രാജസ്ഥാനിലെ അതിര്‍ത്തി മേഖലയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നെന്ന് സൈന്യം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഇന്ത്യാ-പാക് അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ മുസ്‌ലിം ജനസംഖ്യയില്‍ അപ്രതീക്ഷിത വളര്‍ച്ചയുണ്ടാകുന്നതായി സൈന്യം. ഇതുസംബന്ധിച്ചു ബി.എസ്.എഫ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി.
ജെയ്‌സാല്‍മീറില്‍ അസ്വാഭാവികമായി മുസ്‌ലിം ജനസംഖ്യ പെരുകുകയാണെന്നു ബി.എസ്.എഫിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പ്രദേശത്തു തീവ്രവാദ സാന്നിധ്യമുണ്ടെന്നു പറയുന്ന റിപ്പോര്‍ട്ടില്‍, സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ പ്രദേശത്തുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.
ഇവിടെ മുസ്‌ലിം ജനസംഖ്യയില്‍ 22 മുതല്‍ 25 ശതമാനംവരെ വളര്‍ച്ചയുണ്ടായപ്പോള്‍ മറ്റു സമുദായങ്ങളുടെ ജനസംഖ്യാ വളര്‍ച്ച എട്ടു മുതല്‍ പത്തു ശതമാനം വരെ മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, മുസ്‌ലിംകളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ പാകിസ്താനോട് മൃദുസമീപനമോ കാണാനായിട്ടില്ലെന്നും മറ്റു സമുദായങ്ങളുമായി ഏതെങ്കിലും വിധത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
മേഖലയില്‍ ഹിന്ദു വലതുപക്ഷ സംഘടനകളുടെ സ്വാധീനവും അംഗങ്ങളും വര്‍ധിച്ചുവരികയാണെന്നും ഇതു മുസ്‌ലിംകളില്‍ ഭീതിക്കു കാരണമായിട്ടുണ്ടെന്നും പറയുന്നുണ്ട്. അതിര്‍ത്തിയിലെ ജനസംഖ്യാ വ്യത്യാസങ്ങള്‍ക്കു മതത്തിന്റെ നിറംനല്‍കുന്നതു മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നു. എന്തുകൊണ്ട് ഈ രീതിയിലുള്ള സര്‍വേകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു നടത്തുന്നില്ലെന്നും ഇത്തരത്തിലുള്ള നടപടി ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, റിപ്പോര്‍ട്ട് പതിവു നടപടികളുടെ ഭാഗം മാത്രമാണെന്നു ബി.എസ്.എഫ് ഡയരക്ടര്‍ ജനറല്‍ രജിനികാന്ത് മിശ്ര പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളിലെ ജനസംഖ്യാ, സാമ്പത്തിക വിവരങ്ങള്‍ സൈന്യം പതിവായി അവലോകനം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."