മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ കെട്ടുങ്ങല്‍ അഴിമുഖത്തെ കുളി:സന്ദര്‍ശക ബാഹുല്യം ഭീതി പരത്തുന്നു
പരപ്പനങ്ങാടി: കടലും പുഴയും ഒന്നിച്ച് ചേരുന്ന ഏറെ അപകടം നിറഞ്ഞ പരപ്പനങ്ങാടി കെട്ടുങ്ങല്‍ അഴിമുഖത്തെ സന്ദര്‍ശകരുടെ ബാഹുല്യം അധികൃതരേയും പ്രദേശത്തുകാരെയും ഭീതിയിലാക്കുന്നു. ഒഴിവുസമയങ്ങളിലും മറ്റും വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇവിടെ കുളിക്കാനെത്തുന്നത്.
അഴിമുഖഭാഗത്ത് സുരക്ഷാ ഭിത്തിയില്ലാത്തതും അടിയൊഴുക്ക് ശക്തമായതിനാലും അപകടത്തിന് വഴിവയ്ക്കുന്നു. ഇതറിയാതെ ചാടുന്നവരാണ് അപകടത്തില്‍പെടുന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. പരപ്പനങ്ങാടി മാപ്പൂട്ടില്‍ റോഡിലെ പരേതനായ പുത്തന്‍മാക്കാനാകത്ത് സെയ്താലിയുടെ മകനും പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ജാഫറലി(16)ആണ് മരണപ്പെട്ടത്.
കുളിക്കുന്നതിനിടയില്‍ ജാഫറലി ചുഴിയില്‍പെട്ടപ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ രക്ഷപ്പെടുത്താന്‍ അടുത്തപ്പോള്‍ രണ്ട് പേരും ചുഴിയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരില്‍ ഒരാള്‍ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജാഫറലിയെ രക്ഷിക്കാനായില്ല. അപകടം നടന്നയുടനെ തന്നെ താനൂര്‍-പരപ്പനങ്ങാടി പ്രദേശത്തെ നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ വലകളും തോണികളും ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും മൂന്നു മണിക്കൂറിന് ശേഷം ജാഫറലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതിനു മുമ്പും പല അപകടങ്ങളും മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."