കുഞ്ഞീതു മുസ്‌ലിയാരുടെ വിയോഗത്തില്‍ തേങ്ങി കുറ്റാളൂര്‍
വേങ്ങര: നാലു പതിറ്റാണ്ട് ദീനീ വിജ്ഞാനം പകര്‍ന്നുനല്‍കിയ തറയില്‍ കുഞ്ഞീതു മുസ്‌ലിയാരുടെ വേര്‍പാടില്‍ തേങ്ങി ഊരകം കുറ്റാളൂര്‍. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും തന്മയത്വത്തോടെയും മര്‍ക്കസുല്‍ ഉലൂം മദ്‌റസയില്‍ മതവിദ്യാഭ്യാസം പകര്‍ന്നു നല്‍കിയത് തലമുറകള്‍ക്കാണ്.
പതിനേഴാം വയസില്‍ കുറ്റാളൂരിലെ മദ്‌റസയില്‍ ജോലിക്കെത്തിയ മുസ്‌ലിയാര്‍ 42 വര്‍ഷത്തെ സേവനത്തിലൂടെ നാടിന്റെ ഭാഗമായി മാറുകയായിരുന്നു. സ്വദേശമായ പൂക്കിപ്പറമ്പില്‍ നിന്നും ദിനേന നടന്നു വന്നായിരുന്നു ആദ്യകാലത്ത് മദ്‌റസയിലെത്തിയിരുന്നത്. മദ്‌റസ നടത്തിപ്പിലെ പ്രതിസന്ധികളെ തരണം ചെയ്തു നാട്ടുകാരുടെ സഹായത്തോടെ സ്ഥാപനം മുന്നോട്ടു നയിച്ച പ്രധാന വ്യക്തിയായിരുന്നു.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കുഞ്ഞീതു മുസ്‌ലിയാരുടെ മകനാണ് കുവൈറ്റ് ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി പുതുപ്പറമ്പ് മുഹമ്മദലി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി ജമലുലൈലി തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, പുത്തനയി മൊയ്തീന്‍ ഫൈസി എന്നിവര്‍ സന്ദര്‍ശിച്ചു.
മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് പുതുപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."