നിയന്ത്രണം വരുമാനത്തെ ബാധിക്കുന്നു; പൊലിസിനും വനംവകുപ്പിനുമെതിരേ ആഞ്ഞടിച്ച് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമല അവലോകന യോഗത്തില്‍ പൊലിസിനും വനംവകുപ്പിനുമെതിരേ ആഞ്ഞടിച്ച് ദേവസ്വം ബോര്‍ഡ്. പൊലിസ് നിയന്ത്രണം വരുമാനത്തെ ബാധിക്കുന്നുവെന്നും പായ്ക്കറ്റിലുള്ള ശീതള പാനീയങ്ങള്‍, പ്ലാസ്റ്റിക്ക് കവറിലെ ബിസ്‌കറ്റുകള്‍ എന്നിവ വില്‍ക്കുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ബോര്‍ഡ് പരാതിപ്പെട്ടു.
പൊലിസിന്റെ നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിക്കുന്ന അവസ്ഥയിലായിരിക്കുന്നു. ഡി.ജി.പി ഉറപ്പുനല്‍കിയിട്ടും നിയന്ത്രണം നീക്കാന്‍ വൈകുന്നതായും ബോര്‍ഡ് കുറ്റപ്പെടുത്തി. വാവര് നടയിലും മഹാകാണിക്കക്ക് മുന്നിലും ബാരിക്കേഡുകള്‍ ഉള്ളതിനാല്‍ വിശ്വാസികള്‍ക്ക് കാണിക്ക അര്‍പ്പിക്കുന്നതിന് തടസമുണ്ട്. അപ്പത്തിന്റെയും അരവണയുടെയും വിതരണം തടയുന്ന അവസ്ഥ ഉണ്ടാകരുത്.
ബാരിക്കേഡുകള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍, ഡിസംബര്‍ ആറ് കഴിയാതെ നിയന്ത്രണങ്ങള്‍ നീക്കാനാവില്ലെന്ന് പൊലിസ് മറുപടി നല്‍കി.
വനംവകുപ്പ് കഴിഞ്ഞ ദിവസം സന്നിധാനത്തെ കടകള്‍ക്ക് നോട്ടിസുകള്‍ നല്‍കിയിരുന്നു. പായ്ക്കറ്റിലെ ശീതള പാനീയങ്ങള്‍, പ്ലാസ്റ്റിക്ക് കവറിലെ ബിസ്‌കറ്റുകള്‍ എന്നിവ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. വലിയ പിഴയാണ് ഇതിന് ചുമത്തിയിരിക്കുന്നത്. ഇതില്‍ മാറ്റംവരുത്തണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് മുന്നോട്ടുവച്ചു. വ്യാപാരികള്‍ തന്നെ ഇത്തരം പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് നല്‍കുന്ന രീതി ആരംഭിക്കാമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ശബരിമലയില്‍ മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നത്. ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."