അലാസ്‌കയില്‍ വന്‍ ഭൂകമ്പം; ആളപായമില്ല
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌കയെ പിടിച്ചുകുലുക്കി വന്‍ ഭൂകമ്പവും തുടര്‍ചലനങ്ങളും. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ അങ്കൊറേജിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതിനു പിറകെ നിരവധി തവണ തുടര്‍ചലനങ്ങളുമുണ്ടായി.
മൂന്നു ലക്ഷത്തോളം പേര്‍ തിങ്ങിത്താമസിക്കുന്ന നഗരപ്രദേശംകൂടിയാണ് അങ്കൊറേജ്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.30നാണ് ആദ്യം നഗരത്തിന്റെ വടക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ 7.0 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം തന്നെയുണ്ടായി. പിറകെ നാല്‍പതോളം തവണ തുടര്‍ചലനങ്ങളുണ്ടായതായി പ്രാദേശികവൃത്തങ്ങള്‍ അറിയിച്ചു. 40.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
സംഭവത്തെ തുടര്‍ന്നു തീരപ്രദേശങ്ങളായ കുക്ക് ഇന്‍ലെറ്റിലും ദക്ഷിണ കെനായ് ദ്വീപിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു പിന്നീട് പിന്‍വലിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."