അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആദിവാസി സംഘടനകള്‍
തിരുവനന്തപുരം: ശബരിമലയിലെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനായി ആദിവാസി സംഘടനകള്‍ രംഗത്ത്.
ശബരിമല ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക, തന്ത്രികള്‍ പടിയിറങ്ങുക എന്ന മുദ്രാവാക്യമുയര്‍ത്തി ഈ മാസം 13 മുതല്‍ കേരളത്തിലെ വിവിധ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്ന് വില്ലുവണ്ടിയാത്രകള്‍ സംഘടിപ്പിക്കുമെന്ന് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13ന് രാവിലെ 11ന് വെങ്ങാനൂരിലെ അയ്യങ്കാളി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന വില്ലുവണ്ടിയാത്രകള്‍ 16ന് എരുമേലിയില്‍ സമാപിക്കും. വില്ലുവണ്ടിയാത്രകള്‍ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ ജാതി വിരുദ്ധ നവോത്ഥാന സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി രക്ഷാധികാരി സണ്ണി എം. കപിക്കാട്, ചെയര്‍മാന്‍ പ്രഭാകരന്‍ പങ്കെടുത്തു.
വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ സവര്‍ണമേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ആദിവാസി സംഗമം സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി ഇ.എ ശങ്കരനും പ്രസിഡന്റ് ഒ.ആര്‍ കേളു എം.എല്‍.എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
18ന് ഉച്ചയ്ക്ക് രണ്ടിന്, കേരളം പിന്നിട്ട വഴികളും വര്‍ത്തമാനകാലത്തെ ആദിവാസിയും എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."