എത്ര ദുര്‍ബലമാണ് ഈ അതിരുകള്‍
ഈ തലക്കെട്ട് കടമെടുത്തതാണ്.
കര്‍താര്‍പൂര്‍ ഇടനാഴിക്കു നാന്ദി കുറിക്കുന്ന അസുലഭ മുഹൂര്‍ത്തവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ തലക്കെട്ടാണത്.
ദേശാതിര്‍ത്തികളേക്കാള്‍ വലിയ മതില്‍ക്കെട്ടുകള്‍ മനസ്സില്‍ തീര്‍ക്കുന്ന ഇന്നത്തെ സമൂഹമനസ്സിന്റെ അജ്ഞതയെയും കുടിലതയെയും കുറിച്ചെഴുതുമ്പോള്‍ ഇതിനേക്കാള്‍ നല്ല തലക്കെട്ടു വേറെയില്ലെന്നു തിരിച്ചറിയുന്നു.
ആ പത്രവാര്‍ത്ത ഒരു പുനഃസമാഗമത്തെക്കുറിച്ചായിരുന്നു. എഴുപതുവര്‍ഷം മുമ്പു വേര്‍പിരിഞ്ഞ മൂന്നു സഹോദരങ്ങള്‍ വാര്‍ധക്യ കാലത്ത് ഒത്തുചേര്‍ന്നതിന്റെ വികാരവായ്പ്പുണര്‍ത്തുന്ന വാര്‍ത്ത.
പല കാരണങ്ങളാല്‍ വേര്‍പിരിയേണ്ടി വന്ന ഉടപ്പിറപ്പുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നുചേരുന്നതും അതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്നതും പില്‍ക്കാലജീവിതം വേര്‍പിരിയാതാക്കുന്നതുമായ സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. അതിനാല്‍ വേര്‍പാടിന്റെയും പുനഃസമാഗമത്തിന്റെയും കഥയില്‍ അത്ര കൗതുകവും പ്രാധാന്യവുമില്ല. വേര്‍പാടിന്റെ കാലം അറുപതോ എഴുപതോ എണ്‍പതോ എന്നതൊന്നും വലിയ കാര്യമല്ല.
ഇവിടെ ഈ പുനഃസമാഗമം സുപ്രധാനമാകുന്നത് വേര്‍പെട്ട സഹോദരങ്ങള്‍ക്കിടയില്‍ അവരുടെ അറിവോ സമ്മതമോ ചോദിക്കാതെ ആരൊക്കെയോ വരച്ച ഒരു അതിര്‍ത്തിരേഖയുടെ പേരിലാണ്. തദ്ദേശവാസികളറിയാതെ അവരെ തീര്‍ത്തും ഞെട്ടിച്ചുകൊണ്ടു പ്രഖ്യാപിച്ച ആ അതിരു സൃഷ്ടിച്ച കലാപത്തിലും പലായനത്തിലും സംഭവിച്ച ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും കാണാക്കാഴ്ചയെന്ന നിലയിലാണ് ഈ പുനഃസമാഗമം ശ്രദ്ധേയമാകുന്നത്.
പാകിസ്താനി മുസ്‌ലിംകളായ ഉല്‍ഫത്ത് ബീബിയും മയിരാജ് ബീബിയും അവരുടെ സഹോദരനും ഇന്ത്യന്‍ സിഖ് വംശജനായ ബിയാന്ത് സിങ്ങുമാണ് ദിവസങ്ങള്‍ക്കു മുമ്പ് പാകിസ്താനിലെ നന്‍കാന സാഹിബ് ഗുരുദ്വാരയില്‍ വച്ച് ഏഴുപതിറ്റാണ്ടിനുശേഷം കണ്ടുമുട്ടിയത്. ഇന്ത്യക്കും പാകിസ്താനുമിടയില്‍ വിഭജനകാലത്തു രൂപപ്പെട്ട അതിര്‍ത്തിയാണ് അവരെ ഇത്രയും കാലം അകറ്റി നിര്‍ത്തിയത്. ആ അതിര്‍ത്തിയാണ് ഈ തീവ്രമായ ഭ്രാതൃസ്‌നേഹത്തിനു മുന്നില്‍ ഇന്നു ദുര്‍ബലമായിരിക്കുന്നത്.
അവിഭക്ത ഭാരതത്തിലെ ബംഗാളിനെയും പഞ്ചാബിനെയുമാണല്ലോ ഇന്ത്യാവിഭജനം കടുത്ത മുറിവേല്‍പ്പിച്ചത്, അതില്‍ ഏറെ ആഴത്തിലുള്ള മുറിവ് പഞ്ചാബികള്‍ക്കായിരുന്നു. ബ്രിട്ടീഷുകാര്‍ കൈവിടുന്ന ഇന്ത്യ സാമുദായികമായി വിഭജിക്കപ്പെടാന്‍ പോകുകയാണെന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും അതു പഞ്ചാബിന്റെ കാര്‍ഷികസമ്പന്നമായ മണ്ണിനെ നെടുകെ പിളര്‍ത്തിയായിരിക്കുമെന്ന് അക്കാലത്തെ പഞ്ചാബി ജനത, പ്രത്യേകിച്ചു സിഖ് ജനത ചിന്തിച്ചിരുന്നതേയില്ല.
കാരണം, സിഖുകാരുടെ സുപ്രധാനമായ ആരാധനാലയങ്ങളെല്ലാം അവിഭക്ത പഞ്ചാബിന്റെ നാനാദിക്കിലുമായി ചിതറിക്കിടക്കുകയാണ്. അവയ്ക്കിടയിലൂടെ ആരോ വരയ്ക്കുന്ന അതിര്‍ത്തി അംഗീകരിക്കാന്‍ അവര്‍ക്കു കഴിയില്ലായിരുന്നു. കിഴക്കന്‍ പഞ്ചാബിലെ ഊഷരഭൂമി ഉഴുതുമറിച്ചു സിഖുകാരാണ് അവിടം പച്ചവിരിച്ച ഗോതമ്പുവയലുകളാക്കി മാറ്റിയത്. തങ്ങളുടെ വിയര്‍പ്പിന്റെ ഉപ്പുവീണ ആ വയലുകള്‍ കൈവെടിഞ്ഞു അറിയാത്ത ദിക്കിലേയ്ക്കു പലായനം ചെയ്യാന്‍ അവര്‍ക്കു കഴിയില്ലായിരുന്നു.
എന്നിട്ടും, രാഷ്ട്രീയക്കാര്‍ നെടുകെപ്പിളര്‍ത്തിയ ദേശങ്ങള്‍ക്ക് അപ്പുറത്തേയ്ക്കുമിപ്പുറത്തേയ്ക്കും ജീവനുംകൊണ്ടു പലായനം ചെയ്യാന്‍ പഞ്ചാബിലെയും ബംഗാളിലെയും ജനത നിര്‍ബന്ധിതരായി. ആ പലായനത്തിനിടയില്‍ കലാപത്തിലും അക്രമങ്ങളിലുമായി ലക്ഷക്കണക്കിനാളുകള്‍ മരിച്ചു, അനേക ലക്ഷത്തിനു പരിക്കേറ്റു. ഒട്ടേറെപ്പേരെ കാണാതായി. ജീവനും കൊണ്ടു കുതിച്ചോടുന്നതിനിടയില്‍ പലര്‍ക്കും ഉറ്റവരെയും ഉടയവരെയും എവിടെയൊക്കെയോ നഷ്ടപ്പെട്ടു. പതിനായിരങ്ങളെ അതിര്‍ത്തി തീണ്ടാപ്പാടകലേയ്ക്കു വേര്‍പെടുത്തിക്കളഞ്ഞു.
അങ്ങനെ വേര്‍പെട്ടതായിരുന്നു ബിയാന്ത് സിങ്ങിന്റെ കുടുംബം. മാതാവും സഹോദരികളും പാകിസ്താന്‍ മണ്ണില്‍, അവരെ വേര്‍പെട്ട ബിയാന്ത് സിങ് ഇന്ത്യന്‍ മണ്ണില്‍. ദീര്‍ഘകാലം മകനെവിടെയെന്നറിയാതെ മാതാവും സഹോദരനെവിടെയെന്നറിയാതെ സഹോദരിമാരും കണ്ണീര്‍ വാര്‍ത്തു. അതേ മാനസികാവസ്ഥയിലായിരുന്നു ബിയാന്തും.
വര്‍ഷങ്ങള്‍ക്കിടയില്‍ എവിടെയെന്നു തിരിച്ചറിഞ്ഞു. പക്ഷേ, പാക് വിസ കിട്ടാതെ മാതാവിനെയും സഹോദരിമാരെയും കാണാനാവാത്ത അവസ്ഥയിലായിരുന്നു ബിയാന്ത്. ഏഴു പതിറ്റാണ്ടായി പുനഃസമാഗമത്തിനായി ആ ഹൃദയങ്ങള്‍ തുടിക്കുകയായിരുന്നു. ആ കണ്ണീരിന്റെ ചൂട് അതിര്‍ത്തിനിയമങ്ങള്‍ സൃഷ്ടിച്ചവര്‍ക്ക് അറിയില്ലായിരുന്നു.
ഒടുവില്‍, കര്‍താര്‍പൂര്‍ ഇടനാഴിയുടെ പാകിസ്താന്‍ പ്രദേശത്തെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് അവിടെയെത്താന്‍ ബിയാന്തിന് അവസരം ലഭിച്ചു. നന്‍കാനാ സാഹിബ് ഗുരുദ്വാരയിലെ സഹോദങ്ങളുടെ ആ പുനഃസമാഗമത്തിനു സാക്ഷികളായവരുടെ കണ്ണുകള്‍ ഈറനണിഞ്ഞുവെന്നാണു പറയുന്നത്. അത്ര വികാരനിര്‍ഭരമായിരുന്നു ആ കൂടിച്ചേരല്‍.
ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കുമോ. തീര്‍ച്ചയായും അങ്ങനെ കരുതാന്‍ വയ്യ. ഓര്‍ക്കാപ്പുറത്ത് ആരോ ഉണ്ടാക്കിയ അതിര്‍ത്തിരേഖ രണ്ടു രാജ്യങ്ങളിലേയ്ക്ക്, രണ്ടു ശത്രുരാജ്യങ്ങളിലേയ്ക്കു വലിച്ചെറിഞ്ഞ അനേക ലക്ഷം ജനങ്ങളുണ്ട്. അവരില്‍ പലര്‍ക്കും അതിര്‍ത്തിക്കപ്പുറത്തു നഷ്ടപ്പെട്ടത് ബിയാന്ത് സിങ്ങിന്റെ കുടുംബത്തെപ്പോലെ ഉറ്റവരെയാകാം, മറ്റു പലര്‍ക്കും പ്രിയപ്പെട്ട ദേശങ്ങളും ആരാധനാലയങ്ങളും മറ്റുമാകാം. താന്‍ കളിച്ചുവളര്‍ന്ന ലാഹോറില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷമെത്തിയ എല്‍.കെ അദ്വാനിയും തന്റെ ജന്മദേശമായ ആഗ്രയുടെ മണ്ണില്‍ കാലുകുത്താന്‍ ഭാഗ്യം സിദ്ധിച്ച മുഷ്ഷറഫും വികാരാധിക്യം കൊണ്ടു വിതുമ്പിപ്പോയത് നമ്മള്‍ കണ്ടതാണ്.
മനുഷ്യഹൃദയങ്ങളുടെ അതിരില്ലായ്മക്കു മുന്നില്‍ രാജ്യാതിര്‍ത്തികള്‍ എത്ര ദുര്‍ബലമാണെന്നു വ്യക്തമാക്കുന്ന ഇതുപോലുള്ള എത്രയെത്ര വികാരനിര്‍ഭരമായ സംഭവങ്ങള്‍. കര്‍താര്‍പൂര്‍ ഇടനാഴി നിര്‍മിക്കാനുള്ള ഇന്ത്യയുടെയും പാകിസ്താന്റെയും തീരുമാനവും തുടര്‍നടപടികളും ദുര്‍ബലമായ ശത്രുതയുടെ അതിരുകള്‍ തകര്‍ക്കുന്നതിന്റെ ആദ്യപടിയായി മാറേണ്ടിയിരിക്കുന്നു.
ലോകത്തിലെ മുഴുവന്‍ സിഖുകാര്‍ക്കും ഏറെ ആരാധ്യമായ ആത്മീയകേന്ദ്രമാണ് കര്‍താര്‍പൂരിലെ ഗുരുദ്വാരാ ദര്‍ബാര്‍ സാഹിബ്. ആ ആരാധനാലയം നിലനില്‍ക്കുന്ന പ്രദേശത്തിരുന്നാണ് ഗുരു നാനാക്ക് സിഖ് മത തത്വങ്ങള്‍ അനുയായികളുടെ മനസ്സിലേയ്ക്കു പകര്‍ന്നത്. ആ മണ്ണിലാണ് ആ സിഖു മതസ്ഥാപകന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. 1539 ല്‍ ഗുരു നാനാക്കിന്റെ വിയോഗശേഷം സ്ഥാപിക്കപ്പെട്ടതാണ് ആ ആരാധനാലയം.
പക്ഷേ, 1947നു ശേഷം പാക്മണ്ണിലായ ആ ആരാധനാലയത്തിന്റെ ഗോപുരം മൂന്നു കിലോമീറ്റര്‍ അകലെനിന്നു കണ്ടു നിര്‍വൃതിയടയാനേ ഇന്ത്യയിലെ സിഖ് സമൂഹത്തിനു കഴിഞ്ഞിരുന്നുള്ളൂ. പാസ്‌പോര്‍ട്ടും വിസയുമില്ലാതെ തങ്ങള്‍ക്ക് ആ ആരാധനാലയത്തില്‍ പോയി ദര്‍ശനം നടത്തണമെന്ന സിഖ് സമൂഹത്തിന്റെ ജീവിതാഭിലാഷമാണു പൂവണിയാന്‍ പോകുന്നത്.
അതിര്‍ത്തിക്ക് ഇരുവശത്തെയും ശത്രുത ഇല്ലായ്മ ചെയ്യാനുള്ള തുടക്കമായി ഇതു മാറിയേ മതിയാകൂ.
മറ്റുള്ളവര്‍ എന്തു കരുതിയാലും ഒരു കാര്യം തുറന്നുപറയട്ടെ, ''പോയകാലത്തെ തെറ്റുകളെല്ലാം നമുക്കു മറക്കുകയും പൊറുക്കുകയും ചെയ്യാം. ഇനിയെങ്കിലും നമുക്കു ശത്രുക്കളല്ലാതെ ജീവിക്കാം.'' എന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ നെഞ്ചിലേറ്റാനാണ് എനിക്കേറെ ഇഷ്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."