അധികം ഉപ്പ് സൂക്ഷിക്കണം
#ഷാക്കിര്‍ തോട്ടിക്കല്‍
ഉപ്പ് ചേര്‍ത്താല്‍ മാത്രമേ കറികള്‍ക്ക് സ്വാദുണ്ടാവൂ. അല്‍പം കൂടിയാലോ സ്വാദ് നഷ്ടപ്പെടും. കറികളില്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത് ആഹാരം രുചികരമാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, തൊട്ടതിനൊക്കെ ഉപ്പ് കൂട്ടുന്നത്, പച്ചവെള്ളത്തില്‍, നാരാങ്ങാവെള്ളത്തില്‍, സംഭാരത്തില്‍, തൈരുകൂട്ടുമ്പോള്‍, നെയ്യ് കൂട്ടുമ്പോള്‍, കഞ്ഞി കുടിക്കുമ്പോള്‍ അനാരോഗ്യകരമായ ഒരു ദുശ്ശീലമാണത്.
പല ഉപാധികളില്‍ കൂടി നിത്യേന അകത്താക്കുന്ന ഉപ്പ് കഴിയുന്നതും വിസര്‍ജിച്ചു കളയാന്‍ സദാസമയവും കിഡ്‌നി പ്രയത്‌നിച്ചു കൊണ്ടാണിരിക്കുന്നത്. എന്നാല്‍ തന്നെയും അതതു ദിവസം കഴിക്കുന്ന ഉപ്പു മുഴുവനും പുറത്തു കളയാന്‍ അതിന് കഴിവില്ല. പരമാവധി അഞ്ച് ഗ്രാം ഉപ്പ് ഒരു ദിവസം വിയര്‍പ്പില്‍ കൂടിയും മൂത്രത്തില്‍ കൂടിയും പുറത്തുപോയെന്നു വരാം. അവശേഷിക്കുന്നത് രക്തത്തില്‍ കലര്‍ന്ന് ശരീരം മുഴുവനും വ്യാപിക്കുന്നു. ക്രമത്തിലധികം ഉപ്പു കൂട്ടുന്നവരുടെ കിഡ്‌നികള്‍ക്ക് അധ്വാനഭാരം വര്‍ധിക്കുകയും തന്മൂലം ക്രമേണ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ദ്യം സംഭവിക്കുന്നു.
കരയില്‍ ജീവിക്കുന്ന ജീവികളില്‍ മനുഷ്യര്‍ മാത്രമാണ് പതിവായി ഉപ്പ് ഉപയോഗിക്കുന്നത്. ചില ജന്തുക്കള്‍ക്ക് ഉപ്പ് വളരെ പ്രിയമാണ്. പക്ഷേ, അത് കിട്ടാനുള്ള സൗകര്യം അവയ്ക്കില്ല. എങ്കിലും അവയുടെ രക്തത്തില്‍ വേണ്ടത്ര ലവണരസം നിലനിന്നു പോരുന്നതായി കാണുന്നുണ്ട്. സസ്യങ്ങളിലും ഇലകളിലും ഫലമൂലാദികളിലും ലവണരസം (ഉപ്പ്) അടങ്ങിയിരിക്കുന്നു. പ്രകൃതി നേരിട്ടു നല്‍കുന്ന ഈ ലവണമാണ് ശരീരത്തിനാവശ്യം.
ഉപ്പില്ലാതെ ആഹാരം കഴിക്കാന്‍ സാധിക്കാത്ത ഒരവസ്ഥയിലാണ് നാം. നിവൃത്തിയുള്ളിടത്തോളം അതിന്റെ ആവശ്യം കുറയ്ക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
നമ്മുടെ ശരീരത്തിന് ലവണരസം ആവശ്യമാണ്. ഒരാളുടെ ശരീരത്തില്‍ ഏകദേശം 200 ഗ്രാം ലവണം ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്. ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഒരു ഘടകം ലവണമാണ്. പൊട്ടാസ്യത്തിന്റെ ചേരുവയുള്ള ലവണമാണ് ശരീരത്തിലെ രാസപ്രക്രിയകള്‍ നടത്തുന്നതും നിയന്ത്രിക്കുന്നതും. ആഹാരപദാര്‍ഥങ്ങളിലുണ്ടായേക്കാവുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കാനും വിസര്‍ജിക്കാനും ഈ ലവണരസം സഹായിക്കുന്നു.
രണ്ടോ മൂന്നോ ഗ്രാം ഉപ്പ് ഒരു ദിവസം ഒരാളുടെ ഉള്ളില്‍ ചെന്നതുകൊണ്ട് ദോഷമൊന്നും വരാനില്ല. കിഡ്‌നികള്‍ അത്രയും ഉപ്പ് വേണ്ടവിധം കൈകാര്യം ചെയ്യും. മലയാളികള്‍ പൊതുവെ ഉപ്പ് ധാരാളികളാണ്.
വെറും പച്ചവെള്ളത്തില്‍ പോലും ഉപ്പിട്ട് കഴിക്കുന്നത് ചിലരുടെ സ്വഭാവമാണ്. തെറ്റായ അറിവാണ് ഇതിനെല്ലാം അവരെ പ്രേരിപ്പിക്കുന്നത്. അമിതമായി ചെലുത്തിയ ഉപ്പ് പുറത്തുകളയാനുള്ള കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സഹായിക്കാനുള്ള ശരീരത്തിന്റെ അടിയന്തരമായ അപേക്ഷയാണ് ദാഹം.
എത്രവെള്ളം കുടിച്ചാലും തിന്ന ഉപ്പു മുഴുവനും പുറത്തേക്ക് പോയെന്നുവരില്ല. ബാക്കിയുള്ളത് ശരീരത്തില്‍ പരക്കെ വ്യാപിച്ചു കിടക്കും. ഒരു പരിധി കഴിഞ്ഞാല്‍ അതെല്ലാം ഒരേതരം വിഷമായിത്തീരുന്നതാണ്. രക്തസമ്മര്‍ദ്ദത്തിന് പല കാരണങ്ങളുണ്ടെങ്കിലും അധികമാരും ഗൗനിക്കാത്ത ഒരു പ്രധാന കാരണം ഉപ്പ് ആണ്. നട്ടെല്ലുകളുടെ വിടവുകളില്‍ ഉപ്പിന്റെ അംശങ്ങള്‍ പറ്റിച്ചേര്‍ന്ന് ഉറഞ്ഞുകൂടി നടുവേദന ഉണ്ടാകുന്നുണ്ട്.
ഉപ്പ് നിേശഷം ഉപേക്ഷിച്ചാല്‍ എത്ര വണ്ണമുള്ളവരുടേയും വണ്ണം ആറ് മാസം കൊണ്ട് അപ്രത്യക്ഷമാകുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. അതോടൊപ്പം മധുര പദാര്‍ഥങ്ങള്‍ വര്‍ജിക്കുകയും ക്രമത്തിന് വേവിച്ചതും വേവിക്കാത്തതുമായ പച്ചക്കറികള്‍ സുലഭമായി ഭക്ഷിക്കുകയും വേണം. ഇങ്ങനെ കുറച്ചുകാലം പിടിച്ചു നില്‍ക്കാന്‍ സാധിച്ചാല്‍ വണ്ണം കുറയുകയും പല രോഗങ്ങളും പരിപൂര്‍ണമായും ശമിക്കുന്നതുമാണ്.
ശ്വാസക്കുഴലുകളുടെ ഉള്‍ഭാഗത്തുള്ള മൃദുലമായ ചര്‍മ്മത്തിന് ഉപ്പിന്റെ സാന്നിധ്യം അരോചകമാണ്. ധാരാളമായി ഉപ്പ് കൂട്ടുന്നവര്‍ക്ക് തുമ്മല്‍, മൂക്കടപ്പ്, ജലദോഷം, രുചിക്കുറവ് മുതലായവ ഉണ്ടാകുന്നു. അമിതമായി ഉപ്പ് കൂട്ടുന്ന സ്ത്രീപുരുഷന്മാരുടെ ലൈംഗികജീവിതത്തില്‍ ചില വൈകല്യങ്ങളുണ്ടാകാനിടയുണ്ടെന്നും ചില ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രസ്താവിക്കുന്നുണ്ട്. പാല്‍പ്പൊടിയിലും ബേബിഫുഡിലും സോഡിയത്തിന്റെ അംശം അധികമുള്ളതുകൊണ്ട് അവയുടെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."