മിന്നലാക്രമണത്തെ ചൊല്ലി രാഹുലിന്റെ 'മിന്നലാക്രമണം'
ഉദയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2016ല്‍ പാകിസ്താനെതിരേ സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉദയ്പൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മിന്നലാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമ്പോള്‍, രാജ്യത്തു വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കാര്യത്തില്‍ യുവാക്കളെ വഞ്ചിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ കിട്ടാക്കടം രണ്ടു ലക്ഷം കോടിയായിരുന്നു. എന്നാല്‍, മോദിയുടെ ഭരണത്തില്‍ ഇത് 12 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ഇരുപതോളം വന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളിയപ്പോള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മോദി മാറിനില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
2016 സെപ്റ്റംബര്‍ 29നാണ് അതിര്‍ത്തികടന്ന് ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര താവളങ്ങള്‍ക്കുനേരെ മിന്നലാക്രമണം നടത്തിയത്. എന്നാല്‍, മോദി ഭരണത്തില്‍ നടന്നതിനു മുന്‍പ് യു.പി.എ സര്‍ക്കാരിന്റെ കാലത്തു മൂന്നു തവണയാണ് പാക് ഭീകരര്‍ക്കെതിരേ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നത്. സൈന്യത്തിന്റെ അധികാര പരിധിയിലേക്കു കടന്ന മോദി അവരുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ആദ്യമായി മോദി മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചത്.
നോട്ട് നിരോധനവും ജി.എസ്.ടിയും വലിയ അഴിമതിയാണുണ്ടാക്കിയത്. വന്‍കിട കമ്പനികള്‍ക്കു രാജ്യത്തേക്കു കുറുക്കുവഴിയിലൂടെ കടന്നുവരാനുള്ള വാതില്‍ തുറന്നുകിട്ടിയപ്പോള്‍ തകര്‍ന്നതു രാജ്യത്തെ സാധാരണക്കാരുടെ നട്ടെല്ലാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."