HOME
DETAILS
MAL
കനകമല ക്യാംപ് കേസ്: ആറു പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു
backup
November 26 2019 | 04:11 AM
കൊച്ചി: കനകമല ക്യാംപ് കേസില്‍ ആറു പേര്‍ കുറ്റക്കാര്‍. ഒരാളെ വെറുതെ വിട്ടു. ഒന്നാം പ്രതി തലശേരി ചൊക്ലി മദീന മഹലില്‍ മന്‍സീദ്(33), രണ്ടാം പ്രതി തൃശൂര്‍ ചേലാട് അമ്പലത്ത് വീട്ടില്‍ സ്വാലിഹ് മുഹമ്മദ്(29), മൂന്നാം പ്രതി കോയമ്പത്തൂര്‍ കോട്ടൈപുത്തൂര്‍ സ്വദേശി റാഷിദ് അലി(27), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്കീലന്‍കണ്ടി വീട്ടില്‍ എന്‍.കെ റംഷാദ്(27), അഞ്ചാം പ്രതി മലപ്പുറം തിരൂര്‍ പൂക്കാട്ടില്‍ വീട്ടില്‍ സഫ്‌വാന്‍(33), എട്ടാം പ്രതി കാസര്‍കോട് കാഞ്ഞങ്ങാട് കുന്നുമ്മല്‍ വീട്ടില്‍ മെയ്‌നുദീന്‍ പാറക്കടവത്ത് (27) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
ആറാം പ്രതി കുറ്റ്യാടി നങ്ങീലാങ്കണ്ടി വീട്ടില്‍ ജാസിം എന്‍.കെയെ കുറ്റവിമുക്തനാക്കി. ഏഴാം പ്രതി സജീര്‍ ഭീകര പ്രവര്‍ത്തനത്തിനിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഒന്‍പതാം പ്രതി സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരേ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും ഭീകരസംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു.
നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഡാലോചന നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്. നാലും എട്ടും പ്രതികള്‍ക്കെതിരേയുള്ള ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര പ്രവര്‍ത്തനത്തിനു ആളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റം തെളിയിക്കാനാവാത്തതിനാല്‍ ഈ വകുപ്പുകളില്‍ കുറ്റവിമുക്തരാക്കി. അഞ്ചാം പ്രതിക്കെതിരേ ധനം സമാഹരിച്ചുവെന്ന കുറ്റം തെളിയിക്കാനാവാത്തതിനാല്‍ ഈ വകുപ്പില്‍ കുറ്റവിമുക്തരാക്കി.
കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യു.എ.പി.എ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായില്ല. 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാണ് കേസ്. എന്‍.ഐ.എ 70 സാക്ഷികളെ വിസ്തരിച്ചു. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി ഐ പി കൃഷ്ണകുമാറാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."