‍ സ്വമേധയാ തന്നെ മാറും.
അത്തരം ആളുകള്‍ക്ക് മൂന്നു വര്‍ഷത്തിന് ശേഷം നേരത്തെയുണ്ടായിരുന്ന സ്‌പോണ്‍സറുടെ കീഴില്‍ തന്നെ സഊദിയിലേക്ക് തിരിച്ചെത്താനാവും. ഒരിക്കല്‍ ഇഷ്യൂ ചെയ്ത റീഎന്‍ട്രി വിസയില്‍ പിന്നീട് മാറ്റം വരുത്താന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ റീഎന്‍ട്രി വിസ റദ്ദാക്കി ആവശ്യമായ ഫീ അടച്ചു പുതിയ വിസ ഇഷ്യൂ ചെയ്യാവുന്നതാണ്. താമസ രേഖ കാലാവധി അവസാനിച്ചു മൂന്നു ദിവസം വരെ പിഴയില്ലാതെ പുതുക്കാന്‍ സാധിക്കും. അതും കഴിഞ്ഞ ശേഷം പുതുക്കുമ്പോള്‍ ആദ്യ തവണ 500 ഉം രണ്ടാം തവണ 1000 റിയാല്‍ വീതവും പിഴ അടക്കേണ്ടിവരും. ഇത് മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ അത്തരക്കാരെ നാടുകടത്തുമെന്നും സഊദി ജവാസാത്ത് വ്യത്തങ്ങള്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."