ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചയച്ചു
തടഞ്ഞ മൂന്നുപേര്‍ അറസ്റ്റില്പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനികളായ രണ്ട് യുവതികളെ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചയച്ചു. ഇവരെ തടഞ്ഞ സംഘത്തിന് നേതൃത്വം നല്കിയ മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ആന്ധ്ര ഗച്ച് ഗോദാവരി സ്വദേശികളായ നവോജമ്മ (32), കൃപാവതി (42) എന്നിവരെയാണ് തടഞ്ഞത്. മരക്കൂട്ടത്തുവച്ചാണ് ഇവര്‍ക്കെതിരേ പ്രതിഷേധമുയര്‍ന്നത്. ആരുടെയും കണ്ണില്‍പ്പെടാതെ മലകയറാന്‍ തുടങ്ങിയ യുവതികളെ ദര്‍ശനം കഴിഞ്ഞെത്തിയ ഭക്തര്‍ തടയുകയായിരുന്നു. പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് പൊലിസ് ഇടപെട്ടത്. തുടര്‍ന്ന് കൃപാവതി തിരിച്ചിറങ്ങി. അതുകണ്ടപ്പോള്‍ നവോജമ്മയും തിരിച്ചിറങ്ങുകയായിരുന്നു.
15 പേരടങ്ങിയ സംഘത്തിനൊപ്പം ഇന്നലെ ഉച്ചയോടെയാണ് ഇരുവരും പമ്പയിലെത്തിയത്. അതേസമയം, പൊലിസ് ഇവരെ തടഞ്ഞില്ലെന്നും പരിശോധിച്ചില്ലെന്നും ആക്ഷേപമുണ്ട്. സി.സി.ടി.വി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും യുവതികള്‍ എങ്ങനെ മരക്കൂട്ടംവരെ എത്തിയെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. ഇതിന് പൊലിസിനും വ്യക്തമായ ഉത്തരമില്ല.
പൊലിസ് അറിഞ്ഞുകൊണ്ടാണിത് നടന്നതെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം, യുവതികളെ തടഞ്ഞത് സംബന്ധിച്ച് പ്രതികരിക്കാന്‍ തുടക്കത്തില്‍ പൊലിസ് തയാറായില്ലെന്നതും ആക്ഷേപത്തിന് കാരണമായി. ഇതേപ്പറ്റി അറിയില്ലെന്ന നിലപാടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ സ്വീകരിച്ചത്. കൃപാവതി സുരക്ഷ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിരുന്നുവെന്നാണ് പൊലിസ് പിന്നീട് പ്രതികരിച്ചത്. സുരക്ഷയൊരുക്കില്ലെന്നും പ്രതിഷേധമുണ്ടായാല്‍ തിരിച്ചിറങ്ങണമെന്നും പറഞ്ഞിരുന്നതായും പൊലിസ് പറഞ്ഞു. മരക്കൂട്ടത്തുവച്ച് തടഞ്ഞ യുവതികളെ പൊലിസ് കണ്ട്രോള് റൂമിലേക്ക് മാറ്റി. ഇവരെ തടഞ്ഞ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശികളായ സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയും ഒരു ആന്ധ്രാ സ്വദേശിയായ യുവതി ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പയില്‍ എത്തിയിരുന്നു. ഇവരെ പൊലിസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."